05 December, 2017 08:09:49 PM


ഏറ്റുമാനൂരില്‍ അയ്യപ്പന്‍മാരുടെ വാഹനവും ബൈക്കുകളും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു




ഏറ്റുമാനൂര്‍: എം.സി.റോഡില്‍ തവളക്കുഴിയ്ക്കും പട്ടിത്താനത്തിനും മധ്യേ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് ബൈക്കുകളില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഏറ്റുമാനൂര്‍ പട്ടിത്താനത്തിന് സമീപം അതിരമ്പുഴ കാട്ടാത്തി മൂലക്കാട്ട് ജോര്‍ജിന്‍റെ മകന്‍ ടോണി എന്ന എമില്‍ (19) ആണ് മരിച്ചത്. മറ്റൊരു ബൈക്കില്‍ യാത്ര ചെയ്തിരുന്ന പട്ടിത്താനം പുത്തന്‍പുരയ്ക്കല്‍ മാത്യു വര്‍ഗീസിന്‍റെ മകന്‍ രാജേഷിനെ (44) തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 



ചൊവ്വാഴ്ച വൈകിട്ട് അഞ്ചര മണിയോടെ കൊടുവത്താനം പള്ളിയിലേയ്ക്ക് തിരിയുന്ന ഭാഗത്തായിരുന്നു അപകടം. ഏറ്റുമാനൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു മിനി ബസ്. പട്ടിത്താനം ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്കുകള്‍. എമില്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പെട്ട അടുത്ത ബൈക്കില്‍ തട്ടിയ ശേഷം ബസില്‍ ഇടിക്കുകയായിരുന്നുവത്രേ. അടിയില്‍ കുടുങ്ങിയ എമിലിനെയും കൊണ്ട് ബൈക്ക് സഹിതം അമ്പത് മീറ്ററോളം ഓടിയ ശേഷമാണ് ബസ് നിന്നത്.


ഇടിയുടെ ആഘാതത്തില്‍ മുന്‍വശം തകര്‍ന്ന മിനി ബസിന്‍റെ ചില്ലുകള്‍ ഇത്രയും ദൂരം തന്നെ റോഡില്‍ ചിതറി കിടന്നത് കോട്ടയത്തുനിന്നും എത്തിയ ഫയര്‍ഫോഴ്സ് സംഘം കഴുകികളയുകയായിരുന്നു. ഏറ്റുമാനൂര്‍ പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പട്ടിത്താനം കവലയിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ജോര്‍ജിന്‍റെയും ഏറ്റുമാനൂര്‍ എല്‍ഐസി ഓഫീസിലെ ജീവനക്കാരിയായ ജാന്‍സിയുടെയും ഏകമകനാണ് മരണമടഞ്ഞ എമില്‍.  എമിലിന്‍റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.


Share this News Now:
  • Google+
Like(s): 3382