05 December, 2017 02:09:11 PM


ഓഖിക്ക് പിന്നാലെ 'സാഗര്‍' ? ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായേക്കാം



തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഓഖിക്ക് പിന്നാലെ  മറ്റൊരു ചുഴലിക്കാറ്റിന്‍റെ രൂപത്തിലേക്കെത്തിയേക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ തീരത്ത് നിന്നും ഏതാണ്ട് ആയിരം കിലോമീറ്റര്‍ മാറി ആന്‍റമാനിന് സമീപം ന്യൂനമര്‍ദ്ദം രൂപം കൊണ്ടിട്ടുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടെ രൂപം കൊണ്ട ന്യൂനമര്‍ദ്ദം  ചുഴലിക്കാറ്റായാൽ അത് തമിഴ്നാട്, ആന്ധ്ര തീരങ്ങളിലേക്ക് എത്തുമെന്നാണ് സൂചിപ്പിക്കുന്നത്.


എന്നാല്‍ ഇപ്പോൾ രൂപം കൊണ്ട ന്യൂനമർദ്ദം ഡിപ്രഷന്‍, ഹൈ ഡിപ്രഷന്‍ എന്നിങ്ങനെ രണ്ട് അവസ്ഥകൾക്ക് ശേഷമാണ് ചുഴലിക്കാറ്റായി മാറുക. ഈ രണ്ട്  ഘട്ടങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ ചുഴലിക്കാറ്റിന്‍റെ വ്യാപ്തി എന്താണെന്ന് നിര്‍ണയിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണകേന്ദ്രം കൈരളി ന്യൂസിനോട് പറഞ്ഞു. ഈ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായാല്‍ സാഗര്‍ എന്നായിരിക്കും പേര് നല്‍കുകയെന്നാണ്  സൂചന. എന്നാൽ ചുഴലിക്കാറ്റ് രൂപം പ്രാപിച്ച ശേഷമേ പേര് നിര്‍ദ്ദേശിക്കുകയുള്ളൂവെന്നും ഇപ്പോള്‍ പ്രചരിക്കുന്ന സാഗര്‍ എന്ന പേര് ആലോചനയിൽ മാത്രമാണുള്ളതെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു.


ഇതിനിടെ, വന്‍ ഭൂകമ്പം ഉണ്ടാകുമെന്ന തരത്തില്‍ സ്വകാര്യ ചാനലുകളിലും നവമധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്നും ഭൂകമ്പം മുൻകൂട്ടി പ്രവചിക്കാന്‍ സാധ്യമല്ലെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിലെ ഉദ്യാഗസ്ഥര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.


കടല്‍ക്ഷോഭത്തിന്‍റെയും ചുഴലിക്കാറ്റിന്‍റെയും പശ്ചാത്തലത്തില്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  കടലില്‍ പോയ മത്സ്യതൊഴിലാളികളോട് തിരിച്ചു വരാന്‍ രണ്ട് ദിവസം മുമ്പ് തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ന്യൂനമര്‍ദ്ദത്തിന്‍റെ ഫലമായി തമിഴ് നാട്, ആന്ധ്ര മേഖലയില്‍ കനത്ത മഴയായിരിക്കും എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.



Share this News Now:
  • Google+
Like(s): 137