04 December, 2017 08:52:15 PM


ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ പദവി: തുലാസിലാടി ബ്ലോക്ക് - ഗ്രാമ പഞ്ചായത്തുകളും




ഏറ്റുമാനൂര്‍: നഗരസഭാ ചെയര്‍മാന്‍ ജയിംസ് തോമസ് രാജി സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ നിന്നും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി പിന്മാറി. കുതിരക്കച്ചവടം നടത്തി കൈപിടിയില്‍ ഒതുക്കിയിരുന്ന നഗരസഭാ ഭരണം കൈവിട്ടുപോകുമെന്ന സ്ഥിതി സംജാതമായപ്പോഴാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊള്ളുവാനുള്ള നടപടികള്‍ ഡിസിസി പ്രസിഡന്‍റിന്‍റെ തലയില്‍ വെച്ചുകൊണ്ട് ബ്ലോക്ക് പ്രസിഡന്‍റ് കൈയൊഴിഞ്ഞത്. മാത്രമല്ല കേരളാ കോണ്‍ഗ്രസിനെ പിണക്കി നഗരസഭാ ഭരണം നിലനിര്‍ത്താനുള്ള നീക്കം നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലും ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലും പ്രതികൂലമായി ഭവിക്കും എന്നും കോണ്‍ഗ്രസ് പ്രാദേശികസമിതികള്‍ വിലയിരുത്തുന്നു.


ജയിംസ് തോമസ് മാറി മുന്‍ധാരണയനുസരിച്ച് അടുത്ത ഒരു വര്‍ഷം തങ്ങള്‍ക്ക് ചെയര്‍മാന്‍പദവി നല്‍കണമെന്ന ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുകയാണ് കേരളാ കോണ്‍ഗ്രസ്. ജയിംസ് അധികാരത്തിലേറാന്‍ സഹായിച്ച നാല് സ്വതന്ത്രരും ഇതേ ആവശ്യവുമായി രംഗത്തുണ്ട്. സ്വതന്ത്രര്‍ക്ക് അനുകൂലതീരുമാനമെടുത്താല്‍ കേരളാ കോണ്‍ഗ്രസ് എല്‍ഡിഎഫുമായി ധാരണയുണ്ടാക്കി ഭരണം പിടിച്ചെടുക്കും. ഇത് ഇപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിലും നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലും ഭരണം വിട്ടുപോകാനും കളമൊരുക്കും. ഇരു സ്ഥലത്തും ഒരു കേരളാ കോണ്‍ഗ്രസ് അംഗത്തിന്‍റെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുന്നത്. കേരളാ കോണ്‍ഗ്രസ് കാല് മാറ്റി ചവിട്ടിയാല്‍ ഇരുസ്ഥലത്തും എല്‍ഡിഎഫിന് അനുകൂലതരംഗം സൃഷ്ടിക്കപ്പെടും. ഇത്തരമൊരു സാഹചര്യം ഉണ്ടാകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണത്രേ ഇനിയുള്ള കളികള്‍ ഡിസിസിയ്ക്ക് വിട്ടുകൊണ്ട് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് കെ.ജി.ഹരിദാസ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.  


ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍റെ ഭരണനടപടികളില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് കൂടിയായ കൗണ്‍സിലര്‍ ടോമി പുളിമാന്‍തുണ്ടത്തിനും മറ്റും ഉണ്ടായ അതൃപ്തിയും കഴിഞ്ഞയിടെ രൂക്ഷമായിരുന്നു. ഇതിനിടെയാണ് പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും ജയിംസ് രാജിവെയ്ക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ കോണ്‍ഗ്രസിലെ എതിര്‍ഗ്രൂപ്പില്‍ പെട്ട ബിജു കൂമ്പിക്കന്‍ ഡിസിസിയെ സമീപിച്ചത്. ഇതിനു പിന്നാലെയാണ് താന്‍ രാജി വെയ്ക്കാന്‍ ഒരുക്കമാണെന്ന് ചെയര്‍മാന്‍ ഡിസിസിയെ അറിയിച്ചത്. താന്‍ രാജി വെച്ചാല്‍ ഭരണം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും അതുകൊണ്ട് തന്നോട് തന്നെ തുടരാന്‍ പാര്‍ട്ടി പറയുമെന്ന് മുന്‍കൂട്ടി കണക്കാക്കിയുമാണ് ഇങ്ങനെയൊരു നാടകത്തിന് ചെയര്‍മാന്‍ മുതിര്‍ന്നതെന്ന് പാര്‍ട്ടി അംഗങ്ങള്‍തന്നെ പറയുന്നു. അല്ലെങ്കില്‍ തങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തി ചെയര്‍മാന്‍ രാജികത്ത് നല്‍കുമായിരുന്നുവല്ലോ എന്നും ഇവര്‍ ചൂണ്ടികാട്ടുന്നു.



Share this News Now:
  • Google+
Like(s): 238