04 December, 2017 11:13:40 AM


ഏഴു വയസുകാരിയെ കൊന്ന് ജയിലിലായ യുവാവ് അമ്മയെ വധിച്ച് 25 പവനുമായി കടന്നു



ചെന്നൈ: ഏഴു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ ഐ.ടി ജീവനക്കാരന്‍ അമ്മയെ കൊലപ്പെടുത്തി 25 പവനുമായി കടന്നുകളഞ്ഞു. 23 കാരനായ എസ്.ദഷ്വന്ത് ആണ് 45 കാരിയായ അമ്മ സരളയെ കൊലപ്പെടുത്തിയശേഷം കടന്നുകളഞ്ഞത്.


സരളയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ ഭര്‍ത്താവ് ശേഖര്‍ മകനെ വിളിച്ചു അമ്മ എവിടെയെന്ന് തിരക്കി. എന്നാല്‍ താന്‍ വീടിനു പുറത്താണെന്ന് പറഞ്ഞ് അച്ഛന്‍റെ ഫോണ്‍ കോള്‍ കൊലപാതകിയായ മകന്‍ കട്ട് ചെയ്തു. മകന്‍ സ്വന്തം അമ്മയോട് അരുംക്രൂരത കാട്ടിയെന്ന് അറിയാതെ ശേഖര്‍ വീണ്ടും മകന്‍റെ ഫോണിലേയ്ക്ക് വിളിച്ചു. തുടര്‍ന്ന് ഫോണ്‍ ഓഫ് ചെയ്തിരിക്കുന്ന എന്ന സന്ദേശമാണ് ലഭിച്ചത്.


തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തി നോക്കിയപ്പോള്‍ സരളയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശേഖറിന്‍റെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സരളയുടെ ആഭരണങ്ങള്‍ സേലൂരിലുള്ള മണികണ്ഠന്‍ എന്നയാളെ ഏല്‍പ്പിച്ചിരിക്കുന്നതായി ബോധ്യപ്പെട്ടത്. കൊലപാതകം നടത്തിയതിനു ശേഷമാണ് ഇയാള്‍ ആഭരണങ്ങള്‍ മണികണ്ഠനെ ഏല്‍പ്പിച്ചതെന്നും പോലീസ് കണ്ടെത്തി.


ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പണം ആവശ്യപ്പെട്ട് സരളയുമായി ദഷ്വന്ത് പതിവായി വഴക്കായിരുന്നുവെന്നാണ് വിവരം. സരള ധരിച്ചതും, അലമാരയില്‍ സൂക്ഷിച്ചതുമായ ആഭരണങ്ങള്‍ എല്ലാം ഇയാള്‍ കൈകലാക്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഏഴുവയസുകാരിയായ ഹാസിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ അറസ്റ്റിലായത്. സെപ്റ്റംബറില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു.


ജാമ്യത്തിലിറങ്ങിയതിനു ശേഷം ദഷ്വന്ത് തന്നെയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയതായി ഹാസിനിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സരളയുടെ കൊലപാതകത്തിനു പിന്നാലെ ഹാസനിയുടെ കുടുംബത്തിനും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.



Share this News Now:
  • Google+
Like(s): 62