03 December, 2017 09:25:49 PM


ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ രാജി ആവശ്യപ്പെട്ട് ഡിസിസി




ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി.മൈക്കിളിനോട് ‍ജില്ലാ കോണ്‍ഗ്രസ് നേതൃത്വം രാജി ആവശ്യപ്പെട്ടു. മുന്‍ധാരണയനുസരിച്ച് കഴിഞ്ഞ 20ന് മൈക്കിള്‍ തത്സ്ഥാനം ഒഴിയണമായിരുന്നു. എന്നാല്‍ ഇതുവരെ ഇദ്ദേഹം രാജിസന്നദ്ധത പ്രകടിപ്പിക്കാതെ വന്നതോടെ അംഗങ്ങള്‍ക്കിടയില്‍ പ്രതിഷേധമുയരുകയായിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മൈക്കിളിനോട് രാജി വെക്കണമെന്ന് ഡിസിസി ആവശ്യപ്പെട്ടത്. എന്നാല്‍ വൈസ് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രാജി ആവശ്യത്തില്‍ നേതൃത്വം അയവ് വരുത്തിയതായാണ് അറിയുന്നത്.

മുന്‍ ധാരണപ്രകാരം അടുത്ത രണ്ട് വര്‍ഷം കോണ്‍ഗ്രസിലെ തന്നെ ബീനാ ബിനുവിനാണ് പ്രസിഡന്‍റാകാന്‍ അവസരം ലഭിക്കുക. എ ഗ്രൂപ്പ് കാരനായ മൈക്കിള്‍ സ്ഥാനമൊഴിഞ്ഞ് ബീനാ ബിനു ചാര്‍ജെടുത്താല്‍  പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും ഐ ഗ്രൂപ്പുകാരായി മാറും. അഞ്ച് വര്‍ഷത്തേയ്ക്കാണ് ഐ ഗ്രൂപ്പുകാരിയായ ലളിതാ സുജാതന് വൈസ് പ്രസിഡന്‍റ് പദവി പറഞ്ഞിട്ടുള്ളത്. എന്നാല്‍ എ ഗ്രൂപ്പിലെ മോളി ലൂയിസിന് വൈസ് പ്രസിഡന്‍റ് സ്ഥാനം നല്‍കണമെന്ന ആവശ്യം ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതോടെയാണ് വൈസ് പ്രസിഡന്‍റിന്‍റെ കാര്യത്തില്‍ തീരുമാനമാകുന്നതോടൊപ്പം മൈക്കിള്‍ രാജി വെച്ചാല്‍ മതിയെന്ന നിലപാടിലേയ്ക്ക് കോണ്‍ഗ്രസ് നേതൃത്വം അയവു വരുത്തിയത്.

അവസാന ഒരു വര്‍ഷം കേരളാ കോണ്‍ഗ്രസിനാണ് പ്രസിഡന്‍റ് പദവി ലഭിക്കുക. സജി തടത്തിലാണ് കേരളാ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി. പതിമൂന്ന് അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് ആറും കേരളാ കോണ്‍ഗ്രസിന് ഒന്നും എല്‍ഡിഎഫിന് ആറും അംഗങ്ങളാണുള്ളത്.  



Share this News Now:
  • Google+
Like(s): 172