03 December, 2017 08:01:54 PM


'ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേ എറിഞ്ഞ്' ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍ രാജിസന്നദ്ധത പ്രകടിപ്പിച്ച് ഡിസിസിയ്ക്ക് കത്ത് നല്‍കിയത് ഭരണം തുടരാനുള്ള നാടകമായിരുന്നുവെന്ന് തെളിഞ്ഞു. രാജി നല്‍കിയാല്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെടുമെന്ന് വ്യക്തമായതോടെ ഇനി ഒരറിയിപ്പുണ്ടാകും വരെ ജയിംസിനോട് ചെയര്‍മാന്‍ സ്ഥാനത്ത് തുടരാനാണ് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. ചെയര്‍മാന്‍ രാജിസന്നദ്ധത അറിയിച്ചപ്പോഴേ ഇത് ഭരണം നിലനിര്‍ത്താനുള്ള നാടകമാണെന്ന് കേരളാ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങളും ഇത് ശരിവെയ്ക്കുന്നു.

35 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് ഒമ്പതും കേരളാ കോണ്‍ഗ്രസിന് അഞ്ചും ബിജെപിയ്ക്ക് അഞ്ചും എല്‍ഡിഎഫിന് പന്ത്രണ്ടും അംഗങ്ങളാണുള്ളത്. സ്വതന്ത്രരായി ജയിച്ച നാല് പേരുടെ കൂടി പിന്തുണയോടെയാണ് ജയിംസ് തോമസ് പുതിയ നഗരസഭയുടെ ആദ്യചെയര്‍മാനായത്. കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം ജയിംസ് തോമസ് ചെയര്‍മാനായി തുടരുന്നതില്‍ അസഹിഷ്ണുത പ്രകടിപ്പിച്ചതോടെയാണ് ഇദ്ദേഹം രാജി വെയ്ക്കുന്നതിന് പകരം പാര്‍ട്ടിയ്ക്ക് കത്ത് നല്‍കിയത്. ഈ സാഹചര്യത്തില്‍ ജയിംസ് രാജിവെച്ചാല്‍ ഏറ്റുമാനൂര്‍ നഗരസഭാ ഭരണം കൈവിട്ടുപോകുമെന്ന്  ഞായറാഴ്ച നടന്ന പാര്‍ട്ടിയോഗം വിലയിരുത്തി.

കോണ്‍ഗ്രസ് - മൂന്ന്  വര്‍ഷം, കേരളാ കോണ്‍ഗ്രസ് - ഒരു വര്‍ഷം, സ്വതന്ത്രര്‍ - ഒരു വര്‍ഷം എന്നിങ്ങനെ ചെയര്‍മാന്‍ പദവി വീതിച്ചെടുക്കാമെന്ന ധാരണയിലാണ് ജയിംസ് ചെയര്‍മാനാകുന്നത്. ജയിംസ് രാജി വെച്ചാല്‍ അടുത്ത ടേം തങ്ങള്‍ക്ക് നല്‍കണമെന്ന് കേരളാ കോണ്‍ഗ്രസും സ്വതന്ത്രരും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനിടെ കോണ്‍ഗ്രസിലെ ബിജു കൂമ്പിക്കനും ചെയര്‍മാന്‍ കസേരയ്ക്കായി ഇടിക്കുന്നുണ്ട്. 

അടുത്ത ടേം സ്വതന്ത്രര്‍ക്ക് പദവി നല്‍കി കോണ്‍ഗ്രസിനുള്ള ഇവരുടെ പിന്തുണ പിടിച്ച് നിര്‍ത്താനുള്ള ശ്രമം തുടരുന്നതിനിടെയാണ് യുഡിഎഫ് വിട്ടുപോയ കേരളാ കോണ്‍ഗ്രസ് മുന്‍ ധാരണയനുസരിച്ച് ചെയര്‍മാന്‍ പദവി ഇനി തങ്ങള്‍ക്ക് വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നത്. അങ്ങിനെ നല്‍കിയാല്‍ ഒരു വര്‍ഷം എന്നത് പത്ത് മാസമായി ചുരുക്കാനും തയ്യാറാണെന്ന് അവര്‍ സൂചിപ്പിച്ചുകഴിഞ്ഞു. എന്നാല്‍ അന്തിമ തീരുമാനം പാര്‍ട്ടിയോഗത്തിന് ശേഷമായിരിക്കും. എന്നാല്‍ ഇതിനൊന്നും തങ്ങള്‍ തയ്യാറല്ല എന്ന നിലപാടിലേയ്ക്ക് കോണ്‍ഗ്രസ് നീങ്ങുന്നതിന്‍റെ സൂചനയാണ് ചെയര്‍മാനോട് തുടരാന്‍ ആവശ്യപ്പെട്ടത്.  കേരളാ കോണ്‍ഗ്രസിന് ഇപ്പോള്‍ പദവി നല്‍കാതിരുന്നാല്‍ മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഭാവിയില്‍ ഇവരെ മാറ്റിനിര്‍ത്താനാവുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്നു.

ചെയര്‍മാന്‍ രാജി വെച്ചാല്‍ അടുത്തയാള്‍ക്കു വേണ്ടി തെരഞ്ഞെടുപ്പ് നടക്കും. അപ്പോള്‍ ജില്ലാ പഞ്ചായത്തില്‍ സംഭവിച്ചതുപോലെ കേരളാ കോണ്‍ഗ്രസ് എല്‍ഡിഎഫുമായി ധാരണയുണ്ടാക്കുമെന്നും തങ്ങള്‍ക്ക് ഭരണം നഷ്ടപ്പെടുമെന്നാണ് കോണ്‍ഗ്രസ് ഭയപ്പെടുന്നത്. ജയിംസ് രാജി നല്‍കിയാലേ കോണ്‍ഗ്രസിലെ എതിര്‍വിഭാഗത്തില്‍പെട്ട ബിജു കൂമ്പിക്കന് ചെയര്‍മാന്‍ പദവി ലഭിക്കുകയുള്ളു. രാജി വെച്ചില്ലെങ്കില്‍ പിന്നെ അവിശ്വാസത്തിലൂടെ വേണം ചെയര്‍മാനെ പുറത്താക്കാന്‍. അതത്ര എളുപ്പമല്ല എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. മൂപ്പത്തഞ്ച് അംഗ സമിതിയില്‍ അവിശ്വാസം പാസാകണമെങ്കില്‍ പതിനെട്ട് അംഗങ്ങളുടെ വോട്ട് ലഭിക്കണം. എല്‍ഡിഎഫും കേരളാ കോണ്‍ഗ്രസും ചേര്‍ന്നാല്‍ പതിനേഴ് അംഗങ്ങളുടെ വോട്ടേ ലഭിക്കൂ. വിപ്പ് പ്രശ്നം ഉള്ളതിനാല്‍ കോണ്‍ഗ്രസില്‍ ജയിംസിന് എതിരായി നില്‍ക്കുന്ന നാല് അംഗങ്ങള്‍ക്ക് മറിച്ച് വോട്ട് ചെയ്യാനാവില്ല. ബിജെപി അംഗങ്ങള്‍ ആര്‍ക്കും അനുകൂല നിലപാടെടുക്കില്ല എന്നാണ് സൂചിപ്പിക്കുന്നത്. പിന്നെ ആകെയുള്ളത് സ്വതന്ത്രരുടെ നിലപാടാണ്. ജയിംസിനെ പിണക്കിയാല്‍ തങ്ങള്‍ക്ക് വെച്ചു നീട്ടിയിരിക്കുന്ന ചെയര്‍മാന്‍ പദവി കിട്ടില്ല എന്ന ധാരണയാണ് രണ്ട് സ്വതന്ത്ര അംഗങ്ങള്‍ക്കുള്ളത്. മറ്റ് രണ്ട് സ്വതന്ത്ര വനിതാ അംഗങ്ങളും ജയിംസിനെ പിണക്കാന്‍ തയ്യാറല്ലെന്നാണ് അറിയുന്നത്.

എന്നാല്‍ താന്‍ രാജി വെയ്ക്കാന്‍ തയ്യാറാണെന്നും ഗസറ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ രാജിക്കത്ത് തന്‍റെ കയ്യില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും പത്രസമ്മേളനം വിളിച്ച് രാജി പ്രഖ്യാപിക്കാനിരിക്കുകയാണ് താന്‍ എന്നും ജയിംസ് തോമസ് നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഡിസിസി തന്നോട് തന്നെ തുടരാന്‍ ആവശ്യപ്പെടുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ജയിംസ് രാജിസന്നദ്ധത പ്രകടിപ്പിച്ചതെന്ന് കോണ്‍ഗ്രസ് പ്രതിനിധികളായ കൗണ്‍സില്‍ അംഗങ്ങള്‍ തന്നെ കുറ്റപ്പെടുത്തുന്നു. അതേസമയം കേരളാ കോണ്‍ഗ്രസും സ്വതന്ത്രരും തങ്ങളോടൊപ്പം തന്നെയാണ് നിലകൊള്ളുന്നതെന്നും ജയിംസ് തോമസിന് പകരം പുതിയ ചെയര്‍മാന്‍ ഉടന്‍ അവരോധിക്കപ്പെടുമെന്നും കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. 



Share this News Now:
  • Google+
Like(s): 364