02 December, 2017 08:55:18 PM


വിരാട് കോഹ് ലിക്ക് സെഞ്ചുറി; ടെസ്റ്റില്‍ 5000 റണ്‍സ് നേട്ടവും പിന്നിട്ടു



ദില്ലി: ശ്രീലങ്കയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ മുരളി വിജയ്ക്കു പിന്നാലെ നായകന്‍ വിരാട് കോഹ്‌ലിക്കും സെഞ്ചുറി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ കോഹ്‌ലി ടെസ്റ്റ് കരിയറിലെ 20-ാം സെഞ്ചുറിയാണ് നേടിയത്. 110 പന്തില്‍ 14 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഇന്നിംഗ്‌സ്. പരമ്പരയില്‍ കോഹ്‌ലിയുടെ തുടര്‍ച്ചയായ മൂന്നാം സെഞ്ചുറിയാണിത്. 

ഇതിനിടെ കോഹ്‌ലി ടെസ്റ്റില്‍ 5000 റണ്‍സ് നേട്ടവും പിന്നിട്ടു. അതിവേഗം അയ്യായിരം റണ്‍സ് പിന്നിടുന്ന ഇന്ത്യന്‍ താരങ്ങളില്‍ നാലാം സ്ഥാനമാണ് കോഹ്‌ലിക്ക്. 105 ഇന്നിംഗ്‌സില്‍നിന്നാണ് അദ്ദേഹത്തിന്‍റെ നേട്ടം. സുനില്‍ ഗവാസ്‌കര്‍ (35), വിരേന്ദര്‍ സേവാഗ് (99), സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (103) എന്നിവരാണ് കോഹ്‌ലിക്ക് മുന്നിലുള്ളത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 63 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 273 എന്ന നിലയിലാണ്. ഓപ്പണർ മുരളി വിജയിയും നേരത്തേ സെഞ്ചുറി നേടിയിരുന്നു. ടെസ്റ്റിലെ 11-ാം സെഞ്ചുറിയാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. നാഗ്പൂരില്‍ നടന്ന രണ്ടാം ടെസ്റ്റിലും മുരളി വിജയ് സെഞ്ചുറി നേടിയിരുന്നു. 23 റണ്‍സ് വീതം നേടിയ ശിഖര്‍ ധവാന്‍റെയും ചേതേശ്വര്‍ പുജാരയുടെയും വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്.



Share this News Now:
  • Google+
Like(s): 118