02 December, 2017 08:47:57 PM


മധ്യവയസ്‌കന്റെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 72 നാണയങ്ങള്‍



നാസിക്: മധ്യവയസ്‌കന്റെ വയറ്റില്‍ നിന്നും ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 72 നാണയങ്ങള്‍. പലപ്പോഴായി വിഴുങ്ങിയ നാണയങ്ങളാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. കൃഷ്ണ സൊമലിയ സംബര്‍ (50) എന്നയാളുടെ വയറ്റില്‍ നിന്നുമാണ് നാണയങ്ങള്‍ നീക്കം ചെയ്തത്. മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് വിവിധ ഘട്ടങ്ങളിലായാണ് ഇയാള്‍ നാണയങ്ങള്‍ വിഴുങ്ങിയത്. ലോഹവസ്തുക്കള്‍ വിഴുങ്ങുന്ന മെറ്റലോഫഗിയ എന്ന മാനസികരോഗത്തിന് അടിമയായിരുന്നു ഇയാള്‍.


മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലക്കാരനാണ് സംബര്‍. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഇയാള്‍ക്ക് ലോഹവസ്തുക്കള്‍ വിഴുങ്ങുന്ന മാനസികരോഗമുണ്ടായിരുന്നു. വിഴുങ്ങിയ വസ്തുക്കളില്‍ ചിലത് മലവിസര്‍ജനത്തിലൂടെ പുറത്ത് പോകും. മറ്റുള്ളവ ശരീരത്തില്‍ തന്നെ തങ്ങിക്കിടന്നു. ഇവയാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് സംബര്‍ ആശുപത്രില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് നാണയങ്ങള്‍ കണ്ടെത്തിയത്.



Share this News Now:
  • Google+
Like(s): 21