01 December, 2017 09:28:53 PM


ഏറ്റുമാനൂര്‍ നഗരസഭാ ചെയര്‍മാന്‍റെ രാജി; പിന്‍ഗാമി ആരെന്നത് വിവാദത്തില്‍



ഏറ്റുമാനൂര്‍: നഗരസഭാ അദ്ധ്യക്ഷന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍ രാജി സന്നദ്ധത അറിയിച്ച് ഡിസിസി നേതൃത്വത്തിന് കത്ത് നല്‍കിയതോടെ അടുത്ത ചെയര്‍മാന്‍ ആര് എന്ന തര്‍ക്കവും ആരംഭിച്ചു. മൂന്ന് വര്‍ഷം കോണ്‍ഗ്രസിനും ഒാരോ വര്‍ഷം കേരളാ കോണ്‍ഗ്രസിനും സ്വതന്ത്രര്‍ക്കും എന്ന നിലയില്‍ ആദ്യചെയര്‍മാന്‍ പദവി കരസ്ഥമാക്കിയ കോണ്‍ഗ്രസിന് അടുത്ത ഒരു വര്‍ഷം കൂടി ചെയര്‍മാന്‍ പദവി കിട്ടുമോ എന്നതിലാണ് ആശങ്ക നിലനില്‍ക്കുന്നത്.

മുന്‍ധാരണ അനുസരിച്ച് ഇനി വരുന്ന ഒരു വര്‍ഷം തങ്ങള്‍ക്കാണ് ചെയര്‍മാന്‍ പദവി ലഭിക്കേണ്ടത് എന്ന നിലപാടിലാണ് കേരളാ കോണ്‍ഗ്രസ് (എം). അതേസമയം യുഡിഎഫിനെ അധികാരത്തിലേറാന്‍ സഹായിച്ച സ്വതന്ത്രന്മാരും ചെയര്‍മാന്‍ പദവിയ്ക്കായി വടംവലി ആരംഭിച്ചു കഴിഞ്ഞു. നേരത്തെ പറഞ്ഞിരുന്ന ഒരു വര്‍ഷം ഒന്നര വര്‍ഷമാക്കി മാറ്റണമെന്നും അടുത്ത ചെയര്‍മാന്‍ തങ്ങളില്‍ ഒരാളായിരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ജോയി മന്നാമല, ജോയി ഊന്നുകല്ലേല്‍ എന്നിവരാണ് ചെയര്‍മാന്‍ സ്ഥാനത്തിനുവേണ്ടി പരിഗണിക്കപ്പെടുന്ന സ്വതന്ത്രന്‍മാര്‍. 

മുപ്പത്തഞ്ച് വാര്‍ഡുകളുള്ള ഏറ്റുമാനൂര്‍ നഗരസഭയില്‍ ഇടതു-വലത് മുന്നണികള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ഇല്ലാതെ വന്നതോടെ സ്വതന്ത്രന്‍മാരായി ജയിച്ച നാല് അംഗങ്ങളുടെ പിന്തുണയോടെ ജയിംസ് തോമസ്  ആദ്യ ചെയര്‍മാനായി യുഡിഎഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. യുഡിഎഫിന് 14ഉം (കോണ്‍ഗ്രസ് - 9, കേരളാ കോണ്‍ഗ്രസ് - 5) എല്‍ഡിഎഫിന് 12ഉം (സിപിഎം - 11, സിപിഐ - 1) ബിജെപിയ്ക്ക് അഞ്ചും അംഗങ്ങളാണുള്ളത്.

രണ്ട് വര്‍ഷത്തെ ഭരണത്തിനുശേഷമാണ് ജയിംസ് രാജിസന്നദ്ധത അറിയിച്ചിരിക്കുന്നത്. ഡിസംബര്‍ മൂന്നിന് നടക്കുന്ന ഡിസിസി യോഗം ജയിംസിന്‍റെ കത്തിന്മേല്‍ ചര്‍ച്ച നടത്തും. കേരളാ കോണ്‍ഗ്രസിന് അടുത്ത ചെയര്‍മാന്‍ പദവി നല്‍കാന്‍ കോണ്‍ഗ്രസ് വിമുഖത പ്രകടിപ്പിച്ചാല്‍ ജില്ലാ പഞ്ചായത്തില്‍ സംഭവിച്ചതുപോലുള്ള ഒരു അട്ടിമറിയ്ക്കുള്ള സാധ്യതയും തള്ളികളയാനാവില്ല. സ്വതന്ത്രന്‍മാര്‍ക്ക് ഒന്നര വര്‍ഷം നല്‍കി തങ്ങളെ അവഗണിക്കാനുള്ള ഒരു നീക്കം നഗരസഭാ ചെയര്‍മാന്‍റെയും കോണ്‍ഗ്രസിന്‍റെയും ഭാഗത്തുനിന്നും നടക്കുന്നുണ്ടെന്ന സംശയവും കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രകടിപ്പിച്ചു കഴിഞ്ഞു. ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ മുന്‍ധാരണ ഉണ്ടായിട്ടും കേരളാ കോണ്‍ഗ്രസിന് അവസരം നല്‍കാതെ കോണ്‍ഗ്രസ് പ്രസിഡന്‍റ് പദവി പിടിച്ചടക്കിയത് ഉദാഹരണമായി ചൂണ്ടികാണിക്കപ്പെടുകയും ചെയ്യുന്നു.

തങ്ങളെ മാറ്റിനിര്‍ത്താനുള്ള ഒരു നീക്കം കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്നുണ്ടായാല്‍ എല്‍ഡിഎഫുമായി ഒരു ധാരണയുണ്ടാക്കാനുള്ള നീക്കവും കേരളാ കോണ്‍ഗ്രസ് നടത്തുന്നുണ്ട്. അങ്ങനെയായാല്‍ വരുംവര്‍ഷങ്ങളില്‍ ഒരു സ്വതന്ത്രഅംഗത്തിന്‍റെ പിന്തുണയോടെ സിപിഎമ്മിനും കേരളാ കോണ്‍ഗ്രസിനും ചെയര്‍മാന്‍ പദവി പങ്കിട്ടെടുക്കാനാവും. മുന്‍ധാരണയനുസരിച്ച് കോണ്‍ഗ്രസിലെ ബിജു കൂമ്പിക്കന് ലഭിക്കാനുള്ള ചെയര്‍മാന്‍ പദവി നഷ്ടമാവുകയും ചെയ്യും. അഞ്ച് അംഗങ്ങളുള്ള ബിജെപി സ്വതന്ത്ര നിലപാടെടുക്കുമെന്നാണ് അറിയുന്നത്. അതല്ല, കേരളാ കോണ്‍ഗ്രസിന് അനുകൂലനിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നതെങ്കില്‍ ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്തിലെ അവസാന പ്രസിഡന്‍റായിരുന്ന ജോര്‍ജ് പുല്ലാട്ട് ചെയര്‍മാനായി അവരോധിക്കപ്പെടാനാണ് സാധ്യത.



Share this News Now:
  • Google+
Like(s): 240