01 December, 2017 12:51:19 PM


ഓഖി: കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്നും രക്ഷാപ്രവർത്തനത്തിനാണ് മുൻഗണനയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നറിയിപ്പു ലഭിക്കാൻ വൈകി. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് മുന്നറിയിപ്പു ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നറിയിപ്പ് ലഭിച്ച ശേഷം വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജനങ്ങളുടെ പരിഭ്രാന്തി ഇല്ലാതാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സ്ഥിതിഗതികൾ നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. 

പ്രതികൂല കാലാവസ്ഥ രക്ഷപ്രവർത്തനങ്ങൾക്കു തടസം സൃഷ്ടിക്കുന്നുണ്ടെന്നും നേവിയും കോസ്റ്റ് ഗാർഡുമാണ് രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. നേവിയുടെയും എയർഫോഴ്സിന്‍റെയും ഹെലികോപ്ടറുകളും ഏഴ് കപ്പലുകളും രക്ഷാപ്രവർത്തനങ്ങൾക്കായി രംഗത്തുണ്ട്.

കടലിൽ കാണാതായ 33 പേരെ രക്ഷിച്ചു. 33 വള്ളങ്ങളിലുള്ള തൊഴിലാളികളെ രക്ഷാപ്രവർത്തകർ കടലിൽ കണ്ടെത്തിയിരുന്നു. എന്നാൽ തൊഴിലാളികൾ വള്ളം ഉപേക്ഷിച്ച് കപ്പലിൽ കയറാൻ തയാറാകുന്നില്ല. വെള്ളവും ഭക്ഷണവും ലഭിച്ചാൽ മതിയെന്നും കടലിൽ തുടരാമെന്നുമാണ് അവരുടെ നിലപാട്. അല്ലെങ്കിൽ വള്ളം കരയിലേക്ക് എത്തിക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. ഇവർക്ക് വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഇവർ സുരക്ഷിതരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.



Share this News Now:
  • Google+
Like(s): 29