01 December, 2017 10:58:36 AM


പ്രകൃതിക്ഷോഭം പ്രശ്നമായില്ല; മന്മഥന്‍ ഓടിക്കയറി ഒരു മിനിറ്റ് പോലും വൈകാതെ
കോട്ടയം: അറുപതാം വയസില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച മന്മഥനെ അദ്ദേഹത്തിന്‍റെ ആഗ്രഹപ്രകാരം സഹപ്രവര്‍ത്തകര്‍ ഓടിച്ചുകയറ്റി, അറുപത് കിലോമീറ്ററുകള്‍‌ക്കപ്പുറമുള്ള തറവാട്ടുവീട്ടിലേയ്ക്ക്. മൂന്നര പതിറ്റാണ്ട് കാലത്തെ സേവനത്തിന് ശേഷം ബിഎസ്എൻഎൽ അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ നിന്ന് എം.വി.മന്മഥൻ വ്യാഴാഴ്ച വിരമിച്ചത് ചരിത്രത്തിൽ തന്നെ പുതിയ ഏട് തുറന്നു കൊണ്ട്. എറണാകുളം സൗത്തിലെ തന്‍റെ ഓഫീസില്‍ നിന്നും പടിയിറങ്ങി കോട്ടയം കുമ്മനത്തെ തറവാട്ടുവീട്ടിലേയ്ക്ക് ഒരു രാത്രി കൊണ്ട് ഓടിയെത്തിയത് പ്രകൃതിയുടെ വികൃതിയെയും അതിജീവിച്ച്. അതും മുന്‍കൂട്ടി പ്രവചിച്ച സമയത്തില്‍ നിന്നും അണുവിട വ്യത്യാസം വരുത്താതെ. 


വിശ്രമ ജീവിതത്തിലേക്ക് വഴിത്തിരിവാകുന്ന ദിവസം ഏറെ വ്യത്യസ്‌തവും അർത്ഥപൂർണവുമാക്കുവാൻ  മന്മഥൻ തീരുമാനിച്ചത് തന്നെ ഡിസംബറിലെ മഞ്ഞ് പെയ്യുന്ന ആദ്യപ്രഭാതത്തില്‍ വീട്ടില്‍ ഓടിക്കയറുക എന്ന സ്വപ്നത്തോടെ. അങ്ങനെയാണ് ദീര്‍ഘദൂരഓട്ടം ഹരമാക്കിയ ഇദ്ദേഹം 60 @ 60 എന്ന അള്‍ട്രാ മാരത്തോണിന് തയ്യാറെടുത്തത്. അറുപതാം വയസില്‍ ഒരു രാത്രി നീളുന്ന അൾട്രാ മാരത്തോണിലൂടെ അറുപത് കിലോമീറ്റര്‍ താണ്ടുക. മന്മഥന്‍റെ ആശയത്തോട് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച്  എറണാകുളം സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഒപ്പം ഓടുവാനും തീരുമാനിച്ചു. പക്ഷെ പ്രതീക്ഷിക്കാതെ വന്ന കാലാവസ്ഥാ വ്യതിയാനവും കനത്ത മഴയും മൂലം സുഹൃത്തുക്കള്‍ പലരും പിന്മാറി. എന്നാല്‍ തന്‍റെ തീരുമാനത്തില്‍ നിന്നും ഒട്ടും പിന്നോട്ട് പോകാന്‍ മന്മഥന്‍ കൂട്ടാക്കിയില്ല. പറഞ്ഞ സമയത്ത് തന്നെ പുറപ്പെട്ട് സകല പ്രതിബന്ധങ്ങളെയും തരണം ചെയ്ത് മുന്‍കൂട്ടി പ്രവചിച്ച പോലെ തന്നെ വീട്ടില്‍ ഓടിക്കയറി.കനത്ത മഴയെ അവഗണിക്കാതെയുള്ള ഓട്ടത്തില്‍ മന്മഥന്‍റെ കാലിന് പരിക്കും വേദനയും സംഭവിച്ചിട്ടും അദ്ദേഹം അത് സാരമാക്കിയില്ല. ഷൂവിനുള്ളില്‍ വെള്ളം കയറി കാല്‍പാദത്തിനടിയിലെ തൊലി പൊളിഞ്ഞിരുന്നു. ഒട്ടേറെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും വഴിമധ്യേ പലയിടങ്ങളില്‍ നിന്നായി മന്മഥനോടൊപ്പം ചേര്‍ന്ന് അള്‍ട്രാ മാരത്തോണില്‍ പങ്കാളികളായി. ബിഎസ്എന്‍എല്‍ അക്കൗണ്ട്സ് ഓഫീസറായ ബിജുമോന്‍ എബ്രഹാം, സബ് ഡിവിഷന്‍ എഞ്ചിനീയര്‍ ജി.ജയകുമാര്‍ എന്നിവര്‍ തങ്ങളുടെ സുഹൃത്തിനോടൊപ്പം കുമ്മനത്തെ വീട് വരെ നിര്‍ത്താതെ ഓടാനുണ്ടായിരുന്നു. ഓഫീസ് സൂപ്രണ്ടായ ജെസി പി ജേക്കബ് വനിതകളുടെ പ്രതിനിധിയായി ഇദ്ദേഹത്തോടൊപ്പം ഓടിയെത്തി.


വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് ഏറ്റുമാനൂരിലെത്തിയ  മന്മഥനോടൊപ്പം അവിടെനിന്നും കോട്ടയം റണ്ണേഴ്സ് ക്ലബ് അംഗങ്ങളും വീടുവരെ ഓടി. 7.15ന് കുമ്മനത്തെത്തിയ മന്മഥനെയും സംഘത്തെയും മര്യാത്തുരുത്തിലേയ്ക്കുള്ള പ്രവേശനകവാടമായ മുന്നിയേപാലത്തില്‍ നാട്ടുകാര്‍ ആര്‍പ്പുവിളികളോടെയാണ് സ്വീകരിച്ചത്. അമ്മ റസിഡന്‍റ്സ് അസോസിയേഷന്‍, കുമ്മനം വാട്സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ മന്മഥന് പ്രത്യേക സ്വീകരണവും ഒരുക്കിയിരുന്നു. സ്വീകരണമേറ്റു വാങ്ങിയ ശേഷം ഓട്ടം തുടര്‍ന്ന മന്മഥന്‍ മുന്‍കൂട്ടി പറഞ്ഞപോലെ തന്നെ കൃത്യം 7.30ന് തന്‍റെ തറവാട്ടുവീടായ മധുനിവാസിന്‍റെ പടിചവിട്ടി. മകനെ അമ്മ  ഭാര്‍ഗവിക്കുട്ടിയമ്മ ആരതി ഉഴിഞ്ഞ് വീട്ടിലേയ്ക്ക് ആനയിച്ചു.വ്യാഴാഴ്ച  വൈകിട്ട് കൊച്ചി ബി എസ് എൻ എൽ ഭവനിൽ നടന്ന അനുമോദനയോഗത്തില്‍  പ്രിൻസിപ്പൽ ജനറൽ മാനേജർ  ജി മുരളീധരൻ മാരത്തോണ്‍ ഫ്ലാഗ് ഓഫ് ചെയ്തു. വിരമിക്കല്‍ പാര്‍ട്ടിയ്ക്കു ശേഷം ഓഫീസില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെ എറണാകുളം കടവന്ത്രയ്ക്കടുത്ത് ചിലവന്നൂര്‍ റോഡിലുള്ള 'അപൂര്‍വ്വ' എന്ന വീട്ടിലേയ്ക്കായിരുന്നു ആദ്യ ഓട്ടം.ബിഎസ്എന്‍എലിന്‍റെ ഇതേ ഓഫീസില്‍ സൂപ്രണ്ടായ ഭാര്യ മിനി ഭര്‍ത്താവ് ഓടാന്‍ തുടങ്ങിയതിനു പിന്നാലെ കാറില്‍ യാത്ര പുറപ്പെട്ടുവെങ്കിലും ആദ്യം വീട്ടിലെത്തിയത് മന്മഥനായിരുന്നു. അവിടെ ചായസല്‍ക്കാരത്തിനും അല്‍പനേരത്തെ വിശ്രമത്തിനും ശേഷം ഏഴര മണിയോടെ ഓട്ടം പുനരാരംഭിച്ചു. തലയോലപ്പറമ്പിലും ഏറ്റുമാനൂരിലും അല്‍പം വിശ്രമം പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും മഴ ചതിച്ചതിനാല്‍ വിശ്രമം വെട്ടിചുരുക്കി. 


മന്മഥന്‍ ഓടാന്‍ തീരുമാനിച്ചതിന് പിന്നില്‍ രണ്ട് ഉദ്ദേശങ്ങള്‍ കൂടിയുണ്ടായിരുന്നു. വഴിവിളക്കുകളുടെ അപര്യാപ്തമൂലം വര്‍ദ്ധിച്ചു വരുന്ന അപകടങ്ങള്‍ക്കെതിരെ അധികൃതരുടെ കണ്ണ് തുറപ്പിക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. ഇത് അധികൃതരുടെ ശ്രദ്ധയിലെത്തിക്കാന്‍ ഹെഡ് ലൈറ്റും ഘടിപ്പിച്ചായിരുന്നു ഓട്ടം. താന്‍ അറുപതാം വയസിലും അറുപത് കിലോമീറ്റര്‍ ഓടുമ്പോള്‍ യുവതലമുറ ഒരു കിലോമീറ്റര്‍ പോലും തികച്ച് ഓടാനാവാത്ത വിധം ആരോഗ്യപ്രശ്നങ്ങളെ നേരിടുകയാണ്. ഇതില്‍ നിന്നും മുക്തി നേടാന്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.  ഈ വിധം ആരോഗ്യരക്ഷയുടെ സന്ദേശപ്രചാരണം കൂടിയായി മന്മഥന്‍റെ മാരത്തോണ്‍.ചെസ്സ് ചാമ്പ്യനും നടനും  എഴുത്തുകാരനും  സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനുമായ മന്മഥൻ കഴിഞ്ഞ എട്ട് വര്‍ഷമായി കൊച്ചിയിൽ നടന്ന എല്ലാ മരത്തോണുകളിലും പങ്കെടുത്തിട്ടുണ്ട്. ഫിറ്റ്നസിന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച്ചയില്ലാതെ, അറുപതാം വയസ്സിലും യുവത്വം കാത്തു സൂക്ഷിക്കുന്ന മന്മഥൻ ദിവസവും പുലര്‍ച്ചെ പത്ത് കിലോമീറ്റര്‍ ദൂരം ഒരു മണിക്കൂര്‍ കൊണ്ട് ഓടും. സ്പൈസ് കോസ്റ്റ് മാരത്തണില്‍ ൪൫ കിലോമീറ്റര്‍ ഓടിയതാണ് മന്മഥന്‍റെ ഇതിനു മുമ്പുള്ള ഏറ്റവും വലിയ ദീര്‍ഘദൂര ഓട്ടം. എറണാകുളത്തുനിന്നും കോട്ടയത്തേക്കുള്ള ദൂരവും തന്‍റെ ഓട്ടത്തിന്‍റെ രീതിയും പഠനവിധേയമാക്കിയാണ് ഓരോ പോയിന്‍റിലും ഓടിയെത്തുന്ന സമയം മന്മഥന്‍ മുന്‍കൂട്ടി പ്രവചിച്ചത്. അത് തെല്ലും തെറ്റാതെ തന്നെ പാലിക്കപ്പെട്ടതും ഒരു റെക്കോര്‍ഡ് തന്നെയാണ്.


വെള്ളിയാഴ്ച രാവിലെ വീട്ടില്‍ ഓടിക്കയറിയ മന്മഥന് ഉച്ച കഴിയും വരെ വിശ്രമിക്കാനായില്ല.  മാധ്യമപ്രവര്‍ത്തകരും കൂട്ടുകാരും ഒക്കെയായി ആകെ ബഹളം. പരിക്ക് മാറ്റാനായി ഉപ്പുവെള്ളത്തില്‍ കാലിട്ടും കുഴമ്പ് പുരട്ടിയും ചികിത്സ തുടങ്ങിയ മന്മഥന്‍ ഞായറാഴ്ച മുതല്‍ തന്‍റെ പതിവ് ഓട്ടം പുനരാരംഭിക്കുമെന്ന് മാധ്യമത്തോട് പറഞ്ഞു. കുമ്മനം മധുനിവാസില്‍ വിജയന്‍ നായരുടെയും ഭാര്‍ഗവിക്കുട്ടിയമ്മയുടെയും മകനായ മന്മഥന്‍റെ അതേ ഓഫീസില്‍ തന്നെ സൂപ്രണ്ട് ആയ ഭാര്യ മിനി ഒരു ഗായിക കൂടിയാണ്. ഐടി എഞ്ചിനീയറായ അശ്വിന്‍ (കാനഡ) മകനും നീതി മരുമകളുമാണ്. Share this News Now:
  • Google+
Like(s): 494