30 November, 2017 03:28:17 PM


ഓഖി ചുഴലിക്കാറ്റ് കേരളാ തീരത്ത്, സംസ്ഥാനമാകെ കനത്ത മഴ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങുന്നു . തെക്കന്‍ കേരളത്തിലും കന്യാകുമാരി തീരത്തും കനത്ത മഴ . കൊല്ലം കുളത്തുപ്പുഴയില്‍ മരം വീണ് ഓട്ടോ ഡ്രൈവര്‍ വിഷ്ണു മരിച്ചു. മത്സ്യബന്ധനത്തിന് പോയ 200 ഓളം തൊഴിലാളികള്‍ കടലില്‍ കുടുങ്ങി. കുളച്ചലില്‍നിന്ന് പോയ തൊഴിലാളികളാണ് ഉള്‍ക്കടലില്‍ കുടുങ്ങിയത്. ശംഖുമുഖത്ത് കടല്‍ പ്രക്ഷുബ്ദം. 10 മീറ്റര്‍ തീരത്തേക്ക് കടല്‍ കയറി.

മഴ ശക്തമായ കന്യാകുമാരി മേഖലയില്‍ നാല് പേര്‍ മരിച്ചു. 450 മൊബൈല്‍ ടവറുകള്‍ നാഗര്‍കോവില്‍ കന്യാകുമാരി മേഖലയില്‍ കടപുഴകി.  സംസ്ഥാനത്ത് ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം. ശക്തമായ മഴയെ തുടര്‍ന്ന് രണ്ടിടങ്ങളില്‍ ഉരുള്‍ പൊട്ടി. അമ്പൂര്‍, മുതലത്തോട് വനമേഖലകളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഓഖി ചുഴലിക്കാറ്റ് ശകതമാകുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്.അടിമാലിക്കടുത്ത് കെഎസ്ആര്‍ടിസി ബസിന് മുകളില്‍ വൈദ്യുതി പോസ്റ്റ് വീണു. ഇന്ന് ഉച്ചയോടെ മൂന്നാറില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വരുകയായിരുന്നു ബസ്. ശക്തമായ കാറ്റ് മൂലമാണ് പോസ്റ്റ് വീണത്. മറ്റ് അപകടങ്ങള്‍ ഒന്നും ഉണ്ടായില്ല.  ആളുകളെ ഉടന്‍ തന്നെ ബസില്‍ നിന്ന് മാറ്റി. സംഭവത്തെ തുടര്‍ന്ന് അടിമാലി പ്രദേശത്ത് ഗതാഗതാം തടസപ്പെട്ടു. 


പൊതുജനങ്ങൾക്കുള്ള മുന്നറിയിപ്പ്:

1. കേരളത്തിലെ കടല്‍തീരത്തും, മലയോര മേഖലയിലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വിനോദസഞ്ചാരത്തിനായി പോകരുത്
2. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഖലയില്‍ വൈകുന്നേരം ആറിനും രാവിലെ ഏഴിനും ഇടയിലുള്ള യാത്ര ഒഴിവാക്കുക
3. വൈദ്യുതതടസം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍, എമര്‍ജന്‍സി ലൈറ്റ് എന്നിവ ചാര്‍ജ് ചെയ്തു സൂക്ഷിക്കുക.
4. മോട്ടോര്‍ ഉപയോഗിച്ച് പമ്പ്‌ ചെയ്തു വീട്ടിലെ ആവശ്യത്തിനുള്ള ജലം സംഭരിക്കുന്നവര്‍ വ്യാഴാഴ്ച പകല്‍ സമയം തന്നെ ആവശ്യമായ ജലം സംഭരിക്കുക.
5. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ അടിയന്തര ആവശ്യത്തിനുള്ള മരുന്നുകള്‍ സൂക്ഷിക്കുക.
6. വാഹനങ്ങള്‍ ഒരു കാരണവശാലും മരങ്ങള്‍ക്ക് കീഴില്‍ നിര്‍ത്തിയിടരുത്
7. മലയോര റോഡുകളില്‍, പ്രത്യേകിച്ച് നീരുറവകള്‍ക്ക് മുന്നില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും നിര്‍ത്തിയിടരുത്

മലയോര മേഖലയിലേയും തീരമേഖലയിലേയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍

1. വിനോദസഞ്ചാരികളെ വ്യാഴവും വെള്ളിയും മലയോര മേഖലയിലും, ജലാശയങ്ങളിലും ഉള്ള വിനോദ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കരുത്
2. ജനറേറ്റർ, അടുക്കള എന്നിവയ്ക്ക് ആവശ്യമായ ഇന്ധനം കരുതുക
3. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള വിദേശ വിനോദസഞ്ചാരികള്‍ക്കും ഇന്ത്യക്കാര്‍ക്കും അടിയന്തര ആവശ്യത്തിനുള്ള മരുന്നുകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക.
4. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ മലയോര മേഖലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ പകല്‍ സമയത്ത് സാധാരണയില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുവാന്‍ ഡിടിപിസി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുക.Share this News Now:
  • Google+
Like(s): 19