30 November, 2017 12:28:55 PM
കനത്ത മഴ: കലോത്സവവേദി തകര്‍ന്നു, തിരുവനന്തപുരത്ത് സ്കൂളുകള്‍ക്ക് അവധി
തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും പാറശ്ശാലയിലെ ഉപജില്ലാ കലോത്സവ വേദി തകര്‍ന്നു വീണു. മത്സരം തുടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രധാന വേദിയടക്കം മൂന്ന് വേദികള്‍ തകര്‍ന്ന് വീണത്. വേദിയുടെ ഷീറ്റ് പൊളിഞ്ഞ് വീണ് വേദികള്‍ പൂര്‍ണ്ണമായും തകരുകയായിരുന്നു. വേദിയ്ക്ക് തൊട്ടടുത്ത മരത്തിലെ കൊമ്പ് ഒടിഞ്ഞ് വീണു. കലോത്സവത്തിനെത്തിയ കുട്ടികള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
മഴ ശക്തമായതിനാല്‍ വേദികള്‍ക്ക് നാശം സംഭവിക്കുമെന്ന ആശങ്ക അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമുണ്ടായിരുന്നു. ഇന്നലെ തുടങ്ങിയ മഴ ഇന്നും തുടര്‍ന്നതാണ് നാശനഷ്ടങ്ങള്‍ക്ക് കാരണം. മഴ ശക്തമായതോടെ തലസ്ഥാനത്തെ സ്കൂളുകള്‍ക്ക് ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു.