29 November, 2017 05:04:44 PM


ഏറ്റുമാനൂര്‍ നഗരസഭാ ഭരണം വഴിത്തിരിവില്‍: ചെയര്‍‍മാന്‍ രാജികത്ത് നല്‍കിഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയുടെ ആദ്യപിതാവ് രാജിയ്ക്കൊരുങ്ങുന്നു. രാജിസന്നദ്ധത അറിയിച്ച് നഗരസഭാ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിന് കത്ത് നല്‍കി. യുഡിഎഫിലെ മുന്‍ധാരണപ്രകാരമാണ് താന്‍ രാജി വെയ്ക്കാന്‍ തയ്യാറായതെന്ന് ചെയര്‍മാന്‍ കൈരളി ന്യൂസിനോട് പറഞ്ഞു. അതേ സമയം രാജിക്കത്ത് മുനിസിപ്പല്‍ സെക്രട്ടറിയ്ക്ക് നല്‍കിയിട്ടില്ല.


മുപ്പത്തഞ്ച് വാര്‍ഡുകളുള്ള ഏറ്റുമാനൂര്‍ നഗരസഭയില്‍ ഇടതു-വലത് മുന്നണികള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ഇല്ലാതെ വന്നതോടെ സ്വതന്ത്രന്‍മാരായി ജയിച്ച നാല് അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. യുഡിഎഫിന് 14ഉം (കോണ്‍ഗ്രസ് - 9, കേരളാ കോണ്‍ഗ്രസ് - 5) എല്‍ഡിഎഫിന് 12ഉം (സിപിഎം - 11, സിപിഐ - 1) ബിജെപിയ്ക്ക് അഞ്ചും അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് മൂന്ന് വര്‍ഷം, കേരളാ കോണ്‍ഗ്രസിനും സ്വതന്ത്രന്‍മാര്‍ക്കും ഒരു വര്‍ഷം വീതവും എന്ന നിലയില്‍ ധാരണയുണ്ടാക്കിയാണ് കോണ്‍ഗ്രസ് നേതാവായ ജയിംസ് തോമസ് പ്ലാക്കിതൊട്ടില്‍ പുതിയ നഗരസഭയുടെ ആദ്യ ചെയര്‍മാനായി അവരോധിക്കപ്പെട്ടത്. 


രണ്ട് വര്‍ഷത്തെ ഭരണത്തിനുശേഷമാണ് ജയിംസ് രാജിസന്നദ്ധത അറിയിച്ചിരിക്കുന്നത്. ഡിസംബര്‍ മൂന്നിന് നടക്കുന്ന യുഡിഎഫ് ജില്ലാ നേതൃയോഗം ജയിംസിന്‍റെ കത്തിന്മേല്‍ ചര്‍ച്ച നടത്തും. മുന്നണിയില്‍ നിന്നും ഇനി ചെയര്‍മാന്‍ സ്ഥാനത്തേക്ക് വരേണ്ടവര്‍ ആരൊക്കെയെന്നും അവരുടെ കാലാവധി സംബന്ധിച്ചുമുള്ള ധാരണ ഈ യോഗത്തില്‍ ഉണ്ടാകുമെന്ന് ജയിംസ് തോമസ് പറഞ്ഞു.


ഭരണത്തിലേറി കഴിഞ്ഞ് യുഡിഎഫിലുണ്ടായ പ്രശ്നങ്ങളും മറ്റും കോണ്‍ഗ്രസിനെയും കേരളാ കോണ്‍ഗ്രസിനെയും രണ്ട് ധ്രുവങ്ങളില്‍ എത്തിച്ചിരുന്നു. ഇതിനിടെ ഒന്നര വര്‍ഷം ചെയര്‍മാന്‍ പദവി തങ്ങള്‍ക്ക് വേണമെന്ന ആവശ്യവുമായി സ്വതന്ത്രര്‍ രംഗത്തെത്തി. ഒരു വര്‍ഷം കേരളാ കോണ്‍ഗ്രസിന് പദവി നല്‍കാമെന്ന് എഗ്രിമെന്‍റ് വെച്ചിട്ടുണ്ട്. ഇനി ബാക്കിയുള്ള രണ്ട് വര്‍ഷം കോണ്‍ഗ്രസും സ്വതന്ത്രരും വീതിച്ചെടുക്കണം. ജയിംസ് മാറിക്കൊടുത്താല്‍ കോണ്‍ഗ്രസില്‍ നിന്നുള്ള അടുത്ത സാരഥി ബിജു കൂമ്പിക്കന്‍ ആണ്. സ്വതന്ത്രരില്‍ നിന്ന് ജോയി മന്നാമല, ജോയി ഊന്നുകല്ലേല്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെട്ടിരിക്കുന്നത്.


സ്വതന്ത്രര്‍ക്ക് ഒന്നര വര്‍ഷം കൊടുത്താല്‍ കോണ്‍ഗ്രസിലെ ബിജു കൂമ്പിക്കന് ആറ് മാസം മാത്രയിരിക്കും ചെയര്‍മാന്‍ പദവി അലങ്കരിക്കാനാവുക. അതേ സമയം ജയിംസ് തോമസ് രാജിസന്നദ്ധത അറിയിച്ച് ഡിസിസിയ്ക്ക് കത്ത് കൊടുത്തുവെങ്കിലും തങ്ങള്‍ അത് മുഖവിലയ്ക്കെടുക്കുന്നില്ലെന്നും ഔദ്യോഗിക രാജികത്ത് നല്‍കിയാലേ തങ്ങള്‍ കാര്യമാക്കുകയുള്ളുവെന്നും കേരളാ കോണ്‍ഗ്രസ് നേതാവും ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ അവസാനത്തെ പ്രസിഡന്‍റുമായ ജോര്‍ജ് പുല്ലാട്ട് പറഞ്ഞു. സ്വതന്ത്രരെ കൂട്ടി അണിയറയില്‍ ചില കളികള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.


ഭരണം തുടങ്ങിയപ്പോള്‍ കോണ്‍ഗ്രസിന് ചെയര്‍മാന്‍ പദവിയും കേരളാ കോണ്‍ഗ്രസിന് വൈസ് ചെയര്‍പേഴ്സണ്‍, ഒരു സ്റ്റാന്‍റിംഗ് കമ്മറ്റി ചെ‍യര്‍പേഴ്സണ്‍ എന്നീ പദവികളുമാണ് ഉണ്ടായിരുന്നത്. സിപിഎമ്മിന് രണ്ടും ബിജെപിയ്ക്ക് ഒന്നും സ്വതന്ത്രയ്ക്ക് ഒന്നും വീതം സ്റ്റാന്‍റിംഗ് കമ്മറ്റി അധ്യക്ഷസ്ഥാനവും നല്‍കിയിരുന്നു. പിന്നീട് നടന്ന അധികാരവടംവലിയില്‍ കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായ സ്ഥിരംസമിതി അധ്യക്ഷ അവിശ്വാസത്തിലൂടെ പുറത്താകുകയും പകരം കോണ്‍ഗ്രസ് അംഗത്തെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. അധികാരസ്ഥാനത്തിനു വേണ്ടിയുള്ള വടംവലികള്‍, വിജിലന്‍സ് റെയ്ഡ്, സെക്രട്ടറിയുടെ കസേര തെറിപ്പിക്കല്‍ തുടങ്ങി ഒട്ടേറെ സംഭവവികാസങ്ങള്‍ക്ക് ഏറ്റുമാനൂര്‍ നഗരസഭ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സാക്ഷ്യം വഹിച്ചു. Share this News Now:
  • Google+
Like(s): 2345