Breaking News

29 November, 2017 10:12:26 AM


കോട്ടയം കോടിമതയിൽ വാഹനാപകടത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്



കോട്ടയം: എം.സി.റോഡിൽ കോടിമതയിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. താഴത്തങ്ങാടി തവണകയ്യോത്ത് ഷാജിയുടെ മകൻ ഷെബിൻ ഷാജി (19), കോടിമത കൗസ്തുഭത്തിൽ ശശികുമാറിന്റെ മകൻ സ്വാമിനാഥൻ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആദ്യം കോട്ടയം ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.


ബുധനാഴ്ച രാവിലെ എട്ടര മണിയോടെ ആയിരുന്നു അപകടം. ഇരുവരും പള്ളം ബിഷപ്പ് സ്പീച്ചിലി കോളേജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ ബി.കോം വിദ്യാർത്ഥികളാണ്. രാവിലെ കോളേജിലേക്ക് പോകുകയായിരുന്നു. കോടിമതയിലെ പെട്രോൾ പമ്പിൽ നിന്നും ഇന്ധനം നിറച്ച് റോഡിലേക്കിറങ്ങവേ ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വന്ന ബസുമായി ഇടിക്കുകയായിരുന്നു. കോട്ടയം ട്രാഫിക് പോലീസും ചിങ്ങവനം പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടമുണ്ടാക്കിയ കോട്ടയം-ചങ്ങനാശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.



Share this News Now:
  • Google+
Like(s): 382