28 November, 2017 09:55:04 PM


സ്വപ്ന ജെയിംസ് കര്‍ഷകശ്രീ 2018

കോട്ടയം: കേരളത്തിലെ ഏറ്റവും മികച്ച കാര്‍ഷികപ്രതിഭയ്ക്കുള്ള മലയാള മനോരമയുടെ 'കര്‍ഷകശ്രീ 2018' പുരസ്കാരത്തിനു പാലക്കാട് ശ്രീകൃഷ്ണപുരം കടമ്പഴിപ്പുറം പുളിക്കത്താഴെ സ്വപ്ന ജെയിംസ് (41) അര്‍ഹയായി. മൂന്നു ലക്ഷം രൂപയും സ്വര്‍ണപ്പതക്കവും ബഹുമതി പത്രവും അടങ്ങുന്ന അവാര്‍ഡ് രണ്ടു വര്‍ഷത്തിലൊരിക്കലാണ് നല്‍കുന്നത്. 

ഫെബ്രുവരി ഏഴു മുതല്‍ 11 വരെ തൊടുപുഴ ന്യൂമാന്‍ കോളജ് മൈതാനിയില്‍ നടക്കുന്ന കര്‍ഷകശ്രീ കാര്‍ഷിക മേളയില്‍ അവാര്‍ഡ് സമര്‍പ്പിക്കും. 
രാജ്യാന്തരപ്രശസ്തനായ കൃഷിശാസ്ത്രജ്ഞന്‍ േഡാ. എം.എസ്. സ്വാമിനാഥന്‍ അധ്യക്ഷനും ദേശീയ ക്ഷീരവികസന ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ടി. നന്ദകുമാര്‍, േകരള കാര്‍ഷിക സര്‍വകലാശാല മുന്‍ െവെസ് ചാന്‍സലര്‍ ഡോ. കെ.വി. പീറ്റര്‍, മലയാള മനോരമ മാനേജിങ് എഡിറ്റര്‍ ജേക്കബ് മാത്യു എന്നിവര്‍ അംഗങ്ങളുമായ വിധിനിര്‍ണയ സമിതി ഏകകണ്ഠമായാണ് സ്വപ്നയെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. 
കൃഷിയിടം ഒരിഞ്ചും പാഴാക്കാതെ, ജലമടക്കമുള്ള  പ്രകൃതിവിഭവങ്ങള്‍ സുസ്ഥിരമായി  വിനിയോഗിച്ചും  ചാണകവും ഗോമൂത്രവുംപോലുള്ള െജെവവസ്തുക്കള്‍ സമര്‍ഥമായി ഉപയോഗിച്ചും മൂല്യവര്‍ധനയിലൂടെ ഉല്‍പന്നങ്ങള്‍ക്കു പരമാവധി വില നേടിയും കൃഷിയില്‍നിന്നു മികച്ച േനട്ടമെടുക്കുന്ന സ്വപ്ന ജെയിംസ്,  കേരളത്തിലെ കര്‍ഷകസമൂഹത്തിന് അനുകരണീയ മാതൃകയാെണന്നു പുരസ്കാര നിര്‍ണയ സമിതി വിലയിരുത്തി. മഴക്കൊയ്ത്തും മിതമായ ജലവിനിയോഗവും പുതയിടീല്‍പോലുള്ള ജലസംരക്ഷണ നടപടികളും വഴി പാലക്കാട്ടെ രൂക്ഷമായ വരള്‍ച്ചയിലും കൃഷിയിടത്തില്‍ പച്ചപ്പു നിലനിര്‍ത്തിയ രീതിയെ സമിതി അഭിനന്ദിച്ചു. 
എട്ടരയേക്കര്‍ റബർത്തോട്ടം ഉൾപ്പെടെ പതിനൊന്നേക്കർ വരുന്ന പുരയിടവും 65 സെന്റ് നെൽവയലും ആറരയേക്കർ ബഹുവിളത്തോട്ടവും ഉൾപ്പെടുന്നതാണ് സ്വപ്ന–ജെയിംസ് ദമ്പതികളുടെ കൃഷിയിടം. കാപ്പിയും കൊക്കോയും തേനീച്ചവളര്‍ത്തലും മൽസ്യക്കൃഷിയുമെല്ലാം റബർത്തോട്ടത്തിന്റെ ഭാഗമാക്കിയതു സ്വപ്നയുടെ ലാഭതന്ത്രം. 
വീട്ടില്‍നിന്ന് അല്‍പം അകലെയുള്ള ആറരയേക്കര്‍ സ്ഥലത്ത്  തെങ്ങ്, കമുക്, ജാതി, കുരുമുളക്, വാഴ എന്നിവയാണ് പ്രധാന വിളകള്‍.  തെങ്ങൊന്നിന് വാർഷിക വിളവ് ശരാശരി നൂറു തേങ്ങ. മികച്ചവ വിത്തുതേങ്ങയാക്കും. ബാക്കിയില്‍ നല്ല പങ്കും കരിക്കായാണു വിൽക്കുന്നത്. ഒരു പങ്ക് കൊപ്രയാക്കി വെളിച്ചെണ്ണയെടുത്തു വിൽക്കുന്നു. 
ഗുണമേന്മ തെല്ലും ചോരാതിരിക്കാനായി ജാതിക്ക ഡ്രയറിൽ ഉണക്കിയാണ് വില്‍പന. ജാതിപത്രി സൂക്ഷ്മതയോടെ അടർത്തിയെടുത്തുണക്കി, വിലയും മൂല്യവും കൂടുതലുള്ള ഫ്ളവർ ആയി വിൽക്കുന്നു. ഗുണമേന്മയുള്ള നടീൽവസ്തുക്കൾ മറ്റു കർഷകർക്കു ലഭ്യമാക്കാനായി ചെറിയ തോതിൽ നഴ്സറിയുമുണ്ടിവിടെ. പച്ചക്കറിയും പഴവര്‍ഗങ്ങളും അച്ചാര്‍, സ്ക്വാഷ്, ജാം തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കിയാണ് വില്‍ക്കുന്നത്. 
കര്‍ഷകശ്രീ 2018 പുരസ്കാരത്തിനു പരിഗണിക്കാന്‍ സംസ്ഥാനത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍നിന്നായി 95 അപേക്ഷകളാണ് ലഭിച്ചത്. പ്രാഥമിക പരിശോധനയില്‍ തിരഞ്ഞെടുത്ത12 പേരുടെ കൃഷിയിടങ്ങളില്‍ വിദഗ്ധസംഘം നേരിട്ടുപോയി അന്വേഷണം നടത്തിയ ശേഷം അഞ്ചു കര്‍ഷകരെ  വിശദ പരിഗണനയ്ക്കായി നിശ്ചയിച്ചു. അവരുടെ കൃഷിയിടങ്ങളില്‍ വിദഗ്ധസംഘം വീണ്ടും പോയി തയാറാക്കിയ റിപ്പോര്‍ട്ടും വിഡിയോദൃശ്യങ്ങളും വിധിനിര്‍ണയസമിതിക്കു മുന്നില്‍ സമര്‍പ്പിക്കുകയായിരുന്നു. 
വയനാട് ചീരാല്‍ പാലയൂര്‍ പി. ജോയി, മലപ്പുറം കോലൊളമ്പ് ഇടക്കരയകത്തു വീട്ടില്‍ ഇ. അബ്ദുൾ ലത്തീഫ്, തൃശൂര്‍ പട്ടിക്കാട് കല്ലിങ്കല്‍ സിബി ജോര്‍ജ്,  തിരുവനന്തപുരം നാവായിക്കുളത്തിനടുത്ത് ഞാറയിൽകോണം ബി. എസ്. കോട്ടേജില്‍  ഷൈല ബഷീർ എന്നിവരാണ് സ്വപ്നയ്ക്കൊപ്പം മത്സരത്തിന്‍്റെ  അവസാനവട്ടംവരെ എത്തിയത്. Share this News Now:
  • Google+
Like(s): 389