25 November, 2017 10:23:57 PM


ഏറ്റുമാനൂരില്‍ ഇനി ഫോര്‍ സ്റ്റാര്‍ മദ്യപാനവും; ഉത്സവപ്രതീതിയില്‍ ഞായറാഴ്ച ഉദ്ഘാടനം




ഏറ്റുമാനൂര്‍: ഏറ്റുമാനൂരിലെ മദ്യപാനികളുടെ ഏറെ കാലമായുള്ള കാത്തിരിപ്പിന് വിരാമമേകി നഗരത്തില്‍ ഫോര്‍ സ്റ്റാര്‍ ബാര്‍ തുറക്കുന്നു. വെറുതെ തുറക്കുകയല്ല, സര്‍ക്കാരിന്‍റെ മദ്യനയങ്ങളില്‍ കുരുങ്ങി കിടന്ന ഏറ്റുമാനൂര്‍ പരിസരത്തെ ഏക ഫോര്‍ സ്റ്റാര്‍ ബാര്‍ തുറക്കുന്നതിന്‍റെ സന്തോഷം മദ്യപാനികളുമായി പങ്കുവെയ്ക്കാന്‍ ഒട്ടേറെ പരിപാടികളാണ് ഉടമകള്‍ ഏര്‍പ്പാടാക്കിയിരിക്കുന്നത്.

ഏതാണ്ട് ആറ് വര്‍ഷം മുമ്പ് ഫോര്‍ സ്റ്റാര്‍ ലവലില്‍ പ്രവര്‍ത്തനമാരംഭിച്ച ഹോട്ടല്‍ നാഷണല്‍ പാര്‍ക്കിന്‍റെ ബാര്‍ എന്ന സ്വപ്നം പൂവണിയാന്‍ ഇത്രയും കാലം കാത്തിരിക്കേണ്ടിവന്നു. യുഡിഎഫ് സര്‍ക്കാരിന്‍റെ മദ്യനയത്തില്‍ ഇനി ബാറുകല്‍ അനുവദിക്കില്ല എന്ന പ്രഖ്യാപനവും കൂടിയായപ്പോള്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ സ്വപ്നം കണ്ട ഏറ്റുമാനൂരിലെ മദ്യപാനികളുടെ പ്രതീക്ഷയും അസ്തമിച്ചിരുന്നു. പക്ഷെ എല്ലാം ശരിയാക്കും എന്ന എല്‍ഡിഎഫിന്‍റെ പ്രഖ്യാപനം ഫലത്തില്‍ ഇവിടെ ബാറിന്‍റെ കാര്യത്തില്‍ ശരിയായി മാറുക തന്നെ ചെയ്തു. 

ഞായറാഴ്ച രാവിലെ 11 മണിയ്ക്ക് ഉദ്ഘാടനവില്‍പന നടക്കും. വൈകിട്ട് ബാറില്‍ ഗാലാ ഗാനമേളയുണ്ടാകും. അത് രാത്രി 11 വരെ നീളും. രണ്ടെണ്ണം അകത്താകുമ്പോള്‍ ഒന്നു തുള്ളികളിക്കണം എന്ന് തോന്നുന്നവര്‍ക്ക് അതിനുള്ള സൗകര്യവും ആദ്യദിനത്തില്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. പ്രത്യേകം തയ്യാര്‍ ചെയ്തിരിക്കുന്ന ഓഡിറ്റോറിയത്തില്‍ ഇക്കൂട്ടര്‍ക്കായി 7.30ന് ഡിജെ പാര്‍ട്ടി ആരംഭിക്കും. പാട്ടിനൊപ്പം ചുവട് വെച്ച് മദ്യം ആവോളം നുകരുവാനുള്ള സൗകര്യവും രാത്രി 11 മണി വരെയുണ്ടെന്ന് ഹോട്ടല്‍ അധികൃതര്‍ പറയുന്നു.

യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ബാറുകള്‍ നിര്‍ത്തിയതോടെ ഏറ്റുമാനൂര്‍ നഗരത്തിലെ ആറ് ബാറുകള്‍ക്കാണ് പൂട്ട് വീണത്. പിന്നീട് ഒന്നൊന്നായി തുറക്കാന്‍ അനുമതി നല്‍കിയപ്പോഴും സംസ്ഥാനപാതയുടെ ഓരത്ത് എന്ന കാരണത്താല്‍ സംസ്ഥാനത്ത് നല്ലൊരു ശതമാനം ബാറുകളും അടഞ്ഞു കിടന്നു. ഇതിനിടെ കോട്ടയം ടിബി റോഡില്‍ തുറക്കാനാവാതെ കിടന്ന സ്റ്റാര്‍ ബാര്‍ ചെറുവാണ്ടൂരിലേക്ക് മാറ്റാനുള്ള നീക്കവും നടന്നിരുന്നു. ഇതിനിടെ നിര്‍ത്തി പോയ ചില ബാറുകളും ബാര്‍ ലൈസന്‍സിനായി കാത്തിരുന്ന പുതിയഹോട്ടലുകളും ബിയര്‍ ആന്‍റ് വൈന്‍ ഷോപ്പുകളായി വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. റോഡ് ക്ലിയറന്‍സ് ലഭിച്ച പഴയ ത്രി സ്റ്റാര്‍ വരെയുള്ള ഹോട്ടലുകളില്‍ മാത്രം ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കി.

ഏറ്റുമാനൂരില്‍ തവളക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ പാര്‍ക്ക് ഗ്രൂപ്പിന്‍റെ തന്നെ ഹോട്ടലിന് ബാര്‍ ലൈസന്‍സ് ലഭിച്ചുവെങ്കിലും നഗരത്തിലെ നിര്‍ത്തിപോയ മൂന്ന് ബാറുകള്‍ക്കും ഫോര്‍ സ്റ്റാര്‍ ഹോട്ടലായ നാഷണല്‍ പാര്‍ക്കിനും ബിയര്‍ ആന്‍റ് വൈന്‍ പാര്‍ലര്‍ ലൈസന്‍സ് ആണ് ലഭിച്ചത്. ബാര്‍ നടത്തിപ്പിന് അപേക്ഷിച്ചിരുന്ന സംസ്ഥാനത്തെ ഒട്ടേറെ ഹോട്ടലുകള്‍ക്ക് ശനിയാഴ്ച ലൈസന്‍സ് നല്‍കിയ കൂടെയാണ് ഏറ്റുമാനൂരിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലും ബാര്‍ ആയി മാറിയത്.



Share this News Now:
  • Google+
Like(s): 2987