25 November, 2017 09:37:43 PM


മതമൈത്രി സദ് ഭാവനാ പുരസ്‌കാരം സുരേഷ് കുറുപ്പിന് സമ്മാനിച്ചു



ചങ്ങനാശേരി: ഹിന്ദു മുസ്ലീം മതവിഭാഗത്തില്‍ വിശ്വസിച്ചവരായിട്ടും മതചിന്ത തൊട്ടുതീണ്ടാതെ സഹവര്‍ത്തിത്വത്തോടെ ചങ്ങനാശേരിയില്‍ സെൻറ് ജോര്‍ജ് പുണ്യവാളന്‍റെ നാമത്തില്‍ മൂന്ന് പതിറ്റാണ്ടിലേറെ സ്ഥാപനം നടത്തിയ കേശവന്‍ നായരും സെയ്തുമുഹമ്മദും പുതു തലമുറയ്ക്ക് മാതൃകയാണെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫ. പി. ജെ കുര്യന്‍ പറഞ്ഞു. ഗുഡ്‌വില്‍ ഹെറിറ്റേജ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സിനിയര്‍ സിറ്റിസന്‍ ഹാളില്‍  നടന്ന സ്‌നേഹ സംഗമം  ഉദ്ഘാടനം ചെയ്‌തുകൊണ്ടും മതമൈത്രി സദ് ഭാവനാ പുരസ്‌കാരം സുരേഷ് കുറുപ്പ് എംഎൽഎയ്ക്ക് വിതരണം ചെയ്തു കൊണ്ടും സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മതമൈത്രി സദ് ഭാവനാ  പുരസ്‌കാരം ഈ വര്‍ഷം രാഷ്ട്രീയത്തിന് അതീതമായി എല്ലാവരോടും സ്‌നേഹവും കരുണയും ഉള്ള സുരേഷ് കുറുപ്പിന് നല്‍കാന്‍ തീരുമാനിച്ചത്  ഉചിതമായ തീരുമാനമാണെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മോര്‍ കൂറിലോസ്  നല്കിയ മതനിരപേക്ഷ സന്ദേശത്തില്‍ വിവിധ വിശ്വാസം പിന്തുടരുന്നവരുടെ ഇത്തരം കൂട്ടായ്മകള്‍ നല്‍കുന്ന ആശ്വാസം വിലപ്പെട്ടതും സ്വാഗതാര്‍ഹവും ആണെന്നു പറഞ്ഞു. 

ചടങ്ങിൽ സൊസൈറ്റി രക്ഷാധികാരി അഡ്വ. പി.എച്ച് മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് പി.ജി.സോമന്‍കുട്ടി, സൊസൈറ്റി ജനറല്‍ സെക്രട്ടറി ഡോ.എസ് അബ്ദുല്‍ ഖാദര്‍, യമുനാ മാധവന്‍പിള്ള,എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ചു പ്രസിദ്ധികരിച്ച സ്മരണികയുടെ പ്രകാശനം കെ. ചന്ദ്രിക സോമശേഖരന് നല്‍കി ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസ്  നിര്‍വ്വഹിച്ചു. സ്വകാര്യ ബസ് സര്‍വീസിലെ മികവ് തെളിയിച്ച ചങ്ങനാശേരിയിലെ ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും പഴയകാല ജീവനക്കാരെയും  ചടങ്ങിൽ  ആദരിച്ചു. 



Share this News Now:
  • Google+
Like(s): 54