23 November, 2017 12:41:18 PM


എ.കെ.ശശീന്ദ്രൻ വീണ്ടും മന്ത്രിസഭയിലേക്ക്; കോട്ടയത്ത് ഇന്ന് നിർണായക ചർച്ചകൾ



കോട്ടയം: ഹണി ട്രാപ്പിലൂടെ മന്ത്രിസ്ഥാനം പോയ എ.കെ.ശശീന്ദ്രൻ വീണ്ടും മന്ത്രിസഭയിലേക്ക് എത്താനുള്ള കളമൊരുങ്ങുകയാണ്. ശശീന്ദ്രന്‍റെ മടങ്ങിവരവ് സംബന്ധിച്ച് കോട്ടയത്ത് ഇന്ന് നിർണായക ചർച്ചകൾ നടക്കുന്നുണ്ട്. എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ ഇന്ന് എൽഡിഎഫ് കണ്‍വീനർ വൈക്കം വിശ്വനുമായി കൂടിക്കാഴ്ച നടത്തും. പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരെയും എൻസിപി സംസ്ഥാന അധ്യക്ഷൻ കാണും.

തോമസ് ചാണ്ടി ഭൂമി കൈയേറ്റത്തിന്‍റെ പേരിൽ രാജിവച്ചതോടെയാണ് ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്കുള്ള വരവ് എളുപ്പമായത്. ഹണി ട്രാപ്പ് കേസ് അന്വേഷിച്ച പി.എസ്.ആന്‍റണി കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ശശീന്ദ്രന് കുരുക്കാകുന്ന പരാമർശങ്ങളൊന്നും ഉണ്ടായിരുന്നില്ല. റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് മടങ്ങിവരുന്നതിന് തടസമൊന്നുമില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു.

തോമസ് ചാണ്ടി രാജിവച്ച വേളയിൽ തന്നെ എൻസിപിയുടെ മന്ത്രിസ്ഥാനം ഒഴിച്ചിടണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിക്ക് മുന്നിൽ വച്ചിരുന്നു. പിന്നാലെ ചാണ്ടിയോ ശശീന്ദ്രനോ ആര് ആദ്യം കുറ്റവിമുക്തനായി വന്നാലും എൻസിപിയുടെ പ്രതിനിധിയായി മന്ത്രിസ്ഥാനത്ത് എത്തുമെന്ന് പാർട്ടിയും പ്രഖ്യാപിച്ചിരുന്നു. തോമസ് ചാണ്ടിക്കെതിരേ ശക്തമായ നിലപാടെടുത്ത് സിപിഐക്കും ശശീന്ദ്രൻ വീണ്ടും മന്ത്രിയാകുന്നതിനോട് എതിർപ്പില്ല എന്ന വ്യക്തമാക്കി കഴിഞ്ഞു. എൽഡിഎഫ് കൂടി അനുകൂലമായതോടെ ഏറ്റവും അടുത്ത സമയത്ത് തന്നെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഉറപ്പായി കഴിഞ്ഞു.



Share this News Now:
  • Google+
Like(s): 73