23 November, 2017 08:07:42 AM


ആക്​ഷൻ സിനിമയെ വെല്ലുന്ന വഴിതിരിവുകൾ; കുറ്റപത്രം ഇന്ന് പരിശോധിക്കും



കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്ട്രേറ്റ് ഇന്ന പരിശോധിക്കും. നടി കാവ്യ മാധവനുമായുള്ള ബന്ധം മഞ്ജു വാര്യരോട് വെളിപ്പെടുത്തിയതാണ് ആക്രമണത്തിന് ദിലീപിനെ പ്രേരിപ്പിച്ചതെന്നാണ് കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നത്. കോടതി വിശദമായി പരിശോധിച്ചശേഷം കുറ്റപത്രത്തിന്‍റെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കും. ഒരു ആക്​ഷൻ സിനിമയെ വെല്ലുന്ന വഴിത്തിരിവുകളാണ്, സിനിമാ മേഖലയെ പിടിച്ചുലയ്ക്കുകയും ദിലീപ് പ്രതിയാവുകയും ചെയ്ത കേസിനുള്ളത്. ഒരു സംഘം ഗുണ്ടകളിൽ അവസാനിക്കുമായിരുന്ന കേസ് ഇവിടെ വരെ എത്തിച്ചതു ഈ വഴിത്തിരിവുകളാണ്.

ഫെബ്രുവരി 17നു നടി ഉപദ്രവിക്കപ്പെട്ട പിന്നാലെ ഒരു പ്രതിയും ആറാം ദിവസം മുഖ്യപ്രതി സുനിൽകുമാറും പിടിയിലായിരുന്നു. കുറ്റകൃത്യത്തിൽ നേരിട്ട് ഉൾപ്പെട്ട ആറുപേരും ഒരാഴ്ചയ്ക്കകം അകത്താവുകയും തുടർന്ന് ഏപ്രിൽ 18നു പൊലീസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തതോടെ തീരേണ്ടതായിരുന്നു കേസ്. ഗൂഡാലോചന അന്വേഷിക്കേണ്ടതുണ്ടെന്നു പൊലീസ് കോടതിയെ അറിയിക്കുകയും ദിലീപിന്റെ പേര് ഇടയ്ക്കിടെ ഉയർന്നുകേൾക്കുകയും ചെയ്തെങ്കിലും വഴിത്തിരിവായി മാറിയത് സുനിലിന്റെ കത്തും ഫോൺവിളിയുമാണ്.

ക്വട്ടേഷൻ നൽകിയതു ദിലീപ് എന്നു സൂചിപ്പിക്കുന്ന തരത്തിൽ പ്രതി സുനിൽകുമാർ സഹതടവുകാരനെക്കൊണ്ട് എഴുതിച്ച കത്ത് വാട്സാപ്പിലൂടെ ദിലീപിന്റെ പക്കലെത്തി. പിന്നീടു പൊലീസിനും ലഭിച്ചു. കേസിലേക്കു ദിലീപിനെ ബന്ധിപ്പിക്കാനുള്ള ഒരു തുമ്പ് അന്വേഷണ സംഘത്തിനു വീണുകിട്ടിയെന്നു പറയാം. ദിലീപിന്റെ സഹായി അപ്പുണ്ണിയുടെ ഫോണിലേക്കു പണം ആവശ്യപ്പെട്ടുള്ള സുനിൽകുമാറിന്റെ ഫോൺവിളി ദിലീപിലേക്ക് എത്താൻ പൊലീസിനു വഴിതുറന്നു. കോടതിയിലേക്കുള്ള യാത്രയ്ക്കിടെ പൊലീസുകാരന്റെ ഫോണിൽനിന്നു സുനിൽകുമാർ ദിലീപിന്റെ ഫോണിലേക്കു വിളിച്ചതും പൊലീസിനു സഹായകമായി. 

തനിക്കു ബന്ധമില്ലാത്ത സംഭവത്തിൽ സുനിൽകുമാ‍ർ പണം ആവശ്യപ്പെട്ടു ബ്ലാക്മെയിൽ ചെയ്യുന്നതായി കാണിച്ച് ഏപ്രിൽ 20നു ദിലീപ് ഡിജിപിക്കു പരാതി നൽകി. തെളിവായി വാട്സാപ്പിൽ ലഭിച്ച കത്തും ഫോൺ വിളിയുടെ ശബ്ദരേഖയും നൽകി. എന്നാൽ, ദിലീപിന്റെ പരാതിയിൽ വസ്തുതയില്ലെന്നു പൊലീസ് കണ്ടെത്തി. ദിലീപിനെയും സുനിൽകുമാറിനെയും ബന്ധപ്പെടുത്തിയുള്ള അന്വേഷണത്തിനു പരാതി കാരണമായി മാറുകയും ചെയ്തു. സുനിൽകുമാറിനു വേണ്ടി ഭീഷണിപ്പെടുത്തിയെന്നു പരാതിയിൽ പറഞ്ഞ സഹതടവുകാരൻ വിഷ്ണുവിനെ പൊലീസ് പിടികൂടിയപ്പോൾ കൂടുതൽ വെളിപ്പെടുത്തലുകളുണ്ടായി. 

സുനിൽകുമാറുമായി ഒരു ബന്ധവുമില്ലെന്നു ദിലീപ് ആവർത്തിക്കുമ്പോഴാണ് ഇരുവരും ഒരുമിച്ചു തൃശൂരിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിൽക്കുന്ന ചിത്രം പുറത്തായത്. ജൂൺ അവസാനം പൊലീസിനു ലഭിച്ച ചിത്രങ്ങൾ ഒടുവിൽ ദിലീപ് അഭിനയിച്ചു പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ലൊക്കേഷനിലേതായിരുന്നു. ബന്ധപ്പെട്ടവരെ ചോദ്യംചെയ്തതിൽനിന്നു കാര്യങ്ങൾ വ്യക്തമായി.

നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചന സംശയിക്കുന്നുവെന്ന ആദ്യ പരസ്യപ്രതികരണം വന്നതു ദിലീപിന്റെ മുൻഭാര്യ കൂടിയായ മഞ്ജു വാരിയരിൽ നിന്നാണ്. ഗൂഢാലോചനയ്ക്കു പിന്നിലെ കാരണങ്ങൾ തേടി ദിലീപിന്റെ കുടുംബ ജീവിതത്തിലേക്കു പൊലീസ് എത്തിയതിന് ഇതും ഒരു കാരണമായി. ജൂൺ 28ന് ആലുവ പൊലീസ് ക്ലബ്ബിലെ 13 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിൽ ദിലീപ് നൽകിയ ഉത്തരങ്ങളിലെ പൊരുത്തക്കേടുകൾ പൊലീസിനു പിടിവള്ളിയായി. നാദിർഷ ഉൾപ്പെടെ ദിലീപിന്റെ പല സുഹൃത്തുക്കളും ചോദ്യം ചെയ്യലിനു വിധേയരായി. അങ്ങനെയാണ് ജൂലൈ 10നു നിർണായകമായ അറസ്റ്റ് നടന്നത്.



Share this News Now:
  • Google+
Like(s): 97