23 November, 2017 07:49:15 AM


ഓംബുഡ്‌സ്മാൻ നിയമനം ഇനിയുമായില്ല; ഇൻഷ്വറൻസ് കമ്പനികളുടെ തട്ടിപ്പ് തുടരുന്നുകോട്ടയം: ഇൻഷുറൻസ് കമ്പനികളെ സംബന്ധിച്ച പരാതികൾക്ക് പരിഹാരം കാണുവാൻ ഓംബുഡ്‌സ്മാൻ ഇല്ല. ഓംബുഡ്സ്മാന്‍റെ   നിയമനം അനന്തമായി നീളുന്നത് മുതലാക്കി ഇൻഷ്വറൻസ് കമ്പനികളുടെ തട്ടിപ്പും തുടരുകയാണ്. ഇന്‍ഷുറന്‍സ് കമ്പനികള്‍ ചികിത്സാ ചെലവിനായുള്ള ക്ലെയിം തള്ളുമ്പോള്‍ നിലവില്‍ പരാതി നല്‍കാനിടമില്ലാത്ത അവസ്ഥയിലാണ് പോളിസി ഉടമകള്‍.


ആരോഗ്യമേഖലയില്‍ നൂറുകണക്കിന് ക്ലെയിമുകളാണ് നിസാര കാരണങ്ങള്‍ പറഞ്ഞ് തള്ളുന്നത്. തള്ളികളയുന്ന ക്ലയിമുകളേക്കാള്‍ വളരെയേറെയാണ് അര്‍ഹതപ്പെട്ട ചികിത്സാചെലവുകള്‍ മുഴുവനായി രോഗികള്‍ക്ക് നല്‍കാതിരിക്കുന്നതും. ഭാരിച്ച ചികിത്സാച്ചെലവ് താങ്ങുമെന്ന കമ്പനികളുടെ വാഗ്ദാനത്തില്‍ വിശ്വസിച്ച് പോളിസിയെടുക്കുന്ന ആളുകള്‍ രോഗശയ്യയിലാവുമ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന സത്യം മനസിലാക്കുന്നത്. നിസാര കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് കമ്പനികള്‍ ക്ലെയിം നിരസിക്കുന്നത്. കൊച്ചിയിലാണ് കേരളത്തിലെ ഓംബുഡ്സ്മാന്‍റെ ഓഫീസ്. ഒരു വര്‍ഷമായി തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. രാജ്യത്തെങ്ങും സമാന സ്ഥിതിയാണുള്ളതത്രേ. ഇതുകൊണ്ടുതന്നെ തങ്ങളുടെ പരാതികള്‍ ആരോടും പറയാനാവാതെ വിഷമവൃത്തത്തിലായിരിക്കുകയാണ് പോളിസി ഉടമകള്‍.


രാജ്യത്തെ 16 ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന്‍ തസ്തികകളില്‍ നോയിഡയില്‍ മാത്രമാണ് നാഥനുള്ളത്. കേന്ദ്ര ധനകാര്യമന്ത്രാലയത്തിനു കീഴിലാണിത്. കൊച്ചിയിലുള്ള കേരളത്തിലെ ഇന്‍ഷുറന്‍സ് ഒാംബുഡ്സ്മാന്‍റെ ഓഫീസില്‍ മാത്രം   300 ലധികം പരാതികളാണ് കെട്ടികിടക്കുന്നത്. മാസം 30 പരാതികളിലെങ്കിലും തീര്‍പ്പ് കല്‍പ്പിച്ചിരുന്ന ഓഫീസായിരുന്നു ഇത്. പരാതികളില്‍ കക്ഷികളെ വിളിച്ചുവരുത്തി ഒത്തുതീര്‍പ്പുണ്ടാക്കുകയാണ് ഓംബുഡ്സ്മാന്‍ ചെയ്തിരുന്നത്. കൂടുതല്‍ കേസുകളും ആരോഗ്യ ഇന്‍ഷുറന്‍സ് ക്ലെയിം തള്ളിയതുമായി ബന്ധപ്പെട്ടതാണെന്ന് ഇവിടുത്തെ ഉദ്യോഗസ്ഥര്‍ പറയുന്നു.


പോളിസി എടുക്കുമ്പോള്‍ നിബന്ധനകള്‍ വായിച്ചുനോക്കാതെ കണ്ണുമടച്ച് എല്ലാ രേഖകളിലും ഒപ്പിട്ടു നല്‍കുന്നതാണ് വിനയാകുന്നത്. ഇന്‍ഷുറന്‍സ് കമ്പനികളുടെ പിടിവള്ളിയുമിതാണ്. നാലു ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കിടത്തി ചികിത്സ തേടിയ രോഗിയുടെ 22,000 രൂപയുടെ ബില്‍ തള്ളിയത് ഏറെ വിവാദമായിരുന്നു. ഇതേതുടര്‍ന്ന് പോളിസി ഉടമയായ ഹിന്‍ഡാല്‍കോ ഉദ്യോഗസ്ഥന്‍ തോമസുകുട്ടി കമ്പനിക്കെതിരേ പരാതി നല്‍കിയെങ്കിലും നടപടികള്‍ ഒന്നുമായില്ല. കിടത്തി ചികിത്സയ്ക്കിടെ ഗുളികകള്‍ മാത്രമാണ് രോഗിക്കു നല്‍കിയതെന്നും അതുകൊണ്ട് ഇന്‍ഷുറന്‍സ് തുക നല്‍കാനാകില്ലെന്നുമാണ് ലഭിച്ച മറുപടി.


ക്യാഷ് ലെസ് പോളിസി എന്ന കമ്പനിയുടെ വാഗ്ദാനത്തില്‍ കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്കു വിധേയനായ രോഗിയ്ക്കുണ്ടായ അനുഭവം പകല്‍കൊള്ളയ്ക്കു സമാനമായിരുന്നു. വെറും പനിയായി ചെന്ന രോഗിയെ ഒരാഴ്ചയിലധികം ആശുപത്രിയില്‍ കിടത്തി. ഇന്‍ഷ്വറന്‍സ് കമ്പനി പ്രതിനിധി ആശുപത്രിയിലെത്തി അസുഖം സ്ഥിരീകരിക്കുകയും പണമൊന്നും അടയ്ക്കേണ്ട എന്ന് രോഗിയെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഡിസ്ചാര്‍ജ് ചെയ്ത ദിവസം കയ്യില്‍ കിട്ടിയ 25000 രൂപയുടെ ബില്ലില്‍ 12000 രൂപയും രോഗി ആശുപത്രിയില്‍ അടയ്ക്കേണ്ടി വന്നുവെന്നതാണ്  വസ്തുത.


രോഗിയ്ക്ക് ഇന്‍ഷ്വറന്‍സ് സുരക്ഷ ഉണ്ടെന്ന് അറിഞ്ഞാല്‍ ഇന്‍ഷ്വറന്‍സ് കമ്പനിയുടെ അറിവോടെ തന്നെ ബില്ലില്‍ കൂട്ടിയിടുന്ന ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്‍റ് ഫീ തുടങ്ങിയ ചാര്‍ജുകളാണ് കമ്പനി വെട്ടിമാറ്റിയത്. പരാതിപ്പെട്ട പോളിസി ഉടമയെ തൃപ്തിപ്പെടുത്താന്‍ ആശുപത്രി അധികൃതരും ഇന്‍ഷ്വറന്‍സ് കമ്പനി ഉദ്യോഗസ്ഥരും കളിച്ച നാടകത്തിനൊടുവില്‍ വളരെ ചെറിയ തുക 2000 രൂപ തിരിച്ച് നല്‍കി കമ്പനി തടിതപ്പുകയും ചെയ്തു. വാഹന ഇന്‍ഷുറന്‍സിന്‍റെ കാര്യത്തിലും സമാനമായ സംഭവങ്ങളാണ് അരങ്ങേറുന്നത്. 


- സ്വന്തം ലേഖികShare this News Now:
  • Google+
Like(s): 349