22 November, 2017 03:41:01 PM


സരിത നായര്‍ക്കും ഗണേശ് കുമാറിനും എതിരെ കൊട്ടാരക്കര കോടതിയിൽ ഹര്‍ജി



കൊല്ലം : സോളാര്‍ തട്ടിപ്പു കേസ് പ്രതി സരിതാ എസ്.നായര്‍ക്കും കെ.ബി ഗണേശ് കുമാര്‍ എംഎല്‍എയ്ക്കും എതിരെ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി. കൊട്ടാരക്കര കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്‍പാകെ സരിത നല്‍കിയത് വ്യാജ കത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസ് അടുത്ത മാസം പരിഗണിക്കും.


സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തിയ റിട്ടയേര്‍ഡ് ജഡ്ജി ശിവരാജന് മുന്‍പാകെ സരിത നല്‍കിയത് വ്യാജ കത്താണെന്ന് ആക്ഷേപമുണ്ടായിരുന്നു. 21 പേജുള്ള യഥാര്‍ത്ഥ കത്തിന് പകരം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിവാദ പരാമര്‍ശങ്ങളുള്ള പേജുകള്‍ കൂടി ഉള്‍പ്പെടുത്തി 25 പേജുള്ള കത്ത് നല്‍കിയതെന്നായിരുന്നു ആക്ഷേപം.


സംഭവത്തിന് പിന്നില്‍ ഗണേഷ് കുമാര്‍ ആണെന്നും ആരോപണമുയര്‍ന്നിരുന്നു. സരിതയുടെ അഭിഭാഷകനായിരുന്ന ഫെന്നി ബാലകൃഷ്ണനാണ് ഇത്തരത്തില്‍ ഒരു ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. പേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാറിന്റെ ബന്ധുവായ ശരണ്യ മനോജാണെന്നും ഇത് തനിക്ക് മാത്രം അറിയാവുന്ന കാര്യമാണെന്നും ഫെന്നി വ്യക്തമാക്കിയിരുന്നു.



Share this News Now:
  • Google+
Like(s): 68