22 November, 2017 02:38:15 PM


'പത്മാവതി' വിവാദം: പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് ദീപിക ബഹിഷ്കരിക്കും



ഹൈദരാബാദ് : സഞ്ജയ് ലീലാ ബൻസാലിയുടെ പുതിയ ചിത്രം 'പത്മാവതി'യെച്ചൊല്ലി വിവാദങ്ങൾ ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയിലേക്കില്ലെന്നു നടി ദീപിക പദുക്കോൺ. പത്മാവതിയായി അഭിനയിക്കുന്ന ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ മൂക്ക് ചെത്തിക്കളയുമെന്നത് ഉൾപ്പെടെ സിനിമയ്ക്കെതിരെ വ്യാപക ഭീഷണിയുണ്ട്. ഈ പശ്ചാത്തലത്തിലാണു മോദിയുടെ ചടങ്ങ് ബഹിഷ്കരിച്ച് ദീപിക പ്രതിഷേധിക്കുന്നതെന്നാണു സൂചന.


യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേശകയും മകളുമായ ഇവാൻക ട്രംപ് അടക്കമുള്ളവർ പങ്കെടുക്കുന്ന ആഗോള സംരംഭക ഉച്ചകോടിയിൽ നിന്നാണ് ദീപിക വിട്ടുനിൽക്കുന്നത്. ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. നവംബർ 28 മുതൽ 30 വരെ ഹൈദരാബാദിലാണ് ഉച്ചകോടി സംഘടിപ്പിച്ചിട്ടുള്ളത്.


വ്യത്യസ്ത മേഖലകളിലെ സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ചു സംസാരിക്കാൻ വിവിധ രാജ്യങ്ങളിലെ പ്രശസ്തരാണ് എത്തുക. യുഎസിനെ പ്രതിനിധീകരിച്ചാണ് ഇവാൻക ട്രംപ് പങ്കെടുക്കുന്നത്. ചലച്ചിത്ര മേഖലയിലെ സ്ത്രീ സാന്നിധ്യം എന്ന വിഷയത്തിലാണു ദീപികയെ നിശ്ചയിച്ചിരുന്നത്. ദീപികയുടെ പിൻവാങ്ങലിനെ തുടർന്നു വിഷയം ആരു കൈകാര്യം ചെയ്യുമെന്നതിൽ വ്യക്തതയില്ല. എം.എസ്.ധോണിക്കു പകരം സാനിയ മിർസയും ഗോപീചന്ദും സംസാരിക്കും.


പത്മാവതി സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നു എന്നാരോപിച്ച് ഹൈന്ദവ സംഘടനകളുടെ ഭാഗത്തുനിന്ന് വ്യാപക പ്രതിഷേധമുണ്ട്. രജപുത്ര പൈതൃകത്തെ മോശമായി ചിത്രീകരിച്ചെന്നാണ് ആക്ഷേപം. റിലീസ് തടയണമെന്ന ആവശ്യം കഴിഞ്ഞദിവസം സുപ്രീം കോടതി തള്ളിയിരുന്നു. അതിനിടെ, റിലീസ് മാറ്റിവച്ചതായി നിർമാതാക്കൾ അറിയിച്ചു. ഡിസംബർ ഒന്നിനു റിലീസ് ചെയ്യാനായിരുന്നു മുൻ തീരുമാനം. ദീപിക പദുക്കോൺ, രൺവീർ സിങ്, ഷാഹിദ് കപൂർ എന്നിവരാണു സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.



Share this News Now:
  • Google+
Like(s): 128