21 November, 2017 08:26:21 AM


രാജ്യാന്തര കോടതിയില്‍ ഇന്ത്യയ്ക്ക് വിജയം; ദല്‍വീര്‍ ഭണ്ഡാരി എതിരില്ലാതെ ജഡ്ജിയായി



ന്യൂയോര്‍ക്ക്: ഹേഗിലെ രാജ്യാന്തര കോടതിയിലേയ്ക്കുള്ള ജഡ്ജി സ്ഥാനത്തേയ്ക്കുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് വിജയം. ഇന്ത്യക്കാരനായ ദല്‍വീര്‍ ഭണ്ഡാരി ജഡ്ജി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു. ദല്‍വീര്‍ ഭണ്ഡാരിക്കെതിരെ മത്സര രംഗത്തുണ്ടായിരുന്ന ബ്രിട്ടന്‍റെ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡ് അവസാന നിമിഷം നാടകീയമായി പിന്മാറിയതോടെയാണ് ഭണ്ഡാരിയുടെ വിജയം ഉറപ്പായത്. സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചത് ബ്രിട്ടനേറ്റ കനത്ത തിരിച്ചടിയാണെന്ന് ഇംഗ്ലീ‍ഷ് മാധ്യമങ്ങള്‍ വിമര്‍ശിച്ചു. 1945ല്‍ രൂപീകൃതമായ രാജ്യാന്തര കോടതിയില്‍ ചരിത്രത്തിലാദ്യമായാണ് ബ്രിട്ടന് ജഡ്ജിയില്ലാതാവുന്നത്. നേരത്തേ 11 തവണ യുഎന്‍ പൊതുസഭയില്‍ വോട്ടെടുപ്പു നടന്നപ്പോള്‍ ഇന്ത്യയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു.

ഐക്യരാഷ്ട്ര സംഘടനയുടെ കീഴില്‍ ലോക രാജ്യങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടിയുള്ള ഐക്യരാഷ്ട്ര സഭയുടെ നീതിന്യായ സംവിധാനമാണ് രാജ്യാന്തര കോടതി. കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ സംബന്ധിച്ച് ഇന്ത്യ-പാക്കിസ്ഥാന്‍ തര്‍ക്കം കോടതിയില്‍ പരിഗണനയിലുണ്ട്. വിവിധ യുഎന്‍ സമിതികള്‍ക്കും ഏജന്‍സികള്‍ക്കും അവര്‍ ആവശ്യപ്പെടുമ്പോള്‍ കോടതി നിയമോപദേശം നല്‍കുന്നു. 15 ജഡ്ജിമാരാണ് കോടതിയിലുള്ളത്. മൂന്നു വര്‍ഷത്തിലൊരിക്കല്‍ മൂന്നിലൊന്ന് അംഗങ്ങള്‍ വിരമിക്കും. അതേ വര്‍ഷം തന്നെ തിരഞ്ഞെടുപ്പും നടത്തും. അതായത് മൂന്നു വര്‍ഷം കുടുമ്പോള്‍ പുതിയ അഞ്ചു ജഡ്ജിമാര്‍ തിരഞ്ഞെടുക്കപ്പെടും.



Share this News Now:
  • Google+
Like(s): 18