20 November, 2017 10:34:40 PM


'പത്മാവതി': ഭാരതീയ ക്ഷത്രിയ സഭയുടെ കൊലവിളിക്കെതിരെ സംസ്ഥാന നേതൃത്വം


കോട്ടയം: ഹിന്ദി ചിത്രം പത്മാവതിക്കെതിരെയുള്ള അഖില ഭാരതീയ ക്ഷത്രിയ മഹാസഭയുടെ പ്രതിഷേധ രീതിയോടു കേരളത്തിലെ ക്ഷത്രിയ ക്ഷേമസഭയ്ക്കു യോജിപ്പില്ലെന്നു സംസ്ഥാന നേതാക്കൾ. രജപുത്ര പൈതൃകം അക്രമത്തിലൂടെയല്ല സംരക്ഷിക്കേണ്ടതെന്നു ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് പ്രഫ. കെ.എൻ. സുരേന്ദ്രനാഥവർമയും ജനറൽ സെക്രട്ടറി ആത്മജവർമ തമ്പുരാനും പറഞ്ഞു. 

സിനിമയ്ക്കെതിരേ ദേശീയ തലത്തിലുള്ള പ്രതിഷേധത്തിൽ കേരള നേതാക്കൾ സമവായത്തിനു ശ്രമിക്കും. സംഘടനകൾ ആരോപിക്കുന്ന തരത്തിലുള്ള ഒരു രംഗവും ചിത്രത്തിൽ ഇല്ലെന്നു സംവിധായകനും നിർമാതാക്കളും ആവർത്തിച്ച് ഉറപ്പു നൽകിയിട്ടും കൊലവിളി നടത്തുന്നതു ശരിയല്ല. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് സർക്കാരുകൾ നിലപാടുകൾ പുനപരിശോധിക്കണം. 

പ്രശ്നം രമ്യമായി പരിഹരിക്കാൻ അഖില ഭാരതീയ ക്ഷത്രിയ മഹാസഭയുമായും സർക്കാരുകളുമായും ചർച്ച നടത്താൻ പ്രതിനിധി സംഘത്തെ അയക്കുമെന്നും സംസ്ഥാന നേതാക്കൾ അറിയിച്ചു. ആവിഷ്കാര സ്വാതന്ത്ര്യം എന്നതിനപ്പുറം സിനിമയെ വീക്ഷിക്കേണ്ടതില്ലെന്നാണ് കേരള ക്ഷത്രിയ ക്ഷേമസഭയുടെ നിലപാട്.



Share this News Now:
  • Google+
Like(s): 65