20 November, 2017 08:33:00 PM


ഹാദിയയെ സന്ദര്‍ശിക്കുന്നതിൽ നിന്നും വനിതാ കമ്മിഷന്‍ അദ്ധ്യക്ഷയെ പിതാവ് വിലക്കി


uploads/news/2017/11/167218/hadiya.jpg


കോട്ടയം: ഹാദിയയെ സന്ദര്‍ശിക്കാന്‍ എത്തിയ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന്‍ പിതാവ് അശോകന്‍ അനുവദിച്ചില്ല. ഹാദിയയെ സുപ്രീംകോടതിയില്‍ ഹാജരാക്കാനുള്ള യാത്ര വിമാനത്തിലാക്കണമെന്ന് ആവശ്യപ്പെടാനും സുരക്ഷാ കാര്യങ്ങളുടെ വിശദാംശങ്ങള്‍ മനസ്സിലാക്കാനുമായിരുന്നു കമ്മിഷന്റെ സന്ദര്‍ശനം. വിമാനയാത്രാ ചെലവ് കമ്മിഷന്‍ വഹിക്കാന്‍ തയ്യാറാണെന്നും എം.സി. ജോസഫൈന്‍ അറിയിച്ചു.

എന്നാല്‍ യാത്രയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും കമ്മിഷന്‍ യാത്രാച്ചെലവ് നല്‍കേണ്ടതില്ലെന്നുമായിരുന്നു പിതാവിന്റെ നിലപാട്. കമ്മിഷനംഗം എം.എസ്. താരയോടൊപ്പമാണ് ഉച്ചയ്ക്ക് 2.30ന് ജോസഫൈന്‍ എത്തിയത്.

തന്റെ അഭിപ്രായം കേള്‍ക്കാതെ കേസില്‍ കേരള വനിതാ കമ്മീഷന്‍ കക്ഷി ചേര്‍ന്നത് ശരിയായില്ലെന്ന് പിതാവ് അശോകന്‍ പറഞ്ഞു. യുവതിയുടെ അവകാശം സംരക്ഷിക്കാനാണ് സുപ്രീംകോടതിയെ സമീപിച്ചതെന്ന് കമ്മിഷന്‍ പിതാവിനെ അറിയിച്ചു. ദേശീയ കമ്മിഷന്‍ അദ്ധ്യക്ഷയുടെ സന്ദര്‍ശനം കൊണ്ട് യുവതിക്ക് എന്ത് സ്വാതന്ത്ര്യമാണ് ലഭിച്ചതെന്നും സംസ്ഥാന കമ്മിഷന്‍ അദ്ധ്യക്ഷ സന്ദര്‍ശിച്ചാല്‍ മകള്‍ക്ക് എന്തു സുരക്ഷാ ഭീഷണിയാണുണ്ടാകുന്നതെന്നും ചെയര്‍പേഴ്‌സണ്‍ ചോദിച്ചു.

പിതാവിന്റെ അനുവാദത്തോടെ മാത്രമേ പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിയെ കാണാന്‍ കഴിയൂ എന്ന സ്ഥിതി തുടരുന്നത് ആശാസ്യമല്ല. ഈ നിലപാട് തിരുത്തണം. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ സന്ദര്‍ശിക്കുന്നതു വഴി മകള്‍ക്ക് എന്തു സുരക്ഷാ ഭീഷണിയാണുണ്ടാകുന്നതെന്ന് വ്യക്തമാക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

തുടര്‍ന്ന് യുവതിക്ക് നേരിട്ട് സംരക്ഷണം നല്‍കുന്ന വനിതാ പോലീസുകാരില്‍നിന്നും ചെയര്‍പെഴ്‌സന്‍ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. ദില്ലിയിലേക്കുള്ള യാത്രയില്‍ മതിയായ സുരക്ഷ ഉറപ്പുവരുത്തുതിന് പോലീസ് കൈക്കൊണ്ട നടപടികളെക്കുറിച്ച് ജില്ലാ പോലീസ് മേധാവിയില്‍നിന്ന് അടിയന്തരമായി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡയറക്ടര്‍ വി.യു. കുര്യാക്കോസ് സംഘത്തെ അനുഗമിച്ചു.

സുഹൃത്തുക്കളുമായി സഹവസിക്കാന്‍ കഴിയാത്ത വിധം വീടിനുള്ളില്‍ കടുത്ത നിയന്ത്രണങ്ങളാണ് യുവതി നേരിടുതെന്ന് ബോധ്യമായതായി ചെയര്‍പെഴ്‌സന്‍ എം.സി. ജോസഫൈന്‍ അറിയിച്ചു.

സ്വന്തം വിശ്വാസവും ജീവിതവും തെരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനല്‍കിയിട്ടുള്ളതാണ്. കോടതി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ല. ഇക്കാര്യങ്ങള്‍ സുപ്രീം കോടതിയില്‍ ബോധിപ്പിക്കുമെന്നും ചെയര്‍ പേഴ്‌സന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.



Share this News Now:
  • Google+
Like(s): 42