20 November, 2017 02:37:39 PM


കോണ്‍ഗ്രസ് നേതാവ് പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി അന്തരിച്ചു



ദില്ലി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രിയരഞ്ജന്‍ ദാസ് മൂന്‍ഷ അന്തരിച്ചു. 72 വയസായിരുന്നു. ദില്ലി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ തിങ്കളാഴ്ച 12.10ഓടെയിരുന്നു അന്ത്യം. ഇക്കാര്യം ഭാര്യ ദീപ മുന്‍ഷിയാണ് വ്യക്തമാക്കിയത്.

2008ല്‍ അനുഭവപ്പെട്ട ഹൃദയാഘാതത്തെയും പക്ഷാഘാതത്തെയും തുടര്‍ന്ന് കോമ അവസ്ഥയിലായിരുന്നു പ്രിയരഞ്ജന്‍ ദാസ്. ജര്‍മ്മനിയില്‍ കൊണ്ടുപോയി സ്‌റ്റെം സെല്‍ ചികിത്സ ഉള്‍പ്പെടെയുള്ളവ നല്‍കിയിരുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായിരുന്നു ഈ ചികിത്സ. എന്നാല്‍ ഇതൊന്നും ഫലംകണ്ടിരുന്നില്ല. കഴിഞ്ഞ ഒരു മാസമായി അദ്ദേഹത്തിന്റെ സ്ഥിതി തീര്‍ത്തും മോശമായിരുന്നു.

1999 മുതല്‍ 2009 വരെ പാര്‍ലമെന്റ് അംഗമായിരുന്ന മുന്‍ഷി ഒന്നാം യു.പി.എ സര്‍ക്കാരില്‍ 2004 മുതല്‍ 2008 വരെ വാര്‍ത്താ വിതരണ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ റായ്ഗഞ്ച് മണ്ഡലത്തില്‍ നിന്നാണ് പാര്‍ലമെന്റില്‍ എത്തിയത്. പ്രിയരഞ്ജന്‍ കിടപ്പിലായതോടെ ഭാര്യ ദീപയെ നിര്‍ത്തി കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്തി. 2014ലെതെരഞ്ഞെടുപ്പില്‍ ദീപയ്‌ക്കെതിരെ സഹോദരന്‍ സത്യരഞ്ജന്‍ ദാസ്മുന്‍ഷിയെ തൃണമൂല്‍ കോണ്‍ഗ്രസ് കളത്തിലിറക്കി. ഇവരുടെ പോരിനിടെ മണ്ഡലം സി.പി.എം പിടിച്ചെടുത്തു.

ഇരുപത് വര്‍ഷത്തോളം ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റായും മുന്‍ഷി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫിഫ ലോകകപ്പിലെ മാച്ച് കമ്മീഷണര്‍ ആയി പ്രവര്‍ത്തിച്ച ആദ്യ ഇന്ത്യക്കാരനും മുന്‍ഷിയായിരുന്നു.



Share this News Now:
  • Google+
Like(s): 128