20 November, 2017 01:11:15 PM


രഞ്ജിയില്‍ കേരളം ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി



തിരുവനന്തപുരം: ശക്തരായ സൗരാഷ്ട്രയെ 310 റണ്‍സിന് തകർത്ത് കേരളം രഞ്ജി ട്രോഫിയിലെ ക്വാർട്ടർ പ്രതീക്ഷ നിലനിർത്തി. 405 റണ്‍സ് വേണ്ടിയിരുന്ന സൗരാഷ്ട്ര അവാസന ദിനം 95 റണ്‍സിന് തകർന്നടിഞ്ഞു. നാല് വിക്കറ്റ് നേടിയ ജലജ് സക്സേനയും മൂന്ന് വീതം വിക്കറ്റുകൾ നേടിയ സിജോമോൻ ജോസഫ്, അക്ഷയ് കെ.സി എന്നിവരുമാണ് കേരളത്തിന് മിന്നുന്ന ജയം സമ്മാനിച്ചത്.

30/1 എന്ന നിലയിലാണ് അവസാന ദിനം സൗരാഷ്ട്ര തുടങ്ങിയത്. എന്നാൽ അവാസന ദിനം കേരളത്തിന്‍റെ സ്പിന്നർമാർക്ക് മുന്നിൽ അവർക്ക് പിടിച്ചുനിൽക്കാനായില്ല. 24 റണ്‍സ് നേടിയ ഷെൽഡണ്‍ ജാക്സണാണ് ടോപ്പ് സ്കോറർ. നാല് പേർ സൗരാഷ്ട്ര നിരയിൽ പൂജ്യത്തിന് പുറത്തായി. റോബിൻ ഉത്തപ്പ 12 റണ്‍സ് നേടി പുറത്തായി.

ഗ്രൂപ്പിൽ ഒന്നാമതായിരുന്ന സൗരാഷ്ട്രയുടെ സീസണിലെ ആദ്യ തോൽവിയാണിത്. കേരളത്തിന്‍റെ നാലാം ജയമാണ് ഇന്നുണ്ടായത്. ഗുജറാത്തിനെതിരേ പൊരുതി തോറ്റത് മാത്രമാണ് ഈ സീസണിൽ കേരളം മറക്കാൻ ആഗ്രഹിക്കുന്നത്.
രണ്ടാം ഇന്നിംഗ്സിൽ സഞ്ജു സാംസണ്‍ നേടിയ തകർപ്പൻ സെഞ്ചുറിയാണ് കേരളത്തിന് മികച്ച വിജയം നേടാൻ സഹായകമായത്. 175 റണ്‍സ് അടിച്ചുകൂട്ടിയ സഞ്ജു 16 ഫോറും എട്ട് സിക്സും പറത്തി. ആദ്യ ഇന്നിംഗ്സിൽ 68 റണ്‍സ് നേടിയും സഞ്ജു ടീമിന്‍റെ രക്ഷകനായി. സഞ്ജുവാണ് മാൻ ഓഫ് ദ മാച്ച്. സ്കോർ: കേരളം ഒന്നാം ഇന്നിംഗ്സ് 225, രണ്ടാം ഇന്നിംഗ്സ് 411/6 ഡിക്ലയേർഡ്. സൗരാഷ്ട്ര ഒന്നാം ഇന്നിംഗ്സ് 232, രണ്ടാം ഇന്നിംഗ്സ് 95. 



Share this News Now:
  • Google+
Like(s): 129