06 February, 2016 10:30:18 PM


പള്ളിയില്‍ സംസ്‌കാരത്തിന്‌ അനുമതി നിഷേധിച്ച ബിഷപിനെതിരെ കോടതിവിധി

തൊടുപുഴ: ശവസംസ്‌കാരത്തിന്‌ അനുമതി നിഷേധിച്ച ബിഷപിനെതിരെ കോടതിവിധി. എള്ളുംപുറം സി.എസ്‌.ഐ പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയില്‍ പ്രഫ.സി.സി ജേക്കബിന്റെ മൃതദേഹം മാന്യമായി സംസ്‌കരിക്കാന്‍ അനുമതി നിഷേധിച്ചതിനെതിരെ ഭാര്യ മേരി ജേക്കബ്‌ നല്‍കിയ മാനനഷ്‌ടക്കേസിലാണ്‌ സി.എസ്‌.ഐ ഈസ്‌റ്റ്‌ കേരള മഹായിടവക ബിഷപ്‌ കെ.ജി ദാനിയേലിനെതിരെ കോടതി വിധി.


മാനനഷ്‌ടത്തിന്‌ പരിഹാരമായി 9,95,000 രൂപയും കോടതി ചെലവുകളും വാദികളായ ഭാര്യയ്‌ക്കും രണ്ട്‌ മക്കള്‍ക്കും നല്‍കാനാണ്‌ ഈരാറ്റുപേട്ട മുന്‍സിഫ്‌ ജഡ്‌ജി ഹരീഷ്‌.ജി വിധി പ്രസ്‌താവിച്ചത്‌.   എള്ളുംപുറം സെന്റ്‌ മത്യാസ്‌ പള്ളി വികാരിയും സി.എസ്‌.ഐ ഈസ്‌റ്റ്‌ കേരള മഹായിടവകയും കേസില്‍ കക്ഷികളാണ്‌. സ്‌നാനം ഒരു പഠനം എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചതിനെചൊല്ലിയുള്ള സംഭവവികാസങ്ങളാണ് കോടതിക്കു മുന്നിലെത്തിയത്.

പൂര്‍വകേരള മഹായിടവകയുടെ സ്‌ഥാപക പ്രവര്‍ത്തകനും സഭയുടെ സെക്രട്ടറി, രജിസ്‌ട്രാര്‍, സിനഡ്‌ പ്രതിനിധി, മുട്ടം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നയാളുമായ സി.സി ജേക്കബിനെ സഭയില്‍ നിന്ന്‌ ബിഷപ്‌ പുറത്താക്കിയിരുന്നു. ഈ നടപടി സാമാന്യനീതിനിഷേധവും അസാധുവാണെന്ന്‌ 2009 ല്‍ ഈരാറ്റുപേട്ട മുന്‍സിഫ്‌ കോടതി വിധിച്ചിരുന്നു. ഇതിനെതിരെ ബിഷപ്‌ നല്‍കിയ അപ്പീല്‍ 2011 നവംബര്‍ 30ന്‌ പാലാ സബ്‌ കോടതി ചെലവ്‌ സഹിതം തള്ളി.

സി.സി ജേക്കബ്‌ 2013 ഒകേ്‌ടാബര്‍ അഞ്ചിന്  മരിച്ചു. വിവരം ബിഷപ്പിനെ അറിയിച്ചപ്പോള്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്താനാവില്ലെന്ന്‌ ഇടവക വികാരിയിലൂടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ സഭാവിശ്വാസികളുടേയും പൊതുപ്രവര്‍ത്തകരുടേയും ഇടപെടലിനെതുടര്‍ന്ന്‌ സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ അനുവദിച്ചുവെങ്കിലും പട്ടക്കാര്‍ പള്ളിക്കുള്ളില്‍ ആചാരവസ്‌ത്രമണിഞ്ഞ്‌ ശുശ്രൂഷ പാടില്ലെന്നും കുടുംബകല്ലറയില്‍ അടക്കാന്‍ പാടില്ലെന്നും അറിയിച്ചു. എന്നാല്‍ പരേതനെയും ബന്ധുജനങ്ങളേയും അപമാനിക്കാന്‍ മാത്രമാണിതെന്നും ഈ നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്നും പറഞ്ഞ കുടുംബാംഗങ്ങള്‍ തുടര്‍ന്ന്‌ വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തുകയും ചെയ്‌തു.

തുടര്‍ന്നാണ്‌ ഈരാറ്റുപേട്ട മുന്‍സിഫ്‌ കോടതിയില്‍ അന്യായം ഫയല്‍ ചെയ്‌തത്‌. ഒരു രൂപതയിലെ ബിഷപ്പും ഇടവക വികാരിയും സാധാരണ ആളുകളെപ്പോലെ വികാരങ്ങളും മോഹങ്ങളും പ്രകടിപ്പിക്കാവുന്നതല്ലെന്ന്‌ കോടതി ഉത്തരവില്‍ വ്യക്‌തമാക്കി. ഈ നടപടി  സി.സി ജേക്കബിന്റെ അവകാശങ്ങളുടേയും വിശേഷ ആനുകൂല്യങ്ങളുടേയും ലംഘനമാണ്‌. സുപ്രീംകോടതിയുടേയും ഹൈക്കോടതിയുടേയും ഉത്തരവ്‌ അനുസരിച്ച്‌ മാന്യമായി സംസ്‌കരിക്കപ്പെടുവാനുള്ള അവകാശം നിയമം അംഗീകരിച്ചിട്ടുള്ളതാണ്‌. സഭയിലെ ശുശ്രൂഷകരില്‍ നിന്ന്‌ കരുണയും കരുതലും ക്ഷമയും മാനുഷിക മൂല്യങ്ങളും വളരെ പ്രതീക്ഷിക്കുന്നു. ഇത്തരം പദവിയിലുള്ളവര്‍ പ്രതികാരമനോഭാവം പ്രകടിപ്പിക്കുവാന്‍ പാടില്ലെന്നും കോടതി വ്യക്‌തമാക്കി.വാദികള്‍ക്കു വേണ്ടി അഡ്വ. പി ബിജു, അഡ്വ.എസ്‌ കണ്ണന്‍ എന്നിവര്‍ ഹാജരായി.

സി.സി.ജേക്കബിന്റെ സംസ്‌ക്കാരവുമായി ബന്ധപ്പെട്ടുണ്ടായ കോടതി വിധി മാനിക്കുന്നതായി ഈസ്‌റ്റ്‌ കേരള മഹായിടവക ബിഷപ്‌ ഡോ. കെ.ജി. ദാനിയേല്‍ പറഞ്ഞു. ഇത്‌ സഭയുടെ വിശ്വാസത്തിന്റെയും ശിക്ഷണത്തിന്റെയും വിഷയമാണ്‌. വിധിന്യായം പഠിച്ചതിനുശേഷം ആവശ്യമെങ്കില്‍ മേല്‍കോടതിയെ സമീപിക്കും. സഭയിലെ ഏതു വ്യക്‌തിക്കും നിയമം ഒരുപോലെ ബാധകമാണ്‌. സഭയുടെ അടിസ്‌ഥാന പ്രമാണത്തില്‍ നിന്നും മാറിപ്പോകുകയും വിശ്വാസപ്രമാണത്തില്‍ നിന്നു വ്യതിചലിക്കുകയും ചെയ്‌താല്‍ സഭാപരമായ ശിക്ഷണനടപടികള്‍ക്ക്‌ വിധേയമാകും. അത്‌ മാത്രമാണ്‌ ഇവിടെ സംഭവിച്ചത്‌. സഭയുടെ വിശ്വാസം എന്ത്‌ വിലകൊടുത്തും നിലനിര്‍ത്തുമെന്നും ബിഷപ്പ് പറഞ്ഞു.Share this News Now:
  • Google+
Like(s): 628