Breaking News
കണ്ണൂർ കൊളവല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; മൂന്ന് പേർക്ക് പരിക്ക്... ശബരിമല അറസ്റ്റ്: മുഖ്യമന്ത്രിയുടെ വസതിക്കും പോലീസ് സ്റ്റേഷനുകള്‍ക്കും മുന്നില്‍ പ്രതിഷേധം... തൃശൂര്‍ പട്ടിക്കാട്ടും ഇടുക്കി മറയൂരിലും എടിഎം കവര്‍ച്ചാ ശ്രമം; തകര്‍ത്തത് എസ്ബിഐ എടിഎം കൗണ്ടറുകള്‍... തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവച്ചു... സര്‍ക്കാര്‍ സഹായത്തോടെയുള്ള താത്കാലിക ഇടത്താവളം കെ.പി.ശശികല ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ... കെ. സുരേന്ദ്രൻ റിമാന്‍ഡിൽ; ഇരുമുടികെട്ടുമായി കൊട്ടാരക്കര സബ് ജയിലിലേക്ക്... 15 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍...

18 November, 2017 03:01:40 PM


വിശപ്പുരഹിത കേരളം പദ്ധതി: ആലപ്പുഴയില്‍ ജനുവരി ഒന്നിനു തുടക്കമാകുംആലപ്പുഴ: പുതുവര്‍ഷപ്പുലരി മുതല്‍ വിശന്നവയറുമായി ആര്‍ക്കും ആലപ്പുഴയില്‍ അലയേണ്ടി വരില്ല. അശരണര്‍ക്ക് ഒരു നേരത്തെ ഭക്ഷണം സൗജന്യമായി നല്‍കുന്നതിന് സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിശപ്പുരഹിത കേരളം പദ്ധതിക്ക് ആലപ്പുഴ നഗരത്തില്‍ ജനുവരി ഒന്നിനു തുടക്കമാകുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ കൂടിയ വിവിധ സന്നദ്ധസംഘടനകളും ഉദ്യോഗസ്ഥരും പങ്കെടുത്ത ആലോചന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

അശരണര്‍ക്ക് ഒരു നേരത്തെ ഭക്ഷണം എല്ലാ ദിവസവും സൗജന്യമായി നല്‍കുകയും പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ ഗുണമേന്മയുള്ള ഭക്ഷണം ലഭ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലാണ് സര്‍ക്കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയില്‍ ആലപ്പുഴ നഗരത്തിലാണ് പദ്ധതിക്കു തുടക്കം കുറിക്കുക. സന്നദ്ധ സംഘടനകള്‍, സര്‍ക്കാരിതര സംഘടനകള്‍, യുവജനസംഘടനകള്‍, കുടുംബശ്രീ അടക്കം എല്ലാവരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. പദ്ധതി നടത്തിപ്പിനായി ജില്ലാ കളക്ടര്‍ ടി.വി. അനുപമ ചെയര്‍മാനായും ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍. ഹരിപ്രസാദ് കണ്‍വീനറുമായ സമിതി രൂപീകരിച്ചു. രണ്ടു ജില്ലകളില്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ 70 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. 

ഭക്ഷണം പാചകം ചെയ്യുന്നതിനും നല്‍കുന്നതിനുമായി സ്ഥിരം കേന്ദ്രം ആരംഭിക്കും. ഇതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. കൂപ്പണോ മറ്റു സംവിധാനമോ ഉപയോഗിച്ച് അശരണര്‍ക്ക് ഈ കേന്ദ്രത്തിലൂടെ മികച്ച ഭക്ഷണം ലഭ്യമാക്കും. പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍, 20 രൂപയ്ക്ക് ഊണും 10 രൂപയ്ക്ക് പ്രഭാതഭക്ഷണവും ലഭ്യമാക്കുക കൂടിയാണ് ലക്ഷ്യം. വരുമാനമില്ലാതെ നിരാശ്രയരായി കഴിയുന്നവര്‍ക്കും രോഗികള്‍ക്കും ഭക്ഷണം നല്‍കും. നിലവില്‍ ഈ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുകയെന്നും മന്ത്രി പറഞ്ഞു. 

സന്നദ്ധ സംഘടനകളുടെ സഹായത്തോടെ വിതരണ കേന്ദ്രങ്ങളില്‍നിന്ന് ഭക്ഷണം നിര്‍ധനരായ കിടപ്പുരോഗികള്‍ക്കും അവശര്‍ക്കും വീടുകളില്‍ എത്തിച്ചു നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ, മില്‍മ, ഹോര്‍ട്ടികോര്‍പ് അടക്കമുള്ള വിവിധ സ്ഥാപനങ്ങളുടെ സഹകരണം പദ്ധതിക്കു ലഭിക്കും. യോഗത്തില്‍ വിവിധ സംഘടനകള്‍ പദ്ധതിക്ക് പിന്തുണ അറിയിച്ചു.

ജില്ലാ കളക്ടര്‍ ടി.വി. അനുപമ, സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ ഡോ. നരസിംഹുഗരി റ്റി.എല്‍. റെഡ്ഡി, സബ് കളക്ടര്‍ വി.ആര്‍.കെ. തേജ മൈലാവരപ്പൂ, ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍. ഹരിപ്രസാദ്, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ അനീറ്റ എസ്. ലിന്‍, ഫാ. സേവ്യര്‍ കുടിയാംശേരില്‍, ഫാ. ജോസ് കൂലിപ്പുരയ്ക്കല്‍, എം. ഹസന്‍, ജോസി കുര്യന്‍, ലീല വാസവന്‍, തെരുവോരം മുരുകന്‍, പേള്‍, ഗ്രേസ് മൈക്കിള്‍, ഹരീന്ദ്രനാഥ്, അഡ്വ. പി.ജെ. മാത്യു, സച്ചിന്‍ സതീഷ്, പി.കെ. കൃഷ്ണകുമാര്‍, ജെ.എം. ഉമ്മന്‍, ഡോ. ജി. ബാലചന്ദ്രന്‍, ഹനീസ് ഇസ്മായില്‍, പ്രേംസായി, റ്റി.ആര്‍. റോയി, എം. ഗീത, ഡോ. എം.വി. എലിസബത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.Share this News Now:
  • Google+
Like(s): 282