18 November, 2017 01:09:53 PM


എസ്‌എന്‍സി ലാവലിന്‍ കേസ് : സിബിഐയുടെ അപ്പീല്‍ വൈകും



തിരുവനന്തപുരം: എസ്‌എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിയ്ക്കെതിരെയുള്ള സിബിഐയുടെ അപ്പീല്‍ വൈകും. 90 ദിവസത്തിനകം അപ്പീല്‍ നല്‍കണമെന്ന സമയപരിധി പാലിക്കാനാകില്ലെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്. അപ്പീല്‍ തയ്യാറാക്കുന്ന ജോലികള്‍ പൂര്‍ത്തിയായില്ലെന്നാണ് സിബിഐയുടെ വിശദീകരണം.


ഈ മാസം 21 നാണ് നിയമപരമായി അപ്പീല്‍ നല്‍കേണ്ടതിന്‍റെ സമയപരിധി അവസാനിക്കുന്നത്. എന്നാല്‍ അത് പാലിക്കാനാകില്ലെന്നാണ് സിബിഐ വ്യക്തമാക്കിയിരിക്കുന്നത്. കാലതാമസം ഉണ്ടായതിന്‍റെ കാരണവും മാപ്പപേക്ഷയുമടക്കം സുപ്രിംകോടതിയില്‍ സമര്‍പ്പിക്കുമെന്നും സിബിഐ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 23നാണ് ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള പ്രതികളെ കുറ്റവിമുക്തമാക്കികൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വരുന്നത്. എന്നാല്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കണമെന്ന് സിബിഐക്ക് നിയമോപദേശം ലഭിച്ചിരുന്നു.


സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ വിവാദങ്ങളുണ്ടാക്കിയ ലാവലിന്‍ കേസില്‍ സിബിഐ കാലതാമസം ഉണ്ടാകുന്നതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. ലാവലിന്‍ കേസില്‍ സിബിഐ ഒളിച്ചു കളിക്കുകയാണെന്നും സിപിഐഎമ്മും ബിജെപിയും തമ്മിലുള്ള അഡ്ജസ്റ്റ് രാഷ്ട്രീയത്തിന്‍റെ തെളിവാണിതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.



Share this News Now:
  • Google+
Like(s): 35