18 November, 2017 12:16:07 PM


നികുതി വെട്ടിപ്പ്: ഫഹദിനും അമല പോളിനും ക്രൈംബ്രാഞ്ച് നോട്ടീസ്



തിരുവനന്തപുരം: വ്യാജരേഖ ചമച്ച് വ്യാജ വിലാസത്തില്‍ പുതുച്ചേരിയില്‍ ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചുവെന്ന പരാതിയില്‍ ചലച്ചിത്രതാരങ്ങള്‍ക്ക് പിടിവീഴുന്നു. പരാതിയില്‍ അടുത്തയാഴ്ച നേരിട്ട് ഹാജരാകാന്‍ ഫഹദ് ഫാസിലിനും അമല പോളിനും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. ഇരുവരുടെയും വിശദീകരണം തേടിയ ശേഷം കേസെടുക്കുമെന്നും വേണ്ടിവന്നാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള  നടപടികള്‍ക്ക് മടിക്കില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.


പുതുച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നടത്തിയ നടനും എം.പിയുമായ സുരേഷ് ഗോപിക്കും നോട്ടീസ് നല്‍കുന്നത് ക്രൈംബ്രാഞ്ചിന്‍റെ പരിഗണനയിലാണ്. നേരത്തെ സുരേഷ് ഗോപിക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. പതുച്ചേരിയില്‍ തനിക്ക് ഫ്‌ളാറ്റ് ഉണ്ടെന്നാണ് സുരേഷ് ഗോപി ഇതിനു നല്‍കിയ മറുപടി. രജിസ്‌ട്രേഷനിലെ വിലാസത്തില്‍ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ കണ്ടത് പൂട്ടിക്കിടക്കുന്ന ഫ്‌ളാറ്റാണ്. പുതുച്ചേരി പോലീസിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ അയല്‍വാസി പോലും ഇവിടെ സുരേഷ്‌ഗോപിയെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നും ഉദ്യോഗസ്ഥരോട് പറഞ്ഞു.


ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതി ക്രൈംബ്രാഞ്ച് മേധാവി  മുഹമ്മദ് യാസിന് കൈമാറിയിരുന്നു. പുതുച്ചേരിയില്‍ താമസക്കാരനാണെന്ന് വരുത്തിതീര്‍ക്കാന്‍ ഇന്‍ഷുറന്‍സ് പോളിസി, വ്യാജ വാടക കരാര്‍ എന്നിവ ഉണ്ടാക്കിയതായും ക്രൈംബ്രാഞ്ചിന്‍റെ  പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മോട്ടോര്‍ വാഹന വകുപ്പും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

അതേസമയം, വ്യാജരേഖയുണ്ടാക്കി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി ഊര്‍ജിതമാക്കി. നാല് എന്‍ഫോഴ്‌സന്‍റ്  ജോയിന്‍റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാരുടേയും ജോയിന്‍റ് ആര്‍.ടി.ഒമാരുടെയും നേതൃത്വത്തില്‍ ഇതിനായി പ്രത്യേക സംഘം രൂപീകരിച്ചു. പുതുച്ചേരി രജിസ്‌ട്രേഷനില്‍ ഓടുന്ന വാഹനങ്ങള്‍ കണ്ടെത്തിയാല്‍ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തി. ഇത്തരം വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നല്‍കിവരികയാണ്.


വാഹന ഡീലര്‍മാരുടെ ഷോറുമുകളിലും പരിശോധന നടത്തും. ഇടനിലക്കാര്‍ക്കെതിരെയും നടപടിയുണ്ടാകും. പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കേരളത്തില്‍ ഓടുന്ന വാഹനങ്ങളില്‍ 91 ശതമാനവും പുതുച്ചേരിയിലെ വ്യാജ വിലാസത്തില്‍ ഉള്ളതോ കേരളത്തില്‍ നികുതി വെട്ടിക്കുന്നവയോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്



Share this News Now:
  • Google+
Like(s): 128