18 November, 2017 11:30:12 AM


ദീപികയുടെയും ബന്‍സാലിയുടെയും തലയറുക്കുന്നവര്‍ക്ക് അഞ്ച് കോടി വാഗ്ദാനം



ദില്ലി: 'പത്മാവതി' ചിത്രത്തിലെ നായിക ദീപിക പദുകോണിന്‍റെയും സംവിധായകന്‍ ബന്‍സാലിയുടെയും തലയറുക്കുന്നവര്‍ക്ക് അഞ്ച് കോടി സമ്മാനം നല്‍കുമെന്ന വാഗ്ദ്ധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ അഖില ഭാരതീയ ക്ഷത്രിയ യുവ മഹാസഭയുടെ നേതാവ് താക്കൂര്‍ അഭിഷേക് സോം. പന്ത്രണ്ടായിരം വനിതകള്‍ക്കൊപ്പം തന്‍റെ ജീവന്‍ ബലി നല്‍കിയ ധീര വനിതയാണ് റാണി പത്മിനി. ആ ധീരതയെ ചോദ്യം ചെയ്യുന്ന തരത്തിലാണ് ബന്‍സാലി അവരെ വികലമായി അവതരിപ്പിച്ചിരിക്കുന്നത്. ഇത് അനുവദിച്ച്‌ കൊടുക്കാന്‍ കഴിയില്ല. ഒന്നുകില്‍ ഇരുവരും രാജ്യം വിടണം. അല്ലെങ്കില്‍ രണ്ടു പേരുടെയും തലയറുക്കുമെന്നും അഭിഷേക് പറഞ്ഞു.

തുടക്കം മുതല്‍ തന്നെ വിവാദത്തിലായ സിനിമ സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചയച്ചു. ബോര്‍ഡിന്‍റെ സാക്ഷ്യപത്രത്തിനായുളള അപേക്ഷ പൂര്‍ണമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചിത്രം തിരിച്ചയച്ചിരിക്കുന്നത്. പ്രശ്നം പരിഹരിച്ച്‌ ചിത്രം വീണ്ടും സമര്‍പ്പിച്ചാല്‍ സര്‍ട്ടിഫിക്കേഷനായി പരിഗണിക്കാമെന്നും സി.ബി.എഫ്.സി അറിയിച്ചു. മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീന്‍ ഖില്‍ജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ചിത്രത്തില്‍ പത്മാവതിയായി ദീപിയ പദുക്കോണും ഖില്‍ജിയായി രണ്‍വീര്‍ സിംഗുമാണ് അഭിനയിക്കുന്നത്. ചിത്രം ഡിസംബര്‍ ഒന്നിന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Share this News Now:
  • Google+
Like(s): 168