17 November, 2017 01:08:10 PM


പിണറായി വിജയന്‍റെ പിന്‍ഗാമികളായി 'മുഖ്യമന്ത്രി ജോലി'യ്ക്കായി ആയിരങ്ങള്‍



കൊല്ലം: പിണറായിയെ പോലെ കേരളത്തിന്‍റെ മുഖ്യമന്ത്രി ആകാന്‍ കാത്തിരിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്നു. കേരളത്തിനകത്തും പുറത്തുമായി പതിനായിരങ്ങളാണ് മുഖ്യമന്ത്രി കസേര ലഭിക്കും എന്ന പ്രവചനത്തില്‍ വീണിരിക്കുന്നത്. ഫേസ് ബുക്കില്‍ പ്രചരിക്കുന്ന ഭാവി പറയുന്ന ആപ്പുകളിലൊന്നാണ് 'ഭാവി മുഖ്യമന്ത്രി'മാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തി മുന്നേറുന്നത്. 

കഴിഞ്ഞയിടെ പ്രചരിച്ചു തുടങ്ങിയ 'Birth date will predict your future job' എന്ന ആപ്പിലൂടെ ഭാവി അറിയാന്‍ കൊതിച്ച ഏറെ പേര്‍ക്കും ലഭിച്ച മറുപടി 'പിണറായി വിജയനെ പോലെ കേരളത്തിന്‍റെ മുഖ്യമന്ത്രിയാകും' എന്നായിരുന്നു. ജനിച്ച ദിവസവും ഭാവിയില്‍ ലഭിക്കുന്ന ജോലിയും എന്ന തലക്കെട്ടിലാണ് ഭാവി പറയുന്ന ആപ്പ് ഫേസ്ബുക്കില്‍ പ്രചരിക്കുന്നത്. 

ഇതുപോലെ തന്നെ കഴിഞ്ഞ ജന്മത്തില്‍ നിങ്ങള്‍ എന്തു ജീവിയായിരുന്നു?, നിങ്ങളുടെ ക്ലോണ്‍ ഏത് സുഹൃത്താണ്?, നിങ്ങള്‍ എത്രമാത്രം സന്തോഷവാനാണ്?, എവിടെയാണ് ആരിലാണ് നിങ്ങള്‍ യഥാര്‍ത്ഥ സ്നേഹം കണ്ടെത്തിയത്? തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായാണ് ഇത്തരം ഗയിം ആപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം ഇത്തരം ആപ്പുകളില്‍ ചിലത് വൈറസ് വാഹികളാണെന്ന മുന്നറിയിപ്പും വിദഗ്ധര്‍ നല്‍കുന്നുണ്ട്.



Share this News Now:
  • Google+
Like(s): 130