15 November, 2017 12:25:16 PM


ഒടുവില്‍ രാജി തീരുമാനം വന്നു ; ഔദ്യോഗിക അറിയിപ്പ് ഉച്ചകഴിഞ്ഞ്



തിരുവനന്തപുരം: ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന തോമസ് ചാണ്ടി മന്ത്രിസ്ഥാനം രാജിവയ്ക്കാൻ തീരുമാനിച്ചു. മന്ത്രിയുടെ വസതിയിൽ നടന്ന എൻസിപി നേതാക്കളുടെ നേതാക്കളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഇനി സ്ഥാനത്ത് തുടരുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണ് എൻസിപി എത്തിയിരിക്കുന്നത്. രാജിക്ക് ദേശീയ നേതൃത്വും അംഗീകാരം നൽകിയിട്ടുണ്ടെന്ന് വിവരം. പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി.പി.പീതാംബരൻ ഉച്ചകഴിഞ്ഞ് രണ്ടിന് മാധ്യമങ്ങളെ കാണും.

തോമസ് ചാണ്ടി ഉടൻ തന്നെ മുഖ്യമന്ത്രിയെ കണ്ട് രാജി തീരുമാനം അറിയിക്കുമെന്നാണ് റിപ്പോർട്ട്. ഇതിന് ശേഷമായിരിക്കും സംസ്ഥാന അധ്യക്ഷൻ വാർത്താ സമ്മേളനത്തിൽ പാർട്ടി തീരുമാനം പ്രഖ്യാപിക്കുന്നത്. രാജിക്ക് ഉപാധികൾ എന്തെങ്കിലും ഉണ്ടോ എന്ന കാര്യവും വ്യക്തമായിട്ടില്ല. മന്ത്രിയുടെ വസതിയിലെ യോഗശേഷം പുറത്തിറങ്ങിയ എ.കെ.ശശീന്ദ്രൻ മാധ്യമങ്ങളോട് ഒന്നും തുറന്നു പറഞ്ഞില്ല. രണ്ടു മണിക്കൂറിനകം തോമസ് ചാണ്ടി സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ കാണുമെന്നും പാർട്ടി തീരുമാനം സംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിക്കുമെന്നുമാണ് പറഞ്ഞത്. മന്ത്രി സ്ഥാനത്തേക്ക് താങ്കൾ തിരിച്ചെത്തുമോ എന്ന ചോദ്യത്തോട് തന്‍റെ മടങ്ങിവരവും ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ശശീന്ദ്രൻ വ്യക്തമാക്കി. 



Share this News Now:
  • Google+
Like(s): 56