13 November, 2017 09:36:32 PM


പേരൂര്‍ കിണറ്റിന്‍മൂട് തൂക്ക് പാലത്തില്‍ കയറണോ ? ജീവന്‍ പണയം വെയ്ക്കു...


കോട്ടയം: കോട്ടയം, ഏറ്റുമാനൂര്‍ നിയോജകമണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പേരൂര്‍ കിണറ്റിന്‍മൂട് തൂക്ക് പാലം അപകടാവസ്ഥയില്‍. മീനച്ചിലാറിനു കുറുകെ  2012ല്‍ കമ്മീഷന്‍ ചെയ്ത തൂക്കുപാലം ഏത് സമയത്തും നിലം പൊത്തിയേക്കുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. വിദ്യാര്‍ത്ഥികളടക്കം നിരവധി ആളുകള്‍ ആശ്രയിക്കുന്ന പാലത്തിന്‍റെ കേടുപാടുകള്‍ ഉടന്‍  പരിഹരിക്കണമെന്നാണ് ആവശ്യവും ഉയര്‍ന്നു.

തൂക്കുപാലത്തിന്‍റെ പല ഭാഗവും തുരുമ്പെടുത്ത് ദ്രവിച്ചിട്ടും ഇതുവരെ അറ്റകുറ്റപണികള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. ഇരുവശത്തുമുള്ള ഇരുമ്പ് കമ്പികളും കൈപിടികളും തുരുമ്പെടുത്ത് ഒടിഞ്ഞു. ഫുട്പാത്തിലെ ഇരുമ്പ് ഷീറ്റുകളുടെയും വലകളുടെയും വെല്‍ഡിംഗ് വിട്ടത് അപകടത്തിന് വഴിവെക്കുന്നു. മീനച്ചിലാറ്റില്‍ പണിത രണ്ട് തൂണുകളില്‍ ഇരുമ്പ് കയര്‍ ബന്ധിച്ചാണ് ഒരു കോടിയോളം ചെലവഴിച്ച് തൂക്കുപാലത്തിന്‍റെ നിര്‍മ്മാണം നടത്തിയത്. സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ കേരള ഇലക്ട്രിക്കല്‍ ആന്‍റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനിയ്ക്കായിരുന്നു നിര്‍മ്മാണ ചുമതല. ഇരുമ്പുകയറിനേയും പാലത്തിനേയും കൂട്ടിയിണക്കുന്ന കമ്പികളുടെ നട്ടും ബോള്‍ട്ടും പലയിടത്തും അയഞ്ഞു കിടക്കുകയാണ്. പലയിടത്തും പാലത്തിന്‍റെ കൈപിടികള്‍ വളഞ്ഞിരിക്കുകയുമാണ്.

മീനച്ചിലാറിനു കുറുകെ അഞ്ഞൂറ് മീറ്ററിലേറെ നീളത്തിലുള്ള പാലം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിയായിരിക്കെ അദ്ദേഹത്തിന്‍റെ ഫണ്ടില്‍ നിന്ന് തുക വകയിരുത്തി നിര്‍മ്മിച്ചതാണ്. തിരുവഞ്ചൂര്‍, പാറമ്പുഴ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഏറ്റുമാനൂര്‍, മെഡിക്കല്‍ കോളേജ്, കോട്ടയം ഭാഗങ്ങളിലേക്ക് പോകുവാനുള്ള എളുപ്പവഴിയായിരുന്നു പേരൂര്‍ പൂവത്തുംമൂട്ടിലോ കിണറ്റിന്‍ മൂട് മൈലപ്പള്ളിക്കടവിലോ എത്തുകയെന്നത്.  കിണറ്റിന്‍മൂട്ടിലുണ്ടായിരുന്ന കടത്തുവള്ളം നാട്ടുകാര്‍ക്ക് പ്രയോജനപ്പെടാതെ വന്നതിനെ തുടര്‍ന്നുണ്ടായ യാത്രാക്ലേശം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു തൂക്കുപാലം നിര്‍മ്മിച്ചത്. 

പേരൂര്‍, പാറമ്പുഴ പ്രദേശങ്ങളിലെ സ്കൂളുകളിലേയ്ക്കുള്‍പ്പെടെയുളള വിദ്യാര്‍ത്ഥികള്‍ സഹിതം നൂറ്കണക്കിനാളുകളാണ് ദിനംപ്രതി ഈ നടപാലത്തിലൂടെ സഞ്ചരിക്കുന്നത്. പ്രകൃതിഭംഗി ആസ്വദിക്കാനും വിവാഹവുമായി ബന്ധപ്പെട്ടും മറ്റും ഷൂട്ടിംഗിനും ഒട്ടേറെ ആളുകള്‍ മറ്റു സ്ഥലങ്ങളില്‍  നിന്നും ഇവിടെ എത്തുന്നുണ്ട്. മണല്‍ വാരി വന്‍കയമായി മാറിയ മീനച്ചിലാറ്റിലേക്ക് പാലം വീണാല്‍ സംഭവിക്കുന്നത് വന്‍ ദുരന്തമായിരിക്കുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു. പാലത്തിന്‍റെ ശോചനീയാവസ്ഥ ചൂണ്ടികാട്ടി വികസനസമിതി പ്രസിഡന്‍റ് മോന്‍സി പേരുമാലില്‍ പൊതുമരാമത്തു വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.


Share this News Now:
  • Google+
Like(s): 868