13 November, 2017 08:58:32 PM


കഞ്ചാവ് വില്‍പനയ്ക്കിടെ ഏറ്റുമാനൂരില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍



കോട്ടയം: വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചും മറ്റും മയക്ക് മരുന്ന് കച്ചവടം നടത്തുന്ന സംഘത്തിലെ കണ്ണികളായ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ ക്ലാമറ്റം പുത്തന്‍പുരയില്‍ തോമസിന്‍റെ മകന്‍ മിലന്‍ മാത്യു തോമസ് (22), പൊയ്കപ്പുറം കോളനിയില്‍ കാക്കനാട്ട് സുരേന്ദ്രന്‍ മകന്‍  സുധീഷ്കുമാര്‍ (20) എന്നിവരാണ് കഞ്ചാവ് വില്‍ക്കുവാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. 

അറസ്റ്റിലായ മിലന്‍ കഴിഞ്ഞ ഒക്ടോബര്‍ 21ന്  ചെങ്ങന്നൂര്‍ കാരയ്ക്കാട് വെട്ടിപ്പീടികയില്‍ മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ ബൈക്കപടകടത്തില്‍ രക്ഷപെട്ട് സ്ഥലത്തു നിന്നും മുങ്ങിയ ആളാണ്. മിലന്‍ സ്ഥലത്തുനിന്ന് മുങ്ങിയതില്‍ അന്നേ ദുരൂഹതയുണ്ടായിരുന്നു. രണ്ട് ബൈക്കുകളിലായി യാത്ര ചെയ്യവെ കാറുമായി ഇടിച്ചുണ്ടായ അപകടത്തില്‍ മിലന്‍റെ സുഹ‍ൃത്തുക്കളായ മൂന്ന് പേരും മരണപെട്ടിരുന്നു. ആ പ്രത്യേക സാഹചര്യത്തിലും അപകടത്തില്‍ പെട്ട ബൈക്കുമായി മിലന്‍ കടന്നുകളഞ്ഞത് മയക്കുമരുന്ന് പോലുള്ള എന്തെങ്കിലും ഒളിപ്പിച്ചിരുന്നതു കൊണ്ടാകാം എന്ന് പോലീസിന് സംശയം ഉണ്ടായിരുന്നു. ഒളിവിലായിരുന്ന മിലന്‍ അപകടത്തിനു ശേഷം മൂന്നാം ദിവസമാണ് പ്രത്യക്ഷപ്പെട്ടത്. അന്നു മുതല്‍ പോലീസിന്‍റെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു മിലനും സുഹൃത്തുക്കളും. 

ഏറ്റുമാനൂര്‍ കിഴക്കുംഭാഗം കുരിശുമല ഭാഗത്ത് നിന്നും ഞായറാഴ്ച രാത്രിയാണ് ഇരുവരെയും ഏറ്റുമാനൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ.ആര്‍.പ്രശാന്ത് കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.  വില്‍പ്പനയ്ക്കായി കടലാസ് പൊതികളാക്കിയ നിലയില്‍ 15 ഗ്രാം കഞ്ചാവും രണ്ട് മൊബൈല്‍ ഫോണുകളും ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. അതേസമയം എത്ര ചോദ്യം ചെയ്തിട്ടും കഞ്ചാവിന്‍റെ ഉറവിടം വ്യക്തമാക്കുവാന്‍ യുവാക്കള്‍ തയ്യാറായില്ലെന്നാണ് അറിയുന്നത്. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും 13 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.



Share this News Now:
  • Google+
Like(s): 4743