13 November, 2017 01:30:22 AM


ടാഗോറിന്‍റെ ലണ്ടനിലെ വീട്‌ ഏറ്റെടുക്കാന്‍ മമത രംഗത്ത്



ലണ്ടന്‍: വിഖ്യാത കവിയും നൊബേല്‍ പുരസ്‌കാരജേതാവുമായ രവീന്ദ്രനാഥ ടാഗോറിന്‍റെ ലണ്ടനിലെ വസതി ഏറ്റെടുക്കാന്‍ പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷ്‌ണര്‍ ദിനേശ്‌ പട്‌നായിക്കുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ മമത ഈ ആവശ്യം ഉന്നയിച്ചത്‌. 


വടക്കന്‍ ലണ്ടനിലെ ഹാംസ്‌റ്റഡ്‌ ഹേത്തിലെ ഹേത്‌വില്ലയില്‍ മൂന്നാം നമ്പര്‍ വീട്ടിലാണ്‌ ടാഗോര്‍ താമസിച്ചത്‌. 1912-ല്‍ അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്‌തമായ കൃതി ഗീതാഞ്‌ജലിയുടെ പരിഭാഷയുമായി ബന്ധപ്പെട്ട്‌ ഏതാനും മാസങ്ങള്‍ മാത്രമാണ്‌ ടാഗോര്‍ ഇവിടെ താമസിച്ചത്‌. 2.7 മില്യന്‍ പൗണ്ടാണ്‌ ഈ വീടിന്‍റെ മതിപ്പുവിലയായി കണക്കാക്കുന്നത്‌. 


ടാഗോര്‍ താമസിച്ചിരുന്ന വസതിക്ക്‌ ചരിത്രപരമായി ഏറെ പ്രാധാന്യം ഉണ്ടെന്നും ഇത്‌ സംരക്ഷിക്കപ്പെടണമെന്നും മമത പറഞ്ഞു. ടാഗോര്‍ സ്‌മാരകവും മ്യൂസിയവുമായി ഈ വീടിനെ ലോകത്തിനു നല്‍കുകയാണ്‌ ബംഗാള്‍ സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും ഒരാഴ്‌ചത്തെ സന്ദര്‍ശനത്തിലായി ലണ്ടനിലെത്തിയ മമത പറഞ്ഞു. 2015 -ല്‍ ലണ്ടനിലെത്തിയപ്പോഴും മമത ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു.



Share this News Now:
  • Google+
Like(s): 56