12 November, 2017 05:11:48 PM


മുലയൂട്ടുന്ന അമ്മയെ ഇരുത്തി കാർ പോലീസ് കെട്ടിവലിച്ച സംഭവം: കഥയിൽ വഴിത്തിരിവ്



മുംബൈ: കാറിനുള്ളില്‍ മുലയൂട്ടിക്കൊണ്ടിരുന്ന അമ്മയെയും കുഞ്ഞിനെയും ഗൗനിക്കാതെ നിയമലംഘനം ആരോപിച്ച് വാഹനം കെട്ടിവലിച്ച സംഭവത്തില്‍ കൂടുതല്‍ വഴിത്തിരിവ്. വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിന് മുന്‍പ് വാഹനത്തിനുള്ളില്‍ യുവതി മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും കുഞ്ഞ് വാഹനത്തിന് പുറത്തായിരുന്നുവെന്നുമാണ് പുതിയ വെളിപ്പെടുത്തല്‍.


കാര്‍ കെട്ടിവലിക്കുന്നതിന് മുമ്പ് പോലീസുകാരന്‍ മുന്നറിയിപ്പും നല്‍കിയിരുന്നും. ഇതിന്‍റെയെല്ലാം വിഡീയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിഡീയോ പുറത്തു വന്നതോടെ യഥാര്‍ഥത്തില്‍ ആരാണ് കുറ്റം ചെയ്തതെന്ന കാര്യം സംശയത്തിലായി. പുതിയ വെളിപ്പെടുത്തല്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനം നീക്കണമെന്ന് ആവശ്യപ്പെട്ട് പോലീസുകാന്‍ എത്തുമ്പോള്‍ വാഹനത്തിനുള്ളില്‍ യുവതി മാത്രമാണ് ഉണ്ടായിരുന്നത്. ഈ സമയത്ത് കുഞ്ഞ് വാഹനത്തിന് പുറത്ത് ബന്ധുവിന്‍റെ കയ്യിലായിരുന്നുവെന്നും പുതിയ വിഡീയോയില്‍ നിന്ന് വ്യക്തമാണ്. വാഹനം കെട്ടിവലിക്കാന്‍ തുടങ്ങിയപ്പോള്‍ പുറത്ത് ബന്ധുവിന്‍റെ കൈയ്യിലായിരുന്ന കുഞ്ഞിനെ യുവതി വാങ്ങിയ ശേഷം താന്‍ മുലയൂട്ടുകയായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു.



Share this News Now:
  • Google+
Like(s): 80