12 November, 2017 03:51:16 PM


മധ്യപ്രദേശ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് തിളക്കമാർന്ന വിജയം




ഭോപ്പാൽ: മധ്യപ്രദേശ് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് തിളക്കമാർന്ന വിജയം. ചിത്രകൂട് മണ്ഡലത്തിൽ നിന്നും കോണ്‍ഗ്രസിലെ നിലാൻഷു ചതുർവേദി 14,133 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയച്ചു. ബിജെപിയുടെ ശങ്കർ ദയാൽ ത്രിപാതിയെയാണ് കോണ്‍ഗ്രസ് സ്ഥാനാർഥി തോൽപ്പിച്ചത്. കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് സീറ്റായിരുന്നു ഇത്.

വോട്ടണ്ണലിന്‍റെ ആദ്യ റൗണ്ട് മുതൽ കോണ്‍ഗ്രസിന് വ്യക്തമായ മുൻതൂക്കമായിരുന്നു പ്രകടമായത്. ചിത്രകൂട് എംഎൽഎയായിരുന്ന പ്രേം സിംഗിന്‍റെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഒൻപത് സ്വതന്ത്രർ അടക്കം 12 സ്ഥാനാർഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. നവംബർ ഒൻപതിനായിരുന്ന ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്.

ഉത്തർപ്രദേശിന്‍റെ അതിർത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മണ്ഡലം കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രമാണ്. 1998, 2003, 2013 തെരഞ്ഞെടുപ്പുകളിൽ കോണ്‍ഗ്രസിലെ പ്രേം സിംഗ് മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ 2008-ലെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ഇവിടെ തോൽവി രുചിച്ചു. ബിജെപിയിലെ സുരേന്ദ്ര സിംഗ് ഗർവാറാണ് അന്ന് വിജയിച്ചത്. 



Share this News Now:
  • Google+
Like(s): 23