11 November, 2017 10:28:18 AM


സ്‌റ്റേഷന്‍ ഹാക്ക് ചെയ്തു: സ്വീഡിഷ് റേഡിയോയിലൂടെ ഐഎസ് റിക്രൂട്ട്‌മെന്‍റ് ഗാനം



സ്‌റ്റോക്‌ഹോം: സ്വീഡിഷ് റേഡിയോയുടെ പ്രഭാത ഷോയില്‍ ഐഎസ് പ്രചാര ഗാനം കേട്ട് ആളുകള്‍ നടുങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സ്വീഡിഷ് റേഡിയോ ഐഎസ് ഭീകരവാദ സംഘടന ഹാക്ക് ചെയ്ത് ഐഎസിന്റെ പ്രചാര ഗാനം പുറത്തുവിട്ടത്.തെക്കന്‍ നഗരമായ മല്‍മോയിലെ റേഡിയോയിലൂടെയാണ് അരമണിക്കൂറോളം പോപ് സ്‌റ്റെയിലുള്ള 'ഫോര്‍ ദ് സേക്ക് ഓഫ് അള്ളാ' എന്ന ഐഎസ് ഗാനം മുഴങ്ങിയത്. റേഡിയോയുടെ ഫ്രീക്വന്‍സി ഭീകരര്‍ ഹൈജാക്ക് ചെയ്തുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. മിക്‌സ് മെഗാപോള്‍ എന്ന പുലര്‍കാല പരിപാടിയുടെ പ്രക്ഷേപണത്തിനിടെയാണ് പ്രശ്‌നം ഉണ്ടായത്.


പടിഞ്ഞാറന്‍ ഇറാക്കിലേയും, സിറിയയിലേയും യുവാക്കളെ ആകര്‍ഷിക്കാന്‍ ഐഎസ് തയാറാക്കിയ ഗാനമാണ് റേഡിയോയിലൂടെ മുഴങ്ങിക്കേട്ടത്. പൈറേറ്റ് ട്രാന്‍സ്മിറ്റര്‍ ഉപയോഗിച്ച് ആരോ തങ്ങളുടെ ഫ്രീക്വന്‍സി തടസ്സപ്പെടുത്തുകയായിരുന്നെന്ന് മിക്‌സ് മെഗാപോള്‍ ഉടമ കോബ് ഗ്രാവെസ്റ്റാം പറഞ്ഞു. ഇത് ഗൗരവമേറിയ വിഷയമാണെന്നും പോലീസില്‍ അറിയിച്ചെന്നും റേഡിണ്‍യാ അധികൃതര്‍ വ്യക്തമാക്കി. സ്വീഡനില്‍ നിന്ന് 300 ഓളം പേര്‍ ഐഎസില്‍ ചേര്‍ന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ ഐഎസില്‍ ചേരാനായി രാജ്യം വിട്ടത് ബെല്‍ജിയത്തില്‍ നിന്നാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്



Share this News Now:
  • Google+
Like(s): 51