10 November, 2017 10:19:12 AM


തോമസ് ചാണ്ടിയുടെ റിസോര്‍ട്ടില്‍ പരിശോധന നടത്താന്‍ പറ്റില്ലെന്ന് കമ്പനി



ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടില്‍ പരിശോധന നടത്താനുള്ള ആലപ്പുഴ നഗരസഭയുടെ റവന്യൂ വിഭാഗത്തിന്റെ തീരുമാനത്തിനെതിരെ വാട്ടര്‍ വേള്‍ഡ് കമ്പനിയുടെ നോട്ടീസ്. റിസോര്‍ട്ടില്‍ ടൂറിസ്റ്റുകള്‍ നേരത്തെ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നും അതിനാല്‍ ജനുവരിക്ക് ശേഷം പരിശോധന നടത്താമെന്നുമാണ് വാട്ടര്‍ വേള്‍ഡ് കമ്പനി നഗരസഭയെ അറിയിച്ചിരിക്കുന്നത്. 


ലേക്ക് പാലസ് റിസോര്‍ട്ടിന്റെ ഫയലുകള്‍ കാണാതായതുമായി ബന്ധപ്പെട്ടാണ് നഗരസഭ പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നത്. കാണാതായ ഫയലുകള്‍ ഹാജരാക്കാന്‍ റിസോര്‍ട്ടിന് നഗരസഭ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ റിസോര്‍ട്ട് ഫയലുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് നഗരസഭ പരിശോധന നടത്തുമെന്ന് അറിയിച്ച് കമ്പനിക്ക് കത്ത് നല്‍കിയത്.


റിസോര്‍ട്ടില്‍ നിലവില്‍ സഞ്ചാരികള്‍  മുറികള്‍ ബുക്ക് ചെയ്തതിനാല്‍ അവരുടെ സാനിധ്യത്തില്‍ നടക്കുന്ന പരിശോധന സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്ക് കളങ്കമുണ്ടാക്കുമെന്നും കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് തന്നെ തിരിച്ചടി നല്‍കുമെന്നുമാണ് വാട്ടര്‍വേള്‍ഡ് കമ്പനി എംഡി നഗരസഭയ്ക്ക് മറുപടി നല്‍കിയത്. അതേ സമയം വാട്ടര്‍ വേള്‍ഡ് കമ്പനിയുടെ എതിര്‍പ്പുകള്‍ മറികടന്ന് പരിശോധന നടത്താനാണ് നഗരസഭയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് നഗരസഭ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു.



Share this News Now:
  • Google+
Like(s): 76