09 November, 2017 10:43:07 PM


ഹൂപ്പത്തോണ്‍ ബാസ്‌കറ്റ്‌: കേരള വനിതകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി ഓസ്‌ട്രേലിയന്‍ ടീം




കോട്ടയം: അന്താരാഷ്ട്ര ഹൂപ്പത്തോണ്‍ ബാസ്‌കറ്റ്‌ ബോള്‍ സീരിസിലെ മൂന്നാം മല്‍സരത്തില്‍ ഓസട്രേലിയയിലെ റിംഗ്വുഡ്‌ ഹോക്‌സ്‌ ടീമിനെതിരെ കേരള വനിത ഓള്‍ സ്‌റ്റാര്‍ ടീമിന്‌ ഉജ്വല വിജയം. കോട്ടയം സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ മല്‍സരമായിരുന്നു ഇത്‌. സ്കോര്‍: 64-55. ആദ്യപാദത്തില്‍ 10-14ന്‌ പിന്നിട്ട്‌ നിന്ന ശേഷം ശക്തമായി തിരിച്ചു വരവ്‌ നടത്തിയാണ്‌ കേരളം ജയം കണ്ടത്‌. പകുതി സമയത്തില്‍ 28-25ന്‌ ലീഡോടെ മുന്നേറി. മൂന്നാം പാദത്തില്‍ 48-42ന്‌ ലീഡ്‌ നിലനിര്‍ത്തിയ കേരളം പിന്നീട്‌ വ്യക്തമായ ആധിപത്യത്തോടെയാണ്‌ ജയിച്ചത്‌.

കേരളത്തിന്‌ വേണ്ടി 16 പോയിന്‍റുകളോടെ കളം നിറഞ്ഞ അഞ്‌ജന പി ജി ടോപ്‌സ്‌കോററായി.  ഉറച്ച പിന്തുണയുമായി 15 വീതം പോയിന്‍റുകള്‍ നേടി ക്യാപ്‌റ്റന്‍ ജീനയും ഗ്രിമ മെര്‍ലിനും മികച്ച കളി പുറത്തെടുത്തു . ഓസ്‌ട്രേലിയക്ക്‌ വേണ്ടി ഇനിസ്‌ ലി 19ഉം അമാന്‍ഡ മീന്‍കിംഗ്‌ 17ഉം പോയിന്‍റുകള്‍ നേടി. പരമ്പരയിലെ നാലാം മല്‍സരം നാളെ തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ്‌ സ്‌റ്റേഡിയത്തിലും അഞ്ചാം മല്‍സരം 12ന്‌ കോഴിക്കോട്‌ വി.കെ.എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും നടക്കും.

ഫോട്ടോ അടിക്കുറിപ്പ്‌: കേരളത്തിന്‌ വേണ്ടി ക്യാപ്‌റ്റന്‍ ജീന സ്‌കോര്‍ ചെയ്യുന്നു 



Share this News Now:
  • Google+
Like(s): 159