09 November, 2017 10:35:51 AM


സുകുമാരക്കുറുപ്പ് മുസ്തഫയായി മദീനയില്‍ വിലസുന്നുപത്തനംതിട്ട. പിടികിട്ടാപുള്ളി സുകുമാരക്കുറുപ്പ് മദീനയില്‍ ജീവിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മദീനയിലെ മ്‌സലീം പളളിയില്‍ മതകാര്യങ്ങളില്‍ സഹായായി കഴിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇസ്ലാം മതം സ്വീകരിച്ച സുകുമാരക്കുറുപ്പ് മുസ്തഫയെന്ന പേരിലാണ് അവിടെ കഴിയുന്നത്. ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി പോലീസ് തെരയുന്ന പിടികിട്ടാപള്ളിയാണ് കുറുപ്പ്. 72 വയസ് കഴിഞ്ഞ കുറുപ്പിന് നാട്ടിലെത്താന്‍ ആഗ്രഹമുണ്ടെങ്കിലും കേസ് നിലനില്‍ക്കുന്നതിനാല്‍ ഇനിയുള്ള കാലം സൗദിയില്‍ തന്നെ തുടരുമെന്നാണ് നിഗമനം. സൗദിയിലെ അല്‍-ഖസീമയില്‍ കഴിഞ്ഞിരുന്ന കുറുപ്പിന്റെ ഇപ്പോഴത്തെ താമസം മദീനയിലാണ്.


സുകുമാരക്കുറുപ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ ജീവിച്ചിരിക്കുന്നുവെന്ന് കേരളാ പോലീസിന് മുമ്പ് സൂചന ലഭിച്ചിരുന്നുവെങ്കിലും കേസ് തുടരന്വേഷണത്തിനായി ഇന്റര്‍പോളിന്റെ സഹായം തേടാനുള്ള യാതൊരു ശ്രമവും നടന്നില്ല. നാട്ടില്‍ പലയിടത്തും കുറുപ്പിനെ കണ്ടതായി കഥകള്‍ പ്രചരിച്ചിരുന്നുവെങ്കിലും അന്വേഷണങ്ങള്‍ക്കൊടുവില്‍ സത്യമല്ലെന്നു കണ്ടെത്തിയിരുന്നു.


കുറുപ്പ് സൗദിയിലെ മദീനയില്‍ ഉണ്ടെന്ന് ബന്ധുക്കളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടിലെ സൂചന. എന്നാല്‍ മുപ്പതിലധികം വര്‍ഷമായി ഇവരാരും കുറുപ്പിനെ നേരില്‍ കണ്ടിട്ടില്ല. കുറുപ്പിന്റെ ഭാര്യ സരസമ്മയും മക്കളും ഇപ്പോള്‍ കുവൈറ്റിലാണ് താമസം. അവര്‍ കുവൈറ്റില്‍ താമസിക്കാനുള്ള കാരണം തേടിയപ്പോഴാണ് ഗള്‍ഫ് രാജ്യങ്ങളില്‍ കുറുപ്പ് ഉണ്ടാകുമെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിച്ചേര്‍ന്നത്.


അബുദാബിയില്‍ കുറുപ്പിനൊപ്പമുണ്ടായിരുന്ന സരസമ്മ അവിടെ നഴ്‌സായിരുന്നു ചാക്കോ കൊല്ലപ്പെട്ട ശേഷം അവര്‍ നാട്ടിലെത്തി. എട്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭര്‍ത്താവ് നടത്തിയ നീക്കം അറിയാമായിരുന്നതിനാല്‍ ഇവരും ആദ്യം കേസില്‍ പ്രതിയായിരുന്നു. പിന്നീട് ഇവരെ കേസില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് ചെങ്ങന്നൂരിലെ ചെറിയനാട്ട് താമസിച്ചിരുന്ന സരസമ്മ പീന്നിട് സൗദിയിലേക്ക് പോയി. വീണ്ടും നാട്ടില്‍ തിരിെത്തിയെങ്കിലും കുറച്ച് നാളുകള്‍ക്ക് ശേഷം കുവൈത്തിലേക്ക് പോയി. മക്കള്‍ക്കും കുവൈത്തില്‍ ജോലിയായതോടെ അവര്‍ അവിടെ സ്ഥിരതാമസമായി.


കുറുപ്പ് ഇടയ്ക്കിടെ സൗദിയില്‍ നിന്നു കുവൈത്തിലെത്തി കുടുംബത്തെ സന്ദര്‍ശിക്കാറുണ്ടെന്നാണ് വിവരം. പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് മുഖത്തിന്റെ രൂപം മാറ്റിയാണ് കഴിയുന്നതെന്നുള്ള പ്രചാരം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇതില്‍ സത്യമില്ലെന്നാണ് ബന്ധുക്കളുടെ വിശ്വാസം. കുറുപ്പിന്റെ മതവും പേരും മാത്രമാണ് മാറിയത്. കുറുപ്പിന്റെ സഹോദരങ്ങളാരും നാട്ടിലില്ല. വസ്തുവകകളെല്ലാം തന്നെ സര്‍ക്കാര്‍ കണ്ടുകെട്ടി. ആലപ്പുഴയിലുള്ള സ്ഥലം മറ്റൊരാളുടെ പേരിലാണ്. ചില ബന്ധുക്കള്‍ മാത്രമേ നാട്ടിലുള്ളു. കുറുപ്പിന് ചാക്കോ വധത്തില്‍ നേരിട്ട് ബന്ധമില്ലെന്നാണ് ഇവരുടെ വിശ്വാസം.


ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതാനായി സുകുമാരക്കുറുപ്പിനോട് രൂപ സാദൃശ്യമുള്ള ഫിലിം റെപ്രസന്റേറ്റീവ്  ചാക്കോയെ കൊലപ്പെടുത്തി കാറിലിട്ടു കത്തിച്ചെന്നാണ് കേസ്.  ഇന്‍ഷുറന്‍സ് തുക തട്ടാനായി കൊലപാതകം നടത്താന്‍ പദ്ധതിയുണ്ടായിരുന്നില്ല. കുറുപ്പിനോട് സാദൃശ്യമുള്ള മൃതദേഹം സംഘടിപ്പിച്ച് കത്തിക്കാനായിരുന്നു നീക്കം. 1984 ജനുവരി 21 ന് ഉച്ചകഴിഞ്ഞ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്നും മൃതദേഹം സംഘടിപ്പിക്കാന്‍ കുറുപ്പിന്റെ ഭാര്യാ സഹോദരന്‍ ഭാസ്‌ക്കരപിള്ള, ഡ്രൈവര്‍ പൊന്നപ്പന്‍, കുറുപ്പിന്റെ സുഹത്തും സഹായിയുമായ ഷാഹു  എന്നിവര്‍ ചെറിയനാട്ടില്‍ നിന്നും കാറില്‍ തിരിച്ചത്. മറ്റൊരു കാറില്‍ കുറുപ്പും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ കൊല്ലക്കടവില്‍ എത്തിയപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന അമ്മയെ കാണാന്‍ കുറുപ്പ് പന്തളത്തേക്കു പോയെന്ന് ബന്ധുക്കള്‍ പറയുന്നു.


ആലപ്പുഴ മെഡിക്കല്‍ കോളജ് ജീവനക്കാരനായ ബന്ധുവിന്റെ സഹായത്തോടെ മോര്‍ച്ചറിയില്‍ നിന്ന് അജ്ഞാത മൃതദേഹം സംഘടിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഭാസ്‌ക്കരപിള്ളയുടെ കാറില്‍ ശവം കത്തിച്ചശേഷം മരിച്ചതു കുറുപ്പാണെന്നു വരുത്താനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ശവം സംഘടിപ്പിക്കാന്‍ കഴിയാതെ മടങ്ങുമ്പോഴാണ് കരുവാറ്റയില്‍ കുറുപ്പിനോട് സാദൃശ്യമുളള ചാക്കോ വാഹനത്തിന് കൈ കാണിക്കുന്നത്. തുടര്‍ന്നാണ് കൊലപാതകം നടന്നത്. ഈസമയത്ത് കുറുപ്പ് ഇവര്‍ക്കൊപ്പമില്ലായിരുന്നെന്നും  പിന്നീട് ഭാസ്‌ക്കരപിള്ള പറഞ്ഞപ്പോഴാണ് കുറുപ്പ് കാര്യങ്ങള്‍ അറിഞ്ഞതെന്നും ബന്ധുക്കള്‍ പറയുന്നു.കൊലപാതകത്തില്‍ കുറുപ്പിന് വ്യക്തമായ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഗോപാലകൃഷ്ണക്കുറുപ്പെന്നാണ് സുകുമാരക്കുറുപ്പിന്റെ യഥാര്‍ഥ പേര്. പ്രീഡ്രിഗ്രി തോറ്റ കുറുപ്പ് വ്യോമസേനയില്‍ ചേരുകയും അവിടുന്ന് രക്ഷപ്പെടാന്‍ വേണ്ടി നാട്ടിലെത്തി മരിച്ചെന്ന് പറഞ്ഞ് വ്യോമസേനാ അധികൃതര്‍ക്ക് ടെലഗ്രാം അയയ്ക്കുകയും ചെയ്തു. ഇത് അന്വേഷിക്കാനെത്തിയ ചെങ്ങന്നൂര്‍ പോലീസിനെ കൈക്കൂലി നല്‍കി മടക്കി . തുടര്‍ന്നാണ് സുകുമാക്കുറുപ്പ് എന്ന പേരില്‍ പാസ് പോര്‍ട്ട് എടുത്ത് ഗള്‍ഫിലേക്ക് കടന്നത്.
Share this News Now:
  • Google+
Like(s): 310