08 November, 2017 04:30:36 PM


അരിയ്ക്കും ഗോതമ്പിനും ഒരു രൂപ കൂട്ടും; റേഷന്‍ വ്യാപാരികള്‍ സമരം പിന്‍വലിച്ചു



തിരുവനന്തപുരം : സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ക്ക് കമ്മിഷന്‍ പാക്കേജ് നടപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഏറ്റവും കുറഞ്ഞ കമ്മിഷന്‍ 16,000 ലഭ്യമാക്കുന്നതിനുള്ള പാക്കേജ് നടപ്പാക്കാനാണ് തീരുമാനം. ദേശീയ ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പാക്കേജിന് അംഗീകാരം നല്‍കുന്നത്.


207 കോടി രൂപയാണ് ഇതിന് അധിക ചെലവ്. ഇതില്‍ 44.59 കോടി രൂപ കേന്ദ്ര സഹായമായി ലഭിക്കും. അന്ത്യോദയ അന്നയോജന വിഭാഗം ഒഴികെയുള്ളവരില്‍ നിന്നും കിലോഗ്രാമിന് ഒരു രൂപ നിരക്കില്‍ ചെലവ് ഈടാക്കിക്കൊണ്ടാണ് പാക്കേജ് നടപ്പാക്കുക. ഇതുപ്രകാരം റേഷന്‍ അരിയ്ക്കും ഗോതമ്പിനും ഒരു രൂപ കൂടും. ഇതിലൂടെ 117.4 കോടി രൂപ സര്‍ക്കാരിന് കണ്ടെത്താനാകും. ശേഷിക്കുന്ന 45 കോടി രൂപയുടെ ബാധ്യത സര്‍ക്കാര്‍ വഹിക്കും.


റേഷന്‍ വ്യാപാരിക്ക് കമ്മിഷന്‍ നല്‍കുന്നത് വിറ്റഴിക്കുന്ന ഭക്ഷ്യ ധാന്യത്തിന്റെ അളവ് അടിസ്ഥാനമാക്കി ആയിരിക്കും. വില്‍പ്പനയിലെ കുറവിന് ആനുപാതികമായി വില്‍പ്പനക്കാരുടെ ലാഭവിഹിതം കുറയുന്നത് പരിഹരിക്കാന്‍ കാര്‍ഡുകളുടെ എണ്ണവും ഭക്ഷ്യധാന്യത്തിന്റെ അളവും 2018 മാര്‍ച്ച് 31 ന് മുന്‍പ് ഏകീകരിക്കും. മിനിമം കമ്മിഷന്‍ ഉറപ്പു വരുത്തുന്ന രീതിയിലായിരിക്കും ഏകീകരണം. ഇതോടെ റേഷന്‍ വ്യാപാരികള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു.



Share this News Now:
  • Google+
Like(s): 39