08 November, 2017 04:13:35 PM


റയാൻ സ്കൂൾ കൊലപാതകം: പരീക്ഷ മാറ്റിവയ്ക്കുന്നതിന് വേണ്ടിയെന്ന് മുഖ്യപ്രതി



ദില്ലി: ഗുരുഗ്രാം റയാൻ സ്കൂളിലെ രണ്ടാം ക്ലാസുകാരൻ പ്രദ്യൂമൻ ഠാക്കൂറിന്‍റെ മരണം അന്വേഷിച്ച സിബിഐയുടെ കണ്ടെത്തലുകളിൽ രാജ്യം നടുങ്ങി. സ്കൂളിലെ പരീക്ഷ മാറ്റിവയ്ക്കുന്നതിനും ഇതുവഴി പിടിഎ യോഗം വൈകുവാൻ വേണ്ടിയുമാണ് കുട്ടിയെ കൊന്നതെന്നാണ് സിബിഐ കണ്ടെത്തിയത്. കേസിലെ മുഖ്യപ്രതിയെന്ന് സിബിഐ കണ്ടെത്തിയ ഇതേ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയെ ചൊവ്വാഴ്ച രാത്രിയാണ് അറസ്റ്റ് ചെയ്തത്.

വിശദമായ ചോദ്യംചെയ്യലിൽ പ്ലസ് വണ്‍ വിദ്യാർഥി കുറ്റം സമ്മതിച്ചുവെന്നാണ് സിബിഐ അറിയിച്ചത്. കുറ്റകൃത്യം നടന്ന സ്ഥലം, സിസിടിവി ദൃശ്യങ്ങൾ, ഫോണ്‍വിളി രേഖകൾ എന്നിവയ്ക്കു പുറമേ കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തുവെന്നും ഇതിലൂടെയാണ് യഥാർഥ പ്രതിയിലേക്ക് എത്തിയതെന്നും സിബിഐ വക്താവ് അഭിഷേക് ദയാൽ പറഞ്ഞു.

സംഭവ ദിവസം വീട്ടിൽ നിന്നും കത്തിയുമായി എത്തിയ പ്ലസ് വണ്‍ വിദ്യാർഥി തന്‍റെ സ്കൂളിലെ രണ്ടാം ക്ലാസുകാരനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പോലീസ് നേരത്തെ തന്നെ കണ്ടെടുത്തിരുന്നു. പഠനത്തിൽ മോശമായ പ്ലസ് വണ്‍ വിദ്യാർഥി പരീക്ഷ നീട്ടിവയ്ക്കാൻ ആഗ്രഹിച്ചിരുന്നു. പരീക്ഷ നടന്നാൽ പിന്നാലെ പിടിഎ യോഗം വിളിക്കുമെന്നും തനിക്ക് പ്രശ്നമാകുമെന്നും മനസിലാക്കിയ വിദ്യാർഥി ഇത്തരമൊരു കുറ്റകൃത്യത്തിന് മുതിരുകയായിരുന്നു. പ്രദ്യൂമനെത്തന്നെ കൊലപ്പെടുത്തണമെന്ന് പ്ലസ് വണ്‍ വിദ്യാർഥിക്ക് ചിന്തയില്ലായിരുന്നുവെന്നും ആരെങ്കിലുമായിരുന്നു ലക്ഷ്യമെന്നും സിബിഐ കണ്ടെത്തി.

കേസ് അന്വേഷണത്തിന്‍റെ ഓരോ ഘട്ടത്തിലും, അറസ്റ്റിലായ വിദ്യാർഥിയുടെ മാതാപിതാക്കളെ വിവരങ്ങൾ അറിയിച്ചിരുന്നുവെന്നും സിബിഐ വക്താവ് പറഞ്ഞു. സെപ്റ്റംബർ 22-നാണ് ഹരിയാന പോലീസിൽ നിന്നും സിബിഐ കേസ് ഏറ്റെടുത്തത്. പ്രായപൂർത്തിയാകാത്തതിനാൽ, അറസ്റ്റിലായ പ്ലസ് വണ്‍ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റീസ് ബോർഡിന് മുന്നിൽ ഹാജരാക്കും.

കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനാണ് റയാന്‍ സ്‌കൂളിലെ ശുചിമുറിയില്‍ പ്രദ്യുമന്‍ ഠാക്കൂര്‍ എന്ന ഏഴ് വയസുകാരനെ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. രാജ്യത്തെ നടുക്കിയ സംഭവത്തിൽ ഹരിയാന പോലീസാണ് ആദ്യം അന്വേഷണം നടത്തിയത്. പിന്നാലെ, സംഭവത്തിന് പിന്നിലെ പ്രതിയെന്ന് ആരോപിച്ച് പോലീസ് സ്കൂൾ ബസിലെ ജീവനക്കാരൻ അശോക് കുമാറിനെ അറസ്റ്റ് ചെയ്തു. എന്നാൽ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്, മരിച്ച കുട്ടിയുടെ മാതാപിതാക്കൾ സർക്കാരിനെ സമീപിക്കുകയായിരുന്നു. പിന്നീടാണ് കേസ് സിബിഐ ഏറ്റെടുത്തത്. 



Share this News Now:
  • Google+
Like(s): 54