07 November, 2017 09:06:25 PM


കേരളം അടുത്ത ജനുവരിയോടെ അഗതിരഹിത സംസ്ഥാനമായി മാറും - മന്ത്രി ജലീല്‍




കോട്ടയം: കേരളം അടുത്ത ജനുവരിയോടെ അഗതിരഹിത സംസ്ഥാനമായി മാറുകയാണെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍‌ പറഞ്ഞു. കുടുംബശ്രീ നടത്തുന്ന സര്‍വ്വേയിലൂടെ നിരാലംബരായ മുഴുവന്‍ കുടുംബങ്ങളേയും സര്‍ക്കാര്‍ ദത്തെടുക്കുന്ന പദ്ധതിയ്ക്ക് ബജറ്റില്‍ തുക വകയിരുത്തി. ഓരോ കുടുംബത്തിലെയും പ്രാഥമികസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് മൊത്തം ചെലവിന്‍റെ നാല്‍പത് ശതമാനം സര്‍ക്കാര്‍ കുടുംബശ്രീയ്ക്ക് നല്‍കും. ബാക്കി അറുപത് ശതമാനംത്രിതല പഞ്ചായത്തുകള്‍ ചെലവഴിക്കുമെന്നും മന്ത്രി പറഞ്ഞു.

അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയരാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണവും പുനരധിവാസവും നല്‍കുന്നതിനായി കുടുംബശ്രീ മിഷന്‍  ഏറ്റുമാനൂരില്‍ ആരംഭിക്കുന്ന 'സ്നേഹിത' സഹായ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം  നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കെ.സുരേഷ്കുറുപ്പ് എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു.  എല്ലാ ജില്ലകളിലും സഹായകേന്ദ്രത്തിന്‍റെ കീഴില്‍ മുഴുവന്‍സമയ അഭിഭാഷകയുടെ സേവനം ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. അഭിഭാഷികമാരുടെ സൗജന്യസേവനം വൈകാതെ ബ്ലോക്ക് പഞ്ചായത്ത് - നഗരസഭാ തലങ്ങളിലേയ്ക്കും വ്യാപിപ്പിക്കുമെന്ന് ജലീല്‍ അറിയിച്ചു.

കുടുംബശ്രീയ്ക്ക് മാത്രമായി ഓരോ തദ്ദേശസ്ഥാപനങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുടങ്ങും. സുരക്ഷിതമായി നല്ല ശമ്പളത്തില്‍ ജോലി ചെയ്യാവുന്ന രീതിയില്‍ സ്ത്രീകള്‍ക്കായി ക്ലീനിംഗ് കമ്പനി എന്ന ആശയം ഉടലെടുത്തിട്ടുണ്ട്. ഹോം നഴ്സുമാരെ ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും രക്ഷപെടുത്താനുള്ള പദ്ധതിയും പരിഗണനയിലാണ്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓരോ ജില്ലയിലും പ്രീ മാര്യേജ് കൗണ്‍സിലിംഗ് സെന്‍ററുകള്‍ തുടങ്ങും. ഒരു വീട്ടില്‍ നിന്നും ഒരാള്‍ക്ക് മാത്രമാണ് നിലവില്‍ കുടുംബശ്രീയില്‍ അംഗത്വം ലഭിക്കുന്നത്. എന്നാല്‍ വിദ്യാസമ്പന്നയായ ഒരാള്‍ക്ക് കൂടി കുടുംബശ്രീയില്‍ അംഗത്വം നല്‍കുന്നതിന് തീരുമാനമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.  സ്ത്രീകളിലെ സ്തനാർബുദത്തിനെതിരെയുള്ള ബോധവത്കരണ പരിപാടിയായ സഖിയുടെ ലോഗോ പ്രകാശനവും മന്ത്രി കെ.ടി.ജലീല്‍ നിര്‍വ്വഹിച്ചു. 



Share this News Now:
  • Google+
Like(s): 35