06 November, 2017 11:08:42 PM


പഠന വൈകല്യത്തോടൊപ്പം അധ്യാപന വൈകല്യം ഒരു സാമൂഹ്യ പ്രശ്നമാകുമ്പോൾ
പഠന വൈകല്യമെന്ന പദപ്രയോഗത്തിൻമേൽ ഒട്ടേറെ ഗവേഷണങ്ങൾ നടന്ന ഒരു നാട്ടിലാണ് നാമിന്ന് ജീവിക്കുന്നത്. വിദ്യാർത്ഥികളിലെ പഠന വൈകല്യത്തെ പറ്റി സംസാരിക്കാത്ത അധ്യാപകരോ ആ വിഷയത്തിൽ ഗവേഷണം നടത്താത്ത സർവ്വകലാശാലകളോ ലോകത്തു കാണില്ല. പഠന വൈകല്യമെന്ന വിദ്യാഭ്യാസ പ്രശ്നത്തെ ശാസ്ത്രീയമായി തന്നെ മറികടക്കുന്നതിനുള്ള പരിശീലന പരിപാടികൾ ആസൂത്രണം ചെയ്യുന്ന വിദ്യാഭ്യാസ - ഡിപ്ലോമ, ബിരുദ, ബിരുദാനന്തര കലാലയങ്ങൾ നമ്മുടെ കേരളത്തിൽ തന്നെ മുന്നൂറിലധികമുണ്ട്. 

എന്നാൽ പഠന വൈകല്യത്തോടൊപ്പം അധ്യാപന വൈകല്യവും ഒരു സാമൂഹ്യ വിപത്തു തന്നെയാകുന്ന കാലഘട്ടത്തിനു സാക്ഷികളാണ് ഇവിടുത്തെ പൊതു സമൂഹം. പാമ്പാടിയിലെ എഞ്ചിനിയറിംഗ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെയും അഞ്ചലിലെ ഒൻപതാം ക്ലാസ്സുകാരി ഗൌരി നേഘയുടേയും മരണമുയർത്തുന്ന ദുരൂഹത ഈ വിപത്തിന്‍റെ സാമൂഹിക മാനങ്ങളിലേയ്ക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. നേരത്തെ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയും ഇതിനോട് ചേർത്തു വായിക്കപ്പെടേണ്ടതാണ്. ചുരുക്കി പറഞ്ഞാൽ അധ്യാപനവൈകല്യത്തിന്‍റെ ഇരകളുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നു. ഇരയേയും വേട്ടക്കാരനേയും പരസ്പരം വേർതിരിക്കാനാകാത്ത വിധം സങ്കീർണ്ണമായ ഒരു നിയമ പ്രശ്നം തന്നെയായി ഇതു മാറുമ്പോൾ, മാറിയ കാലഘട്ടത്തിന്‍റെ വാഹകരാകാൻ ഇരുപക്ഷവും (അധ്യാപക-വിദ്യാർത്ഥി ) വ്യഗ്രതപ്പെടുന്നതും ഇന്നിന്‍റെ പ്രത്യേകതയായി മാറിയിരിക്കുന്നു.

അധ്യാപനവൈകല്യത്തിന്‍റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് ചുരുക്കം ചില അധ്യാപകരെയെങ്കിലും ബാധിച്ചിരിക്കുന്ന നിസ്സംഗത. "അവിടെയെന്തെങ്കിലും നടക്കട്ടെ; ഞാനെന്തിന് അതിൽ തലയിട്ട് പൊല്ലാപ്പിലേറണം" എന്നു ചിന്തിക്കുന്ന അധ്യാപകരുടെയെണ്ണം കൂടി വരുന്നു. വിദ്യാർത്ഥിയുടെ പ്രശ്നങ്ങളിലിടപെടാൻ മടി കാണിക്കുന്ന, വിദ്യാർത്ഥികളിലെ മൊബൈലുപയോഗം കണ്ടില്ലെന്നു നടിക്കുന്ന, കോപ്പിയടി കണ്ടിട്ടും പ്രശ്നമാകേണ്ടെന്നു കരുതി കണ്ടില്ലെന്നു നടിക്കുന്ന ഈ നിസ്സംഗത ഇന്ന് അധ്യാപക സമൂഹം നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്. വിദ്യാർത്ഥികളുടെ മാനസിക-മാനുഷിക പ്രശ്നങ്ങളിൽ ഉത്തരവാദിത്വബോധത്തോടെയിടപെടേണ്ട അധ്യാപക സമൂഹം; നിസ്സംഗതയുടെ പേരിൽ ഈ ദൗത്യത്തിൽ നിന്നു പിൻവലിഞ്ഞാലുള്ള ബാധ്യത ക്രിയാത്മകമായേറ്റെടുക്കാൻ സമൂഹത്തിലളില്ലെന്ന യാഥാർത്ഥ്യം മനസ്സില്ലാക്കാതെ പോകരുത്. പ്രശ്നങ്ങളിലിടപെടുമ്പോൾ ഉണ്ടാകാനിടയുള്ള സമ്മർദ്ദങ്ങളെ നിരൂപിക്കുന്നതിനപ്പുറത്ത് പ്രശ്ന പരിഹാരത്തിനുള്ള സാധ്യതകളിലേക്കടുക്കാൻ അധ്യാപക സമൂഹം കൂടുതൽ ഉത്തരവാദിത്വബോധം കാണിക്കണമെന്നതു തന്നെയാണ് സമൂഹതാൽപ്പര്യം.

കപട സദാചാരബോധം, ഈ കാലഘട്ടത്തിലും ചുരുക്കം ചില സ്റ്റാഫ് മുറികളെയെങ്കിലും ബാധിച്ചിരിക്കുന്ന അധ്യാപനവൈകല്യമായി അധ:പതിച്ചിരിക്കുന്നു. കുട്ടികൾ തമ്മിലുള്ള നല്ല സുഹൃത്ബന്ധങ്ങൾ പോലും ഈ കപട സദാചാര ബോധത്തിന്‍റെ മേമ്പൊടിയോടെ കഥയും തിരക്കഥയുമെഴുതി ആത്മസംതൃപ്തിയടയുന്ന അധ്യാപകർ സമൂഹത്തെ തെറ്റായ ദിശയിലേക്കു നയിക്കുമെന്ന് തീർച്ച. സുതാര്യമായ നല്ല ബന്ധങ്ങളെപ്പോലും അവിശുദ്ധ കൂട്ടുകെട്ടെന്നു വരുത്തി തീർക്കുന്നതിൽ പ്രാവിണ്യമുള്ള ചുരുക്കമെങ്കിലും ചില പാരമ്പര്യ സദാചാരവാദികൾ അധ്യാപകർക്കിടയിലുണ്ടെന്ന യാഥാർത്ഥ്യം നാം വിസ്മരിച്ചു കൂടാ.

ഉയർന്ന ജാതീയബോധം വെച്ചു പുലർത്തുന്ന അധ്യാപന രീതിയും അധ്യാപനവൈകല്യത്തിന്‍റെ പുതു രീതി തന്നെ. ജാതിയുടെയും നിറത്തിന്‍റെയും വംശത്തിന്‍റെയും കുലമഹിമയുടേയും പേരിൽ ചുവപ്പു മഷിയിട്ടു വർഗ്ഗീകരിക്കുന്ന വിദ്യാഭ്യാസ ഭരണ സമ്പ്രദായങ്ങൾക്കൊപ്പം, അതേ വർഗ്ഗീകരണം മനസ്സിൽ പേറുന്ന അധ്യാപകർ നാടിനു ശാപം തന്നെ. തുല്യനീതിയും സമത്വവും ക്ലാസ്സ് മുറികളുടെ പഠനാന്തരീക്ഷത്തിൽ സായത്തമാക്കേണ്ട വിദ്യാർത്ഥി തലമുറ; വിരോധാഭാസം പേറുന്ന അധ്യാപകരിൽ നിന്ന് സായത്തമാക്കുന്ന ശീലങ്ങൾ സമൂഹത്തിന് ബാധ്യതയാകുമെന്നത് നിസ്തർക്കമായ വസ്തുത തന്നെയാണ്.

വിദ്യാർത്ഥികളോടുള്ള സമീപനവും അധ്യാപനവൈകല്യത്തിന്‍റെ സ്വാഭാവികമായ പരിഛേദം തന്നെയാകുന്നതും ഇന്നിന്‍റെ പതിവുകാഴ്ചകളിലൊന്നു തന്നെയാണ്. രാജ്യവ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്നു കൊണ്ടിരിക്കുന്ന മി ടൂ (Me Too) കാമ്പയിനിലുള്ള ഏറ്റുപറച്ചിലുകളിലും തുറന്നു പറച്ചിലുകളിലും ചെറു ന്യൂനപക്ഷം വരുന്ന അധ്യാപകരും പ്രതിക്കൂട്ടിലുണ്ടെന്നത് ഈ സമീപനത്തിലെ മാറ്റത്തെ തുറന്നു കാണിക്കുന്നുണ്ട്.

യാഥാർത്ഥ്യമുൾക്കൊള്ളുന്ന സ്വത്വബോധമുള്ള അധ്യാപകരെയാണ് സമൂഹം ആഗ്രഹിക്കുന്നതും വിദ്യാർത്ഥികൾ പ്രതീക്ഷിക്കുന്നതുമെന്ന യാഥാർത്ഥ്യം അധ്യാപകർ മനസ്സിലാക്കുകയെന്നതു തന്നെയാണ് ഇക്കാര്യത്തിലെ ഏക പ്രതിവിധി. അതിന് വിദ്യാർത്ഥികളിലേയ്ക്കും അവരുടെ പ്രശ്നങ്ങളിലേയ്ക്കും അതിലൂടെ സമൂഹത്തിലേക്കുമിറങ്ങി ചെല്ലാനവർക്കാകണം. വിദ്യാഭ്യാസമെന്നത് ഒരു മൂല്യവർദ്ധിത ഉപഭോഗവസ്തുവാണെന്ന വിദ്യാർത്ഥിയുടേയും മാതാപിതാക്കളുടെയും ഗുണഭോക്തൃനയം മനസ്സിലാക്കി, അതിനനുസൃതമായ അധ്യാപന രീതികൾ ക്രിയാത്മകമായി പരീക്ഷിക്കാനും അതിൽ വിജയം വരിക്കാനുമുള്ള വൈഭവം ഉണ്ടാക്കിയെടുക്കുകയെന്നത് വെല്ലുവിളിയെങ്കിലും വീരോചിതം തന്നെയാണ്.

വ്യവസ്ഥാപിതവും പാരമ്പര്യ രീതിയിൽ നിന്നും മാറിയുള്ളതുമായ വ്യത്യസ്തവും വ്യതിരിക്തവുമായ  അധ്യാപന രീതിയിലേയ്ക്കുള്ള മാറ്റത്തിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഈ മാറ്റത്തിൽ കാലൂന്നി വിമർശനാത്മക ബോധന ശാസ്ത്രത്തിന്‍റെ പശ്ചാത്തലത്തിൽ ക്രിയാത്മകമായ ബോധന രീതിയുടെ അകമ്പടിയോടെ വിഷയങ്ങളവതരിപ്പിക്കാനുള്ള കഴിവ് ആർജ്ജിച്ചെടുക്കാനും അങ്ങിനെ തുല്യനീതിയിലും സമത്വത്തിലും അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായം രൂപപ്പെടുത്തുന്നതിനും അവർ മുൻകയ്യെടുക്കേണ്ടിയിരിക്കുന്നു. അങ്ങിനെ ചെറു ന്യൂനപക്ഷം അധ്യാപകരെ മാത്രം ബാധിച്ചിരിക്കുന്ന ഈ അധ്യാപനവൈകല്യം സാമാന്യവൽക്കരിക്കാതെ നൻമയുടെ വാഹകരായ ബഹുഭൂരിപക്ഷം വരുന്ന അധ്യാപക സമൂഹത്തിന്‍റെ നൈസർഗികമായ പ്രവർത്തനക്ഷമത സാമാന്യവൽക്കരിക്കപ്പെടാനുള്ള ബാധ്യത നമുക്കേറ്റെടുക്കാം.ഡോ. ഡെയ്സൻ പാണേങ്ങാടൻ (അസി. പ്രഫസർ, സെന്‍റ് തോമസ് കോളേജ്, തൃശ്ശൂർ)
Share this News Now:
  • Google+
Like(s): 905