06 November, 2017 01:08:57 PM


തോമസ് ചാണ്ടിയുടെ ചട്ടലംഘനങ്ങള്‍ തുറന്നുകാട്ടി കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട്



ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിലെ നിയമലംഘനങ്ങളെ കുറിച്ച് ആലപ്പുഴ ജില്ലാ കളക്ടറുടെ അന്തിമ റിപ്പോര്‍ട്ട് പുറത്തായി. റിസോര്‍ട്ടിലെ നിര്‍മാണങ്ങളില്‍ ഗുരുതര ചട്ടലംഘനം നടന്നതായാണ് കളക്ടർ ടി.വി. അനുപമയുടെ റിപ്പോര്‍ട്ടിലുള്ളത്. 

നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണം നിയമങ്ങള്‍ അട്ടിമറിച്ചാണ് റിസോർട്ടിൽ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. 2003ന് ശേഷം റിസോര്‍ട്ട് ഭൂമിയുടെ രൂപത്തില്‍ മാറ്റംവന്നതായും റിപ്പോര്‍ട്ട് പറയുന്നു. വലിയകുളം മുതല്‍ സീറോ ജെട്ടി വരെയുള്ള റോഡ് നിര്‍മ്മാണം. പാര്‍ക്കിംഗ്, ബണ്ടിന്‍റെ വീതി കൂട്ടൽ എന്നിവയിൽ ഗുരുതര ചട്ടലംഘനങ്ങളുണ്ടായതായും കളക്ടർ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നിലംനികത്തലിനെതിരേ മുൻ കളക്ടർ എൻ. പത്മകുമാർ നടപടിയെടുക്കണമായിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. 

അതേസമയം, ഭൂമി കൈയേറ്റ വിവാദത്തില്‍പ്പെട്ട തോമസ് ചാണ്ടിയുടെ രാഷ്ട്രീയ ഭാവി ഇന്നു ചേരുന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ നിര്‍ണായകമാകും. തോമസ് ചാണ്ടി വിഷയത്തില്‍ സിപിഎം സെക്രട്ടേറിയറ്റിന്‍റെ നിലപാട് ഉറ്റുനോക്കുകയാണ് സിപിഐ അടക്കമുള്ള എല്‍ഡിഎഫിലെ മറ്റു ഘടക കക്ഷികള്‍. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിന് അനുസരിച്ചാകും മുഖ്യമന്ത്രിയും എല്‍ഡിഎഫും തീരുമാനം കൈക്കൊള്ളുക. 



Share this News Now:
  • Google+
Like(s): 45