06 November, 2017 01:00:30 PM


വിവാദ കാര്‍ട്ടൂണ്‍ വരച്ച ജി. ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു



ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി, ജില്ലാ കളക്ടര്‍, പോലീസ് കമ്മീഷണര്‍ എന്നിവരെ കളിയാക്കി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്‍റെ പേരില്‍ അറസ്റ്റിലായ കാര്‍ട്ടൂണിസ്റ്റ് ജി. ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. തിരുനെല്‍വേലി മജിസ്‌ട്രേറ്റ് കോടതിയാണ് തിങ്കളാഴ്ച രാവിലെ ബാലയ്ക്ക് ജാമ്യം അനുവദിച്ചത്. കൊള്ളപ്പലിശക്കാരുടെ ഭീഷണി മൂലം ദമ്പതിമാരും രണ്ടു കുട്ടികളും തിരുനെല്‍വേലി കളക്ടറേറ്റ് വളപ്പില്‍ ഒക്ടോബര്‍ 23നു ജീവനൊടുക്കിയ സംഭവം ആസ്പദമാക്കി ബാല വരച്ച കാര്‍ട്ടൂണാണു വിവാദമായത്. 

അപകീര്‍ത്തിപ്പെടുത്തുന്നതും അശ്ലീലം കലര്‍ന്നതുമായ കലാസൃഷ്ടി പ്രസിദ്ധീകരിച്ചു എന്നാരോപിച്ച് ഐടി ആക്ട് പ്രകാരമാണ് ബാലയെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്. തീപ്പൊള്ളലേറ്റ് ഒരു കുഞ്ഞ് നിലത്തു കിടക്കുമ്പോള്‍ നോട്ടുകെട്ടുകള്‍കൊണ്ട് നാണം മറയ്ക്കുന്ന മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയെയും കളക്ടറെയും പോലീസ് ഓഫീസറെയുമാണു ബാല കാര്‍ട്ടൂണില്‍ ചിത്രീകരിച്ചത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കാര്‍ട്ടൂണിനു വിവിധ വാട്‌സ് ആപ് ഗ്രൂപ്പുകളിലൂടെയും വന്‍ പ്രചാരം ലഭിച്ചിരുന്നു. 



Share this News Now:
  • Google+
Like(s): 50